കൊക്കയാറില്‍ ദുരന്തമെത്തിയത് വിവാഹ വീട്ടില്‍, ഫൗസിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഉരുള്‍പ്പൊട്ടല്‍
തൊടുപുഴ: കൊക്കയാറിലെ മരണത്തില്‍ വിറങ്ങലിച്ച് നാട്ടുകാര്‍. ബന്ധുവീട്ടില്‍ വിവാഹത്തിന് എത്തിയ കുരുന്നുകള്‍ അടിച്ചുപൊളിച്ച് ആഘോഷം പങ്കുവെക്കുന്നതിനിടെ അവരെ തേടി ഉരുള്‍പ്പൊട്ടലിന്റെ രൂപത്തില്‍ മരണമെത്തിയത്. ഒരു കുടുംബത്തിലെ അഞ്ച് പേര്‍ അടക്കം ആറ് പേരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെത്തുമ്പോള്‍ പലര്‍ക്കും ആ കാഴ്ച്ച സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മൃതദേഹങ്ങള്‍ തൊട്ടിലില്‍ ഉറങ്ങുന്ന നിലയിലും കെട്ടിപ്പിടിച്ചും കിടക്കുന്ന നിലയിലാണ് ഉള്ളത്. ഇതെല്ലാം കുട്ടികളുടെ മൃതദേഹങ്ങളായിരുന്നു. ഭാര്യയെയും രണ്ട് മക്കളെയും ഒപ്പം ബന്ധുക്കളെയും അടക്കം അഞ്ച് പേരെയാണ് സിയാദിന് നഷ്ടമായത്.

സിയാദിന്റെ വേദന എല്ലാത്തിനും മുകളിലായിരുന്നു. അതേസമയം ദുരന്തത്തിന് മുമ്പ് കൊല്ലപ്പെട്ട ഫൗസിയ പങ്കുവെച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സിയാദിന്റെ ഭാര്യയാണ് ഫൗസിയ, ദുരന്തത്തിന് മുമ്പ് മലവെള്ളം കലിതുള്ളി കുത്തിയൊലിച്ച് വരുന്നതിന്റെ ദൃശ്യങ്ങള്‍ ഫൗസിയ ബന്ധുവിന് അയച്ച് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മലവെള്ളം ഫൗസിയയുടെ രണ്ട് മക്കളുടെയും ജീവനെടുത്തത്. ഈ വീഡിയോയില്‍ മലവെള്ളം കുത്തിയൊലിച്ച് വരുന്നത് കാണാം. ഇവരുടെ വീടിന്റെ മുറ്റത്തെല്ലാം വെള്ളം നിറഞ്ഞിരിക്കുകയായിരുന്നു. ഉരുള്‍പ്പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരും ഈ വീഡിയോയില്‍ ഉണ്ട്. ഇത് കഴിഞ്ഞ് മിനുട്ടുകള്‍ക്കുള്ളിലാണ് ഇവരെല്ലാം മണ്ണിനടിയിലായത്.
കൊല്ലപ്പെട്ടവരില്‍ നാലുപേരും കുട്ടികളാണ്. മണിമലയാറ്റില്‍ നിന്നാണ് മരിച്ച ഷാജി ചിറയിലിന്റെ മൃതദേഹം കണ്ടെത്തിയത്. ഇടുക്കി ജില്ലയില്‍ തന്നെ 24 മണിക്കൂറിനിടയില്‍ മരിച്ചത് ഒമ്പത് പേരാണ്. കാണാതായ സച്ചു ഷാഹുലിനായി തിരച്ചില്‍ തുടരുന്നുണ്ട്. ഏഴുവയസ്സുകാരനെ ഉരുള്‍പ്പൊട്ടലിലാണ് കാണാതായത്. പാറയും വെള്ളവും ഒലിച്ചെത്തി ഏഴ് വീടുകളാണ് കൊക്കയാറില്‍ തകര്‍ത്തത്. മണ്ണില്‍ പുതഞ്ഞവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുമ്പോള്‍ സിയാദും ഒരുവശത്തുണ്ടായിരുന്നു. മക്കള്‍ എടുത്ത വീഡിയോ കാണുമ്പോഴും അവര്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു സിയാദ്. എന്നാല്‍ എല്ലാ സ്വപ്‌നവും തകര്‍ന്നുപോവുകയായിരുന്നു.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവയെല്ലാം ഒരേസ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. കുട്ടികളുടെ മൃതദേഹം ഓരോന്നായി മാറ്റുമ്പോഴായിരുന്നു രണ്ട് കുട്ടികളും പരസ്പര കെട്ടിപ്പിച്ച നിലയിലും ഒരാള്‍ തൊട്ടിലില്‍ കിടക്കുന്ന നിലയിലും ഉണ്ടായിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലേക്കാണ് ഇവരുടെ മൃതദേഹം മാറ്റിയത്. ഷാജി നേരത്തെ മകനെ രക്ഷിക്കാന്‍ ശമിച്ചിരുന്നു. അതില്‍ വിജയിച്ചെങ്കില്‍ ഷാജിക്ക് രക്ഷപ്പെടാനായില്ല. ഒഴുക്കില്‍പ്പെട്ട് കാണാതായ ആന്‍സി സാബുവിനായി തിരച്ചില്‍ തുടരുന്നുണ്ട്. അതേസമയം ഫൗസിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications