ധീരജ് വധം: യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കസ്റ്റഡിയില്‍, പിടിച്ചത് ബസ് യാത്രയ്ക്കിടെ
ഇടുക്കി: എന്‍ജിനിയറിങ് വിദ്യാര്‍ഥിയും എസ്എഫ്‌ഐ പ്രവര്‍ത്തകനുമായ ധീരജിയെ കുത്തിക്കൊന്ന കേസില്‍ പോലീസ് തിരയുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി പിടിയില്‍. ധീരജിനെ കുത്തിയത് നിഖില്‍ പൈലിയാണ് എന്ന് പോലീസ് പറയുന്നു. നേരത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകരും സിപിഎം നേതാക്കളും ദൃക്‌സാക്ഷികളും ഇതേ കാര്യം ആവര്‍ത്തിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് നിഖില്‍ പൈലി. കുത്തിയ ശേഷം ഇയാള്‍ കടന്നുകളഞ്ഞു എന്നാണ് പോലീസ് പറഞ്ഞിരുന്നത്. ബസ് യാത്രയ്ക്കിടെയാണ് കസ്റ്റഡിയിലെടുത്തത്.
ക്യാമ്പസിന് പുറത്തുവച്ചാണ് ധീരജിനെ കുത്തിയത്. മറ്റ് രണ്ട് വിദ്യാര്‍ഥികള്‍ക്കും ആക്രമണത്തില്‍ പരിക്കുണ്ട്. മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് നിഖിലിനെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. ഈ വേളയിലാണ് സൂചന ലഭിച്ചത്. തിങ്കളാഴ്ച കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് സംഭവം നടന്നത്. തിരഞ്ഞെടുപ്പ് വിഷയത്തില്‍ ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് കൊല്ലപ്പെട്ട ധീരജ്. ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥിയാണ്. ഇടുക്കി മെഡിക്കല്‍ കോളജിലുള്ള മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

അതേസമയം, സംഭവത്തില്‍ മറ്റൊരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ ആണ് പിടിയിലായത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പിടിച്ചതെന്ന് പറയപ്പെടുന്നു. യൂത്ത് കോണ്‍ഗ്രസാണ് കൊലപാതകം നടത്തിയതെന്ന് ആരോപിച്ച എസ്എഫ്‌ഐ, നാളെ സംസ്ഥാന വ്യാപക പഠിപ്പ് മുടക്ക് സമരം നടത്താന്‍ തീരുമാനിച്ചു. അതേസമയം, ഇടുക്കിയിലെ കൊലപാതകത്തെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം നടന്നു. മഹാരാജാസില്‍ സംഘര്‍ഷത്തിലേക്ക് വഴി മാറി. ഏതാനും വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കകുകയും ചെയ്തു.
ഇടുക്കി ജില്ലാ പഞ്ചായത്തംഗം സത്യനാണ് കുത്തേറ്റവരെ ആശുപത്രിയിലെത്തിച്ചത്. നിഖില്‍ പൈലി ഓടിരക്ഷപ്പെടുന്നത് കണ്ടു എന്നാണ് സത്യന്‍ പറയുന്നത്. സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐയും സിപിഎമ്മും രംഗത്തുവന്നു. കലാലയങ്ങളില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംഘര്‍ഷം നടന്ന കോളജും ജില്ലാ പഞ്ചായത്ത് ഓഫീസും അടുത്താണ്. ഒരു മീറ്റിങിനെത്തിയപ്പോഴാണ് നിഖില്‍ പൈലി ഓടിപ്പോകുന്നത് സത്യന്‍ കണ്ടതത്രെ. എന്താണ് സംഭവമെന്ന് മനസിലായില്ല. കുട്ടികള്‍ വന്ന് സംഭവം പറഞ്ഞു. കുത്തേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ടു. ഉടനെ പരിക്കേറ്റവുമായി ആശുപത്രിയിലേക്ക് പോയി. വാഹനത്തിലേക്ക് മാറ്റുമ്പോള്‍ തന്നെ ധീരജിന് തുടിപ്പുണ്ടായിരുന്നില്ല. നെഞ്ചില്‍ കുത്തേറ്റുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. നിഖില്‍ പൈലി വിദ്യാര്‍ഥിയല്ലെന്നും സത്യന്‍ ഏഷ്യാനെറ്റിനോട് പറഞ്ഞു.












Click it and Unblock the Notifications