ബിജെപി യോഗത്തില്‍ 10 എംഎല്‍എമാര്‍ മിസ്സിങ്!! ആടിയുലഞ്ഞ് ത്രിപുര സര്‍ക്കാര്‍, ചാക്കിടാന്‍ തൃണമൂല്‍
അഗര്‍ത്തല: ത്രിപുര ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഐക്യവും ശക്തിയും വിളിച്ചോതി കേന്ദ്ര നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റാന്‍ മുഖ്യമന്ത്രി ബിപ്ലപ് കുമാര്‍ ദേബ് നടത്തിയ നീക്കം പാളി. മുഖ്യമന്ത്രി വിളിച്ച എംഎല്‍എമാരുടെ യോഗത്തില്‍ ബിജെപിയുടെ 10 അംഗങ്ങള്‍ പങ്കെടുത്തില്ല. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സുദീപ് റോയ് ബര്‍മന്‍, റാം പ്രസാദ് എന്നിവരുള്‍പ്പെടെയുള്ളവരാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഈ എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അഭ്യൂഹം.
ബിജെപിക്ക് 36 എംഎല്‍എമാരാണുള്ളത്. ഇതില്‍ 26 പേര്‍ മാത്രമേ പങ്കെടുത്തുള്ളൂ. പത്ത് പേര്‍ കാലുമാറിയാല്‍ സഖ്യകക്ഷിയുടെ പിന്തുണ ബിജെപിക്ക് നിര്‍ബന്ധമായി വരും. തര്‍ക്കം പരിഹരിക്കാന്‍ ഈ മാസം 15ന് ദേശീയ സംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷ് അഗര്‍ത്തലയില്‍ വന്നിരുന്നു. മന്ത്രിമാരുമായി അദ്ദേഹം ചര്‍ച്ച നടത്തി മടങ്ങിയതിന് പിന്നാലെയാണ് എംഎല്‍എമാരുടെ യോഗത്തില്‍ നിന്ന് 10 പേര്‍ വിട്ടുനിന്നത്.

സുദീപ് റോയ് ബര്‍മന്‍ അസമിലേക്കും പിന്നീട് ദില്ലിയിലേക്കും യാത്ര ചെയ്തതും ബിപ്ലപ് കുമാര്‍ ദേബില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ദില്ലിയില്‍ നിന്ന് 24 മണിക്കൂറിനിടെ അദ്ദേഹം ത്രിപുരയില്‍ തിരിച്ചെത്തുകയും ചെയ്തു. 2023ലാണ് ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. അതിന് മുന്നോടിയായി ബിജെപിയിലെ ഒരു വിഭാഗം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ത്രിപുരയില്‍ ബിജെപിയുടെ മണ്ണിളകുന്നതില്‍ കേന്ദ്ര നേതൃത്വവും ആശങ്കയിലാണ്.
അതേസമയം, ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക അക്രമം നടത്തുന്നു എന്ന് പരാതിയുണ്ട്. സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ടിരുന്നു. പിബി അംഗം മണിക് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഇനി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കാണാനിരിക്കുകയാണ് സിപിഎം നേതാക്കള്‍.












Click it and Unblock the Notifications