കണ്ണൂരിലെ സി.പി.എമ്മിനെ തോല്‍പ്പിച്ചാല്‍ കേരളത്തില്‍ വിജയിക്കാം; ബിജെപി ജനറല്‍ സെക്രട്ടറി
കണ്ണൂര്‍ കേരളത്തിന്റെ രാഷ്ട്രീയ സിരാകേന്ദ്രമാണ്. ഇവിടെ നിന്ന് ജയിച്ച് തുടങ്ങിയാല്‍ കേരളം മുഴുവന്‍ കീഴടക്കാന്‍ സാധിക്കും.

കണ്ണൂര്‍: കണ്ണൂരിലെ സി.പി.എമ്മിനെ തോല്‍പ്പിച്ചാല്‍ കേരളത്തില്‍ വിജയം നേടാന്‍ കഴിയുമെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തില്‍ നടപ്പാക്കിയത് വിപ്ലവകരമായ മാറ്റങ്ങളാണെന്നും ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് കുമാര്‍ ഗൗതം. ബിജെപി കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ സമ്പൂര്‍ണ്ണ യോഗം കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ കേന്ദ്രസര്‍ക്കാര്‍ സാധാരണക്കാര്‍ക്കായി നീക്കിവെക്കുന്ന തുകയില്‍ കേവലം 15 ശതമാനം മാത്രമാണ് താഴെ തട്ടിലെത്തിയിരുന്നത്. എന്നാല്‍ ഇന്ന് ആ സ്ഥിതി മാറി. സാധാരണക്കാര്‍ക്കയി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചത് 24 ലക്ഷം കോടി രൂപയാണ്. ഇത് ഓരോ ആളുടെയും അക്കൗണ്ടുകളില്‍ നേരിട്ടെത്തുകയാണ്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള അഴിമതി രഹിതമായ ഭരണമാണ് നമ്മുടെ രാജ്യത്തുള്ളത്.
ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് നമ്മുടെ രാജ്യത്തുള്ളത്. കാശ്മീരില്‍ 370 -ാം വകുപ്പ് എടുത്ത് മാറ്റിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകുമെന്നാണ് പറഞ്ഞത്. എന്നാല്‍ ഒന്നും സംഭിച്ചില്ലെന്ന് മാത്രമല്ല ഇപ്പോള്‍ കശ്മരില്‍ സമാധാന അന്തരീക്ഷമാണുള്ളത്. രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കായി ജീവ്യാഗം ചെയ്ത ദീനദയാല്‍ ഉപാധ്യായയുടെ പിന്‍മുറക്കാരാണ് ഭാരതീയ ജനതാപാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍.
രാഷ്ട്രത്തിന്റെ അഖണ്ഡതയ്ക്കായി ദീനദയാല്‍ ഉപാധ്യായ ജീവത്യാഗം ചെയ്തപ്പോള്‍ നാടിനെ വെട്ടിമുറിക്കാന്‍ കൂട്ടു നിന്ന നെഹ്‌റു ഇന്ത്യയുടെ പ്രാനമന്ത്രിയായി. നമ്മുടെ നാട്ടില്‍ വൈദേശിക അക്രമത്തിന്റെ ശേഷിപ്പുകളായിരുന്നവയെല്ലാം തുടച്ച് നീക്കി നാമിന്ന് സ്വാഭിമാനത്തിന്റെ പാതയിലാണ്. കൊവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ അതിനെ സധൈര്യം നേരിട്ട് മുന്നോട്ട് പോകാന്‍ നമുക്ക് സാധിച്ചു.
80 കോടി ആളുകള്‍ക്കാണ് സൗജന്യമായി ഭക്ഷണം നല്‍കിയത്. മുന്ന് തരത്തിലുള്ള കൊറോണ വാക്‌സിന്‍ വികസിപ്പിച്ച് ഭാരതത്തിലെ എല്ലാ പൗരന്‍മാര്‍ക്കും സൗജന്യമായി നല്‍കാന്‍ മോദി സര്‍ക്കാരിന് സാധിച്ചു. അതോടൊപ്പം വിവിധ രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ചെയ്തു. റഷ്യ-ഉക്രൈന്‍ യുദ്ധസമയത്ത് താല്‍ക്കാലിക വെടിനിര്‍ത്തലിന് സാഹചര്യമൊരുക്കി വിദ്യാര്‍ത്ഥികളുള്‍പ്പടെയുള്ള ഭാരത പൗരന്‍മാരെ തിരികെയെത്തിക്കാന്‍ നമുക്ക് സാധിച്ചു.
കണ്ണൂര്‍ ജില്ല കേരളത്തിന്റെ രാഷ്ട്രീയ സിരാകേന്ദ്രമാണ്. ഇവിടെ നിരവധി നേതാക്കന്മാരുണ്ട്. കണ്ണൂരില്‍ നിന്ന് വിജയിച്ച് തുടങ്ങിയാല്‍ കേരളം മുഴുവന്‍ കീഴടക്കാന്‍ സാധിക്കും. സംഘടനയ്ക്ക് വേണ്ടി നിരവധി പ്രവര്‍ത്തകര്‍ ഇവിടെ ജീവത്യാഗം ചെയ്തിട്ടുണ്ട്. ഒരു എംഎല്‍എയോ എംപിയോ ഇല്ലാതെയും അധികാര കേന്ദ്രങ്ങളിലൊന്നും നിര്‍ണ്ണായകമായ സ്ഥാനമില്ലാതെയും വിശ്രമമില്ലാതെ സംഘടനാ പ്രവര്‍ത്തനം ചെയ്യുന്നവരാണ് കണ്ണൂര്‍ ജില്ലയിലെ പ്രവര്‍ത്തകര്‍.

കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ നിരവധിയായ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഓരോ പ്രവര്‍ത്തകനും സാധിക്കണം. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ കേരള രാഷ്ട്രീയത്തില്‍ സമൂലമായ മാറ്റം കൈവരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു.
ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേഷ്, ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, മേഖലാ അധ്യക്ഷന്‍ ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, മേഖലാ ജനറള്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി സ്വാഗതവും എം.ആര്‍. സുരേഷ് നന്ദിയും പറഞ്ഞു.












Click it and Unblock the Notifications