ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വന്യമൃഗശല്യം രൂക്ഷം; ജനവാസകേന്ദ്രങ്ങളിലിറങ്ങി കാട്ടുപോത്ത്
അടിമാലി: ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വന്യമൃഗശല്യം രൂക്ഷമാകുന്നു. കാട്ടനയും കാട്ടുപോത്തും കാരണം ഇവിടെ ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുകയാണ്. കൃഷി നശിപ്പിക്കുന്നതിന് പുറമെ ജനങ്ങളെ ആക്രമിക്കുന്നതും തുടര്‍ക്കഥയാകുകയാണ്. കാഞ്ഞിര വേലിയില്‍ കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തില്‍ കാട്ടുപോത്തിന്‍ കൂട്ടമിറങ്ങി. രണ്ട് പേര്‍ തലനാരിഴക്കാണ് കാട്ടുപോത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടത്.
ആദ്യമായാണ് കാഞ്ഞിരവേലിയില്‍ കാട്ടുപോത്ത് എത്തുന്നത് എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഇഞ്ചത്തൊട്ടിയിലും ഇരുമ്പുപാലം, പടിക്കപ്പ്, പ്ലാക്കയം തുടങ്ങിയ ജനവാസ മേഖലയിലും കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മാങ്കുളം, മൂന്നാര്‍, മറയൂര്‍, വട്ടവട, കാന്തല്ലൂര്‍ പഞ്ചായത്തുകളിലും കാട്ടുപോത്തിന്റെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഇതോടൊപ്പം കാട്ടുപന്നികള്‍ കൃഷിക്ക് വലിയ നാശമാണ് വരുത്തുന്നത്.

ചിന്നക്കനാല്‍, ശാന്തന്‍പാറ, മാങ്കുളം, മൂന്നാര്‍, ദേവികുളം, അടിമാലി പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളില്‍ കാട്ടാനയാണ് ഭീഷണി സൃഷ്ടിക്കുന്നത്. വലിയ ഭീഷണിയാണ്. ഒരാഴ്ചക്കിടെ നാല് വീടുകളാണ് ഇവിടെ കാട്ടാനക്കൂട്ടം തകര്‍ത്തത്. പടയപ്പ, ചക്കക്കൊമ്പന്‍, മുറിവാലന്‍ തുടങ്ങിയ ഒറ്റയാനകളും കാട്ടനക്കൂട്ടങ്ങളും ജനവാസ കേന്ദ്രങ്ങളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് സ്ഥിരം സംഭവമായിരിക്കുകയാണ്.
അതേസമയം വിളനാശത്തില്‍ തങ്ങള്‍ക്ക് ഒരു നഷ്ടപരിഹാരവും ലഭിക്കുന്നില്ല എന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉരുക്കുവടം, ഇലട്രിക് ഫെന്‍സിങ്, കിടങ്ങ് എന്നിവക്കായി കോടികള്‍ ചെലവഴിച്ച് പാഴാക്കി എന്നല്ലാതെ പദ്ധതി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications