ഡൽഹിയിൽ വീടിന് തീപിടിച്ച് 9 മാസം പ്രായമുള്ള കുഞ്ഞടക്കം നാല് മരണം
ന്യൂഡൽഹി: ഡൽഹിയിയിൽ വീടിന് തീപിടിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയും മറ്റും കാരണം ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച വൈകിട്ടോടെ ഡൽഹിയിലെ ഷഹ്ദരാ പ്രദേശത്താണ് സംഭവം. അഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. വൈകീട്ട് അഞ്ചരയോടെ ആണ് വീടിന് തീപിടിച്ചതായി സന്ദേശം ലഭിച്ചത്. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ ആറരയോടെ വീണ്ടും പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു.
വീടിന്റെ ഒന്നാം നിലയിൽ സൂക്ഷിച്ചിരുന്ന റബ്ബർ കട്ടിംഗ് മെഷീൻ അടക്കമുള്ള ഉപകരണങ്ങൾക്ക് തീപിടിച്ചാണ് അപകടം ഉണ്ടായതെന്നാണ് കരുതുന്നത്, എന്നാണ് ഡൽഹി അഗ്നി ശമനസേന മേധാവി അതുൽ ഗാർഗ് പറഞ്ഞത്. സംഭവം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥർ പരിസരവാസികളുടെ സഹായത്തോടെയാണ് കെട്ടിടത്തിനുള്ളിൽ നിന്ന് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിക്കുബമ്പോൾ എല്ലാവരും അർധ ബോധാവസ്ഥയിലായിരുന്നു. ഇവരിൽ നാല് പേർ അപ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. 28 ഉം 40 ഉം വയസ്സുള്ള രണ്ട് സ്ത്രീകളും ഒമ്പത് മാസം പ്രായമായ ഒരു കുഞ്ഞും, 17 വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്. 16 വയസ്സുള്ള ഒരു പെൺകുട്ടിയും 70 വയസ്സുള്ള സ്ത്രീയും ചികിത്സയിലാണ്.
തീപിടിച്ച നാല് നില കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് വരാൻ ഒരു പടിക്കെട്ട് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ താഴത്തെ രണ്ട് നില കെട്ടിട ഉടമയായ ഭാരത് സിംഗാണ് ഉപയോഗിച്ചിരുന്നത്. മുകളിലെ രണ്ട് നില വാടകയ്ക്ക് നൽകുകയായിരുന്നു, സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ഭരതിനെതിരെ കേസെടുത്തതായും ഡൽഹി പോലീസ് അറിയിച്ചു.












Click it and Unblock the Notifications