രാജ്യസഭയിലും കൂട്ട സസ്‌പെന്‍ഷന്‍; 45 പേര്‍ക്കെതിരെ നടപടി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെ പുറത്ത്
ന്യൂഡല്‍ഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും പ്രതിപക്ഷ എംപിമാര്‍ക്കെതിരെ നടപടി. 45 അംഗങ്ങളെ ഇന്ന് സസ്‌പെന്റ് ചെയ്തു. പാര്‍ലമെന്റില്‍ നടന്ന പുകയാക്രമണം സംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ സഭയില്‍ പ്രതികരിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഇതാണ് കടുത്ത നടപടിയിലേക്ക് എത്തിച്ചത്.
ലോക്‌സഭയില്‍ നിന്ന് 34 അംഗങ്ങളെ ഇന്ന് പുറത്താക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് രാജ്യസഭയില്‍ 45 പേരെ സസ്‌പെന്റ് ചെയ്തത്. കോണ്‍ഗ്രസ് എംപിമാരായ ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ തുടങ്ങി പ്രമുഖ നേതാക്കളെ എല്ലാം സസ്‌പെന്റ് ചെയ്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം കഴിയുംവരെയാണ് സസ്‌പെന്‍ഷന്‍.

പാര്‍ലമെന്റ് ആക്രമണം സംബന്ധിച്ച് സര്‍ക്കാര്‍ സഭയില്‍ കൃത്യമായ പ്രതികരണം നടത്താതിരുന്നതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. 11 എംപിമാരുടെ സസ്‌പെന്‍ഷന്‍ പ്രവിലേജ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ തടഞ്ഞിട്ടുണ്ട്. ലോക്‌സഭയിലും രാജ്യസഭയിലും പ്രതിഷേധം കാരണം ഇന്ന് നടപടികള്‍ തടസപ്പെട്ടു. സഭയുടെ അന്തസ് പാലിക്കണം എന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധങ്കര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടെങ്കിലും പ്രതിഷേധം തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ നിന്ന് 13 പ്രതിപക്ഷ അംഗങ്ങളെയും രാജ്യസഭയില്‍ നിന്ന് ഒരംഗത്തെയും സസ്‌പെന്റ് ചെയ്തിരുന്നു. ഇതോടെ 92 പ്രതിപക്ഷ അംഗങ്ങളെയാണ് പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ നിന്നുമായി സസ്‌പെന്റ് ചെയ്തിരിക്കുന്നത്. ജനാധിപത്യം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെസി വേണുഗോപാല്‍ പ്രതികരിച്ചു.
കഴിഞ്ഞാഴ്ചയാണ് ലോക്‌സഭയില്‍ വന്‍ സുരക്ഷാ വീഴ്ചയുണ്ടായത്. പാര്‍ലമെന്റില്‍ ഭീകരാക്രമണമുണ്ടായതിന്റെ 21ാം വാര്‍ഷിക ദിനത്തിലായിരുന്നു സംഭവം. ലോക്‌സഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് രണ്ടു പേര്‍ സഭയിലേക്ക് ചാടി വീഴുകയും പുക പരത്തുകയുമായിരുന്നു. ഇവരെ അംഗങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടി പോലീസിന് കൈമാറി.
വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിക്കുകയാണ് പ്രതികള്‍ ചെയ്തത് എന്നായിരുന്നു പിന്നീടുള്ള വിവരം. സംഭവത്തിന് പിന്നിലുണ്ടായിരുന്ന എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയോ ആഭ്യന്തര മന്ത്രിയോ വിഷയത്തില്‍ സഭയില്‍ പ്രതികരിക്കാത്തതാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്.












Click it and Unblock the Notifications