ഇടുക്കിയില്‍ ഇരട്ടവോട്ട്; തൊഴിലാളികള്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ട്; നടപടിയുമായി റവന്യൂ വകുപ്പ്
ഇടുക്കി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടുക്കിയിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇരട്ട വോട്ടുള്ളവര്‍ ഉണ്ടെന്ന് പരാതി. ഇടുക്കി ഉടുമ്പന്‍ചോലയിലെ രണ്ട് വാര്‍ഡുകളില്‍ മാത്രമായി 174 ഇരട്ട വോട്ടുകളുണ്ട് എന്നാണ് ഉയരുന്ന ആരോപണം. ഇതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇരട്ട വോട്ടുള്ളരോട് ഏപ്രില്‍ ഒന്നിന് ഹിയറിംഗിന് ഹാജരാകണം എന്ന് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി പ്രാദേശിക നേതൃത്വം നല്‍കിയ പരാതിയിലാണ് ഉടുമ്പന്‍ചോലയില്‍ ഇരട്ട വോട്ടുണ്ടെന്ന് കണ്ടെത്തിയത്. ഉടുമ്പന്‍ചോല പഞ്ചായത്തിലെ ആറ്, പന്ത്രണ്ട് വാര്‍ഡുകളില്‍ നടത്തിയ പരിശോധനയിലാണ് ഇത് വെളിവായത്. 174 പേര്‍ക്ക് റവന്യു വകുപ്പ് ഹിയറിംഗിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരിക്കുകയാണ്. സംശയനിവാരണം നടത്തുന്നതിന് വേണ്ടിയാണ് ഹിയറിംഗ്.

ഉടുമ്പന്‍ചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികള്‍ക്ക് കേരളത്തിലും തമിഴ്‌നാട്ടിലും വോട്ട് ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇടുക്കിയിലെയും തമിഴ്‌നാട് തേനി ജില്ലയിലെയും വോട്ടെഴ്‌സ് ലിസ്റ്റ് കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം ഉടുമ്പന്‍ചോല പഞ്ചായത്തില്‍ ഇരട്ട വോട്ട് കണ്ടെത്തിയത് അതീവ ഗുരുതരമാണ് എന്ന് സിറ്റിംഗ് എം പിയും യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
സി പി എം ആസൂത്രിതമായി ചെയ്ത കാര്യമാണിത് എന്നും ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കാന്‍ മുന്‍പും സി പി എം. ഇത്തരത്തില്‍ ശ്രമം നടത്തിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ഇരട്ട വോട്ട് വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടിയന്തരമായി ഇടപ്പെടണമെന്നും ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളില്‍ വോട്ട് ഉള്ളവര്‍ക്ക് ഇവിടെയും വോട്ട് ഉണ്ടോ എന്ന കാര്യവും പരിശോധിക്കണം.
ഇത്തരം പ്രവൃത്തികള്‍ ജനാധിപത്യത്തിന് തന്നെ കളങ്കമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ തന്നെ മറ്റ് നടപടികള്‍ തീരുമാനിക്കും എന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.ഉടുമ്പന്‍ചോലയില്‍ ഇടതുമുന്നണിക്ക് വോട്ട് കൂടാന്‍ കാരണം ഇരട്ട വോട്ടുകളാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ഇടുക്കിയിലെ മറ്റു തോട്ടം തൊഴിലാളി മേഖലകളിലും ഇരട്ട വോട്ടുകള്‍ വ്യാപകമാണെന്നും ഇത് കണ്ടെത്താന്‍ അടിയന്തര നടപടി ഉണ്ടാകണമെന്നും ബി ജെ പി പറഞ്ഞു.












Click it and Unblock the Notifications