ഇടുക്കിയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ തൂങ്ങി മരിച്ച നിലയിൽ
കട്ടപ്പന: ഇടുക്കി നരിയമ്പറ്റയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ച നിലയില്‍. തൊടുപുഴ ജില്ലാ ജയിലില്‍ ആണ് പ്രതി മനു മനോജിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 24 വയസ്സായിരുന്നു. 17കാരിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടി കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.
പീഡിപ്പിക്കപ്പെട്ടതിന് പിന്നാലെ സ്വയം തീ കൊളുത്തിയ പെണ്‍കുട്ടി ഗുരുതരമായി പൊളളലേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ കഴിഞ്ഞ മാസം 31നാണ് മരണപ്പെട്ടത്. ഒക്ടോബര്‍ 23നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൂടിയായ മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. പെണ്‍കുട്ടി ആത്മഹത്യാ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ കീഴടങ്ങിയത്.

Recommended Video
നരിയാമ്പാറ സ്വദേശിയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനു മനോജ് ഓട്ടോറിക്ഷ ഡ്രൈവര്‍ കൂടിയാണ്. പെണ്‍കുട്ടിയുടെ അയല്‍വാസി ആയിരുന്ന ഇയാള്‍ അടുപ്പം നടിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം വിവാദമായതോടെ ഇയാളെ ഡിവൈഎഫ്ഐ സംഘടനയിൽ നിന്നും പുറത്താക്കിയിരുന്നു. ഒക്ടാബര്‍ 22നാണ് പെണ്‍കുട്ടി വീട്ടില്‍ ആരും ഇല്ലാതിരുന്ന നേരത്ത് കുളിമുറിയ്ല്‍ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് അയല്‍വാസികളാണ് പെണ്‍കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്.
65 ശതമാനത്തോളം പെണ്‍കുട്ടിക്ക് പൊള്ളലേറ്റിരുന്നു. മുഖത്തും കഴുത്തിലുമായിരുന്നു കൂടുതല്‍ പൊള്ളലേറ്റത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട പെൺകുട്ടി അവിടെ ചികിത്സയിലിരിക്കെയാണ് മരണം.












Click it and Unblock the Notifications