കട്ടപ്പന ഇരട്ടക്കൊലപാതകം; വീടിന്റെ തറ തുരന്നപ്പോള്‍ ഇരുത്തിയ നിലയില്‍ മൃതദേഹം..! നിര്‍ണായക വഴിത്തിരിവ്
കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് പൊലീസ് ഇന്ന് നടത്തിയ പരിശോധനയില്‍ ഒരു മൃതദേഹം കണ്ടെത്തി. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഇരുത്തിയ നിലയിലായിരുന്നു.
മറ്റൊരു പ്രതിയായ നിതീഷുമായുള്ള തെളിവെടുപ്പില്‍ വിജയനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ചുറ്റികയും കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെ ഫോറന്‍സിക് സര്‍ജന്‍ സ്ഥലത്തെത്തി തറ കുഴിച്ച് മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കട്ടപ്പനയിലെ വര്‍ക്ക് ഷോപ്പില്‍ മോഷണം നടന്നതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് ഇരട്ടക്കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയന്‍, നിതീഷ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. ഇതുമായി ബന്ധപ്പെട്ട് കക്കാട്ടുകടയില്‍ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടില്‍ പൊലീസ് പരിശോധനക്കെത്തിയിരുന്നു. ഈ സമയം വിഷ്ണുവിന്റെ അമ്മയെയും സഹോദരിയെയും പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നത്.
വിഷ്ണുവിന്റെ വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥന്‍ സഹോദരിയോട് അച്ഛനെവിടെയെന്ന് ചോദിച്ചു. ഇതിന്, കൃത്യമായ ഉത്തരം ലഭിച്ചില്ല. തുടര്‍ന്ന് പ്രതികളെ ചോദ്യം ചെയ്തപ്പോഴും പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയത്. സംശയം തോന്നിയ പൊലീസ് രഹസ്യമായി ഇവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. ഇതോടെ വിജയനെ കഴിഞ്ഞ ഓണം മുതല്‍ കാണാതായിട്ടുണ്ട് എന്നും സംഭവത്തില്‍ എന്തോ ദുരൂഹതയുണ്ടെന്നും പൊലീസ് മനസിലാക്കി.
വിഷ്ണുവിനേയും നിതീഷിനേയും വീണ്ടും വിശദമായി ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിവായത്. വിഷ്ണുവിന്റെ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പൂജാരി കൂടിയായ നിതീഷ് ഇവര്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. 2016 ല്‍ വിഷ്ണുവിന്റെ സഹോദരിയുമായുള്ള ബന്ധത്തില്‍ നിതീഷിന് കുഞ്ഞ് പിറന്നിരുന്നു. ഈ കുഞ്ഞിനെ അഞ്ച് പേരും ചേര്‍ന്ന് കൊലപ്പെടുത്തി.
സാഗര ജംഗ്ഷനിലെ വീട്ടിലാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത് എന്നാണ് പൊലീസ് കരുതുന്നത്. ഈ വീട്ടിലേക്ക് പ്രതിയുമായി പോയി തെളിവെടുപ്പ് നടത്താനാണ് പൊലീസ് നീക്കം. 2023 ഓഗസ്റ്റിലാണ് കാഞ്ചിയാര്‍ കക്കാട്ടുകടയില്‍ വാടകവീട്ടില്‍ വെച്ച് വിജയനെ കൊലപ്പെടുത്തിയത്. രാത്രി വീട്ടിലെ ഹാളില്‍വെച്ച് വിജയനെ തള്ളി നിലത്തിട്ടശേഷം ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.
പിന്നീട് ഭാര്യ സുമയുടെയും മകന്‍ വിഷ്ണുവിന്റെയും സഹായത്തോടെ മുറിയുടെ തറ തുരന്ന് വിജയന്റെ മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു എന്ന് നിതീഷ് സമ്മതിച്ചിട്ടുണ്ട്. നവജാതശിശുവിനെ കൊന്ന കേസില്‍ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയനും വിഷ്ണുവും രണ്ടും മൂന്നും പ്രതികളുമാണ്. ദുരഭിമാനത്തിന്റെ പേരിലാണ് നിതീഷും വിഷ്ണുവും വിജയനും കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊന്നത്.












Click it and Unblock the Notifications