തൊടുപുഴ പീഡന കേസില്‍ വഴിത്തിരിവ്; പെണ്‍കുട്ടിയുടെ അമ്മ അറസ്റ്റില്‍, മുത്തശ്ശിയ്‌ക്കെതിരെയും കേസെടുത്തേക്കും
ഇടുക്കി: തൊടുപുഴ പീഡന കേസില്‍ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ചികിത്സയിലിരിക്കെ ആശുപത്രിയില്‍ വെച്ചാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പീഡനം നടന്നത് അമ്മയുടെ അറിവോടെയാണെന്ന് പൊലീസ് കണ്ടെത്തി. മുത്തശിക്ക് എതിരെയും കേസെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സംഭവത്തില്‍ അമ്മയ്ക്കും മുത്തശ്ശിക്കുമെതിരെ തിടുക്കപ്പെട്ട് കേസെടുക്കില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
തൊടുപുഴ സ്വദേശിയായ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത് അമ്മയുടെയും മുത്തശ്ശിയുടെയും ഒത്താശയോടെയാണെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കണ്ടെത്തിയിരുന്നു. ഇരുവര്‍ക്കുമെതിരെ കേസെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പെണ്‍കുട്ടിയില്‍ നിന്ന് വീണ്ടും പൊലീസ് മൊഴിയെടുക്കും. കേസിലെ മുഖ്യപ്രതിയും ഇടനിലക്കാരനുമായ ബേബിയേയും ചോദ്യം ചെയ്യും.

പെണ്‍കുട്ടിയെ വിട്ടുകൊടുത്തതിന് അമ്മ പണം കൈപറ്റിയെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് ബേബിയെ ചോദ്യം ചെയ്യുന്നത്. സെക്‌സ് റാക്കറ്റിന്റെ കണ്ണിയാണ് ബേബിയെന്നാണ് പൊലീസ് അനുമാനം. റിമാന്‍ഡില്‍ കഴിയുന്ന ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ഉടനെ നല്‍കും.
ഒന്നര വര്‍ഷത്തിനിടെ പതിനഞ്ചിലധികം പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴി. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയായിരുന്നു പീഡനവിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം ആദ്യം അമ്മ മറച്ചു വെച്ചതും വയറുവേദന കലശലായപ്പോഴാണ് ആശുപത്രിയില്‍ കാണിക്കാന്‍ പോലും തയ്യാറായത് എന്നതും അമ്മയിലേക്ക് സംശയം നീണ്ടു. മാത്രമല്ല പെണ്‍കുട്ടി പ്രായപൂര്‍ത്തിയായെന്നും അമ്മ ഡോക്ടറോട് കള്ളം പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ഡോക്ടര്‍ക്ക് സംശയം തോന്നിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. 2019 ല്‍ കുട്ടിയെ ബാലവേലയക്ക് വിട്ടതിന് അമ്മയ്‌ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് കുട്ടി ഇത് നിഷേധിച്ചതോടെ കേസെടുത്തില്ല. പിന്നീട് 2020 ല്‍ കുട്ടിയെ രാജാക്കാട് സ്വദേശിക്ക് കല്ല്യാണം കഴിച്ചു നല്‍കിയിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടതോടെ വെള്ളത്തൂവല്‍ പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെയാണ് കുട്ടിയുടെ സംരക്ഷണം മുത്തശ്ശിക്ക് നല്‍കിയത്. ഈ സാഹചര്യത്തിലാണ് ബേബി ഇവരെ സമീപിക്കുന്നതും പെണ്‍കുട്ടിയെ പലര്‍ക്കും കൈമാറിയതും. ബേബിയുടെ സുഹൃത്തായ തങ്കച്ചനാണ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നെ കോട്ടയത്തും എറണാകുളത്തുമൊക്കെ വച്ച് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications