നാലുതവണ എംഎല്‍എ, രണ്ടുതവണ മന്ത്രി; താമസം രണ്ടുമുറി വാടകവീട്ടില്‍
കാണ്‍പുര്‍: ഉത്തരേന്ത്യയിലെ രാഷ്ട്രീയക്കാരെക്കുറിച്ച് പലര്‍ക്കും പൊതു ധാരണയുണ്ട്. ഏതാണ്ട് മിക്കവരും അഴിമതിക്കാരും തരംകിട്ടുമ്പോഴൊക്കെ പാര്‍ട്ടി മാറിചവിട്ടുന്നവരുമാണ്. അത്യപൂര്‍വംപേര്‍ മാത്രമാണ് സംശുദ്ധ രാഷ്ട്രീയത്തില്‍ അടിയുറച്ചു നില്‍ക്കുന്നത്. ഇത്തരത്തിലൊരാളാണ് ഉത്തര്‍ പ്രദേശിലെ ജമുന പ്രസാദ്.
നാലതവണ എംഎല്‍എയും രണ്ടുതവണ മന്ത്രിയുമായിരുന്ന ഈ തൊണ്ണൂറ്റി രണ്ടുകാരന്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചത് പാവപ്പെട്ട ജനങ്ങള്‍ക്കുവേണ്ടിയാണ്. അതുകൊണ്ടുതന്നെ തനിക്കോ കുടുംബത്തിനോ ചില്ലിക്കാശ് സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനായ ഇദ്ദേഹം രണ്ടുമുറി വാടകവീട്ടിലാണ് ഏതാണ്ട് അമ്പതുവര്‍ഷത്തോളമായി കഴിയുന്നത്.

ചെവികേള്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഇപ്പോഴും പാവപ്പെട്ടവര്‍ക്കുവേണ്ടി തന്നാലാകുന്നതൊക്കെ ചെയ്തുകൊടുക്കുന്നു. തനിക്ക് രാഷ്ട്രീയത്തില്‍ നിന്നൊരിക്കലും വിരമിക്കാന്‍ സാധ്യമല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. സുഹൃത്തുക്കള്‍ തന്നെ അതിന് അനുവദിക്കുകയുമില്ല. ഇപ്പോഴും എല്ലാദിവസവും താന്‍ തിരക്കിലാണെന്നും ജമുന പ്രസാദ് പറഞ്ഞു.
1974ലും, 77ലും ഇദ്ദേഹം ഉത്തര്‍ പ്രദേശ് മന്ത്രിസഭയില്‍ അംഗമായിരുന്നു. സ്വന്തമായുള്ള വീട് സഹോദരിയുടെ വിവാഹത്തിനായി 1955ല്‍ 1,000 രൂപയ്ക്ക് വിറ്റു. ഭാര്യ നേരത്തെ മരിച്ച ഇദ്ദേഹത്തിന് മൂന്ന് ആണ്‍ മക്കളുണ്ട്. എല്ലാവരും മോശമല്ലാത്ത രീതിയില്‍ സ്വന്തമായി താമസിക്കുന്നു. ആരും പിതാവിനെ സംരക്ഷിക്കാന്‍ തയ്യാറുമല്ല. ഉത്തര്‍ പ്രദേശില്‍ ഒരിക്കല്‍ക്കൂടി തെരഞ്ഞെടുപ്പ് ചൂടുപിടിച്ചിരിക്കവെ രാഷ്ട്രീയ നേതാക്കള്‍ കണ്ടു പഠിക്കേണ്ടതാണ് ജമുന പ്രസാദിന്റെ ജീവിതം.












Click it and Unblock the Notifications