സിദ്ധരാമയ്യക്കും ഡികെയ്ക്കുമൊപ്പം 18 മന്ത്രിമാരും അധികാരമേല്‍ക്കും; കൂട്ടത്തില്‍ മലയാളികളും
ബെംഗളൂരു: പുതിയ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കെ പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറായിരിക്കും ഏക ഉപമുഖ്യമന്ത്രി. ഇരുവർക്കുമൊപ്പം മുതിർന്ന നേതാക്കളായ ജി പരമേശ്വര, എംബി പാട്ടീല്‍ തുടങ്ങി 18 മന്ത്രിമാരും നാളെ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തേക്കും. ജി പരമേശ്വര ഉള്‍പ്പടേയുള്ളവർ ഉപമുഖ്യമന്ത്രി സ്ഥാനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഡി കെ ശിവകുമാർ മാത്രമായിരിക്കും ഉപമുഖ്യമന്ത്രിയെന്നാണ് തീരുമാനത്തിലാണ് എ ഐ സി സി എത്തിയത്.
മുഖ്യമന്ത്രി പദവിക്കായി സിദ്ധരാമയ്യയും ഡികെ ശിവകുമാറും അവകാശവാദവുമായി രംഗത്ത് എത്തിയതോടെ കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വലിയ പ്രതിസന്ധിയായിരുന്നു രൂപപ്പെട്ടത്. ഇതോടെ ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ചർച്ചകള്‍ക്കൊടുവില്‍ ചർച്ച ദില്ലിയിലേക്ക് മാറ്റി. ഒടുവില്‍ ഡികെ ശിവകുമാറിന്റെ അടക്കം ഉപാധികള്‍ അംഗീകരിച്ചായിരുന്നു മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ നിശ്ചയിച്ചത്.

സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും രണ്ട് ക്യാമ്പുകളിൽ നിന്നും 14 പേർ വീതം സംസ്ഥാന മന്ത്രിസഭയിൽ ആകെ 28 മന്ത്രിമാരുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻ ഉപമുഖ്യമന്ത്രി പരമേശ്വര, കൃഷ്ണ ബൈരെ ഗൗഡ, സതീഷ് ജാർക്കിഹോളി, ലക്ഷ്മൺ സവാദി, ലക്ഷ്മി ഹെബ്ബാൾക്കർ, സലീം അഹമ്മദ്, യു.ടി. ഖാദർ, സന്തോഷ് ലാഡ്, ദിനേഷ് ഗുണ്ടു റാവു, സമീർ അഹമ്മദ്, എം.പി. പാട്ടീൽ, എച്ച്.കെ. പാട്ടീൽ, രാമലിംഗ റെഡ്ഡി. കെ ജെ ജോർജ്, ഈശ്വർ ഖണ്ഡ്രെ, തൻവീർ സേട്ട്, ഡോ. എച്ച് സി മഹാദേവപ്പ, ബി കെ ഹരിപ്രസാദ് എന്നിവർ മന്ത്രിസഭയിലുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ സിദ്ധരാമയ്യും ഡികെ ശിവകുമാറും രണ്ട് നേതാക്കളും ദേശീയ തലസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല എന്നിവരോട് തങ്ങളുടെ വാദം അവതരിപ്പിക്കുകയും ചെയ്തു. എന്നാൽ, സോണിയാഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന് ബുധനാഴ്ച വരെ മുതിർന്ന നേതാക്കളുമായി പ്രത്യേകം കൂടിക്കാഴ്ച നടത്തിയ ഇരുനേതാക്കളും വേണുഗോപാലിന്റെ വസതിയിൽ പ്രഭാതഭക്ഷണം കഴിച്ച് ഒരേ കാറിൽ ഖാർഗെയുടെ വസതിയിലേക്ക് എത്തിയതോടെ മഞ്ഞുരുകല്‍ വ്യക്തമായി.
ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ പ്രധാനപ്പെട്ട ആറ് വകുപ്പുകള്‍ കൂടി ലഭിക്കും. അതേസമയം ഏതൊക്കെ വകുപ്പുകളാണ് അദ്ദേഹത്തിന് ലഭിക്കുക എന്നതില്‍ തീരുമാനം ആയിട്ടില്ല. സിദ്ധരാമയ്യയും ഡികെ ശിവകുമാറും കർണാടക മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നുവെങ്കിലും തുടക്കം മുതല്‍ തന്നെ മുന്‍തൂക്കം. ഭൂരിപക്ഷം എം എല്‍ എമാരും അദ്ദേഹത്തിനൊപ്പം നിലയുറപ്പിച്ചു.
വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്തുമായി ബന്ധപ്പെട്ട ആദായനികുതി, എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേസുകൾ ഡികെ ശിവകുമാറിനെതിരെ രംഗത്തുള്ളതും അദ്ദേഹത്തിന് തിരിച്ചടിയായി. ഡികെ മുഖ്യമന്ത്രിയായി വന്നാല്‍ ഈ കേസുകൾ കേന്ദ്രസർക്കാർ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോവാനുള്ള സാധ്യത ശക്തമാണ്. 2024-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം ഒരു മുഖ്യമന്ത്രി നേരിടേണ്ടി വന്നാല്‍ അത് അദ്ദേഹത്തിന് തിരിച്ചടിയായി മാറിയേക്കും.
മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലിരിക്കെ, ഡികെ ശിവകുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന് ഇടക്കാല സ്റ്റേ നൽകിയതിനെ ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജിയിൽ വാദം കേൾക്കുന്നത് സുപ്രീം കോടതി മാറ്റിവെക്കുകയും ചെയ്തു. കേസുകൾ സജീവമാണെന്നും ഡികെയുടെ മേൽ ഒരു നിഴൽ തൂങ്ങിക്കിടക്കുന്നുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തല്‍ കൂടിയായിരുന്നു ഇത്.


Click it and Unblock the Notifications