'2024ല്‍ മഹാപ്രതിപക്ഷ സഖ്യം അധികാരത്തിലെത്തും, ചര്‍ച്ചകളില്‍ പ്രതീക്ഷ'; ബിജെപിയെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍
ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി ജെ പിക്കെതിരായ സംയുക്ത പ്രതിപക്ഷത്തിന്റെ നീക്കത്തില്‍ ആത്മവിശ്വാസമുണ്ട് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വാഷിംഗ്ടണിലെ നാഷണല്‍ പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ആയിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.
2024 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് താന്‍ കരുതുന്നതായും അദ്ദേഹം പറഞ്ഞു. ആളുകളെ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരിക്കും അടുത്ത വര്‍ഷം പ്രതിപക്ഷം കാഴ്ചവെക്കുക. ബിജെപിയെ പരാജയപ്പെടുത്താന്‍ തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി കോണ്‍ഗ്രസ് നിരന്തരം ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

പ്രതിപക്ഷം നല്ല ഐക്യത്തോടെയാണ് നീങ്ങുന്നത്. ഞങ്ങള്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി വരുന്നുണ്ട്. ചിലയിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഉണ്ട്. അതിനാല്‍ ചര്‍ച്ച വളരെ സങ്കീര്‍ണമാണ് എന്നും ചില പരസ്പര ധാരണകള്‍ ആവശ്യമാണ് എന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ മഹാ പ്രതിപക്ഷ സഖ്യം സംഭവിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബി ജെ പിക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 12 ന് പട്നയില്‍ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനം നടക്കുന്നുണ്ട്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആണ് യോഗത്തില്‍ അധ്യക്ഷത വഹിക്കുക. ഈ യോഗത്തിലേക്ക് കോണ്‍ഗ്രസ് എത്തും എന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഭൂരിഭാഗം പ്രതിപക്ഷ പാര്‍ട്ടികളും യോഗത്തില്‍ പങ്കെടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പ്രകടനം വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലേക്കുള്ള ദിശാ സൂചികയാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അടുത്ത മൂന്നോ നാലോ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ കൂടി കാത്തിരുന്ന് കാണുക. 2024 ല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നതിന്റെ മികച്ച സൂചകമായിരിക്കും ഇത് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
പാര്‍ലമെന്റ് അംഗത്വം നഷ്ടമായത് നേട്ടമായൈന്നും രാഹുല്‍ പറഞ്ഞു. ഇത് എന്നെത്തന്നെ പൂര്‍ണ്ണമായും പുനര്‍നിര്‍വചിക്കാന്‍ സഹായിച്ചു. ഇത് അവര്‍ തനിക്ക് നല്‍കിയ സമ്മാനമാണ് എന്നാണ് താന്‍ കരുതുന്നത് എന്നും രാഹുല്‍ വ്യക്തമാക്കി. ജീവന് നേരെയുള്ള ഭീഷണികളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും അതൊന്നും സര്‍ക്കാരിനെതിരായ പോരാട്ടത്തില്‍ നിന്ന് പിന്മാറാനുള്ള കാരണമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വധഭീഷണിയെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഒരു നാള്‍ എല്ലാവരും മരിക്കും. അതാണ് ഞാന്‍ എന്റെ മുത്തശ്ശിയില്‍ നിന്നും അച്ഛനില്‍ നിന്നും പഠിച്ചത്. അങ്ങനെ എന്തെങ്കിലും കാരണം കൊണ്ട് പോരാട്ടത്തില്‍ നിന്ന് പിന്നോട്ട് പോകില്ല എന്നും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. 10 ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഹുല്‍ ഗാന്ധി അമേരിക്കയില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications