മഹാരാഷ്ട്രയിലെ ആശുപത്രിയില്‍ കൊവിഡ് വാർഡിൽ തീപിടുത്തം, 10 പേര്‍ മരിച്ചു, 10 പേരെ രക്ഷപ്പെടുത്തി
അഹമ്മദ് നഗര്‍: മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ ആശുപത്രിയില്‍ തീപിടുത്തം. അപകടത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. പത്ത് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായി ജില്ലാ കളക്ടര്‍ രാജേന്ദ്ര ഭോസലെ അറിയിച്ചു. അഹമ്മദ് നഗറിലെ ജില്ലാ ആശുപത്രിയില്‍ ആണ് തീപിടുത്തമുണ്ടായത്.
ആശുപത്രിയിലെ കൊവിഡ് വാര്‍ഡിലാണ് തീപിടുത്തമുണ്ടായത് എന്നാണ് വിവരം. തീപിടുത്തത്തില്‍ മരിച്ചവര്‍ എല്ലാവരും ഇവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന കൊവിഡ് രോഗികളാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. 25 രോഗികള്‍ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്നു. ഐസിയുവില്‍ ഉണ്ടായിരുന്ന ആറ് രോഗികള്‍ക്ക് തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റിച്ചുണ്ട്.

നാല് അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിയാണ് തീ അണച്ചത്. കൊവിഡ് വാര്‍ഡിലും ഐസിയുവിലേക്കും പടര്‍ന്ന തീ മറ്റ് വാര്‍ഡുകളിലേക്കും കടന്നിരുന്നു. തീ നിയന്ത്രണ വിധേയമാക്കിയതായി അഹമ്മദാബാദ് പോലീസ് കണ്‍ട്രോളിലെ ഓഫീസര്‍ അറിയിച്ചു. മുന്‍കരുതല്‍ എന്നോണം നിരവധി രോഗികളെ മറ്റ് വാര്‍ഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രി അധികൃതരും രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി.
ഐസിയു പൂര്‍ണമായും തീപിടുത്തത്തില്‍ കത്തി നശിച്ചിരിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാനാണ് സാധ്യത. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ജില്ലാ അധികൃതരും അടക്കമുളള സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. രാവിലെ 11 മണിയോടെയാണ് തീപിടുത്തം ആരംഭിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കി.
Recommended Video
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ എന്നിവർ മരണപ്പെട്ടവർക്ക് ആദരാജ്ഞലി അർപ്പിച്ചു. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്‌നാവിസ് അപകടത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. അഹമ്മദ് നഗറില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്നതും അസ്വസ്ഥപ്പെടുത്തുന്നതുമായ വാര്‍ത്ത ആണെന്ന് ദേവേന്ദ്ര ഫട്‌നാവിസ് ട്വീറ്റ് ചെയ്തു. നഗര്‍ സിവില്‍ ആശുപത്രി ഐസിയുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങളേയും അഗാധമായ ദുഖം അറിയിക്കുന്നു. അപകടത്തില്‍ പരിക്ക് പറ്റിയവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരിച്ച് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. സംഭവത്തെ കുറിച്ച് ആഴത്തിലുളള അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നും ദേവേന്ദ്ര ഫട്‌നാവിസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications