മോഷ്‌ടിച്ചത് 58 കിലോഗ്രാം സ്വർണം! ദുർമന്ത്രവാദത്തിന്റെ അടയാളങ്ങൾ, വിജയപുര ബാങ്ക് കവർച്ചയിൽ വഴിമുട്ടി പോലീസ്
ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ അടുത്തിടെ നടന്ന ബാങ്ക് കവർച്ചയുടെ വിവരങ്ങൾ ജനങ്ങളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. വിജയപുര ജില്ലയിലെ ബസവനബാഗേവാഡിയിലുള്ള കാനറ ബാങ്കിൽ നടന്ന കവർച്ചയുടെ വാർത്തകൾ നെഞ്ചിടിപ്പോടെയാണ് പ്രദേശവാസികൾ പോലും കേട്ടത്.
58 കിലോഗ്രാം വരുന്ന 52 കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് കവർച്ചക്കാർ മോഷ്‌ടിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ മെയ് 23 വെള്ളിയാഴ്‌ച ആയിരുന്നു മോഷണം നടക്കുന്നതിന് മുൻപുള്ള ബാങ്കിന്റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. മെയ് 25ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരൻ ഇവിടേക്ക് എത്തിയപ്പോൾ പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടെത്തുകയായിരുന്നു.

കൂടാതെ അന്വേഷണം വഴിതെറ്റിക്കാൻ ദുർമന്ത്രവാദത്തെ മറയാക്കി എന്ന റിപ്പോർട്ടുകൾ കൂടി പുറത്തുവന്നതിനെത്തുടർന്ന്, കേസ് പോലീസിന് കാര്യമായ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ. കേസ് തെളിയിക്കാൻ ഐഐടി പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്, കുറ്റവാളികളെ ഉടൻ പിടികൂടുമെന്ന് അധികൃതർ ഉറപ്പുനൽകുകയും ചെയ്‌തിട്ടുണ്ടെങ്കിലും ജനങ്ങൾ എല്ലാവരും കടുത്ത ആശങ്കയിലാണ്.
മെയ് 24ന് രാത്രി മനാഗുളി പട്ടണത്തിലെ കാനറ ബാങ്കിന്റെ ഒരു ശാഖയിൽ അതിക്രമിച്ചു കയറിയ കവർച്ചക്കാർ 52 കോടിയിലധികം വിലമതിക്കുന്ന 58.975 കിലോഗ്രാം സ്വർണവും 5.2 ലക്ഷം രൂപയും കൊള്ളയടിച്ചതായാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. സംസ്ഥാനത്തെ ഏറ്റവും വലിയ സ്വർണ കവർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉപഭോക്താക്കളിൽ പരിഭ്രാന്തി പരത്തരുതെന്ന് ജില്ലാ പോലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിച്ചു.
'പരിശോധനയിൽ മോഷ്‌ടാക്കൾ ബാങ്കിൽ കയറി കൊള്ളയടിച്ചതായി കണ്ടെത്തി. ബാങ്ക് ഉദ്യോഗസ്ഥർ കൊള്ളമുതലുകൾ വിലയിരുത്തിയപ്പോൾ 59 കിലോ സ്വർണം മോഷ്‌ടിക്കപ്പെട്ടതായി കണ്ടെത്തി. സ്വർണ വായ്‌പയ്ക്ക് ഈടായി ബാങ്കിൽ നിക്ഷേപിച്ച സ്വർണമാണ് ഇത്' എന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മെയ് 24ന് രാത്രിയാണ് കൃത്യം നടന്നതെന്നാണ് പോലീസ് വിലയിരുത്തൽ.
മോഷണ സംഘം ബാങ്കിലെ സിസിടിവി ക്യാമറകള്‍ അഴിച്ചെടുക്കുകയും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ അവിടെ നിന്ന് കടത്തുകയും ചെയ്‌തത് പോലീസിനെ കുരുക്കിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് ഇത്തരം തെളിവുകൾ സാധാരണഗതിയിൽ അന്വേഷത്തിന് വലിയ രീതിയിൽ സഹായകരമാവുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും.
ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്രരൂപങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇത് പോലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് കരുതുന്നത്. പാവകൾ ഉൾപ്പെടെയുള്ള ചില വസ്‌തുക്കളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്.
കർണാടകയിൽ ഒന്നാകെ ഭീതി വിതച്ചിരിക്കുകയാണ് ഈ സംഭവം. അതും സ്വർണത്തിന് സർവകാല വിലയിൽ എത്തിനിൽക്കുന്ന വേളയിലാണ് തുടർച്ചയായ കവർച്ചയുടെ വാർത്തകൾ പുറത്തുവരുന്നത്. കഴിഞ്ഞ ഒക്ടോബറിൽ കർണാടകയിലെ ദാവണഗെരെയിലുള്ള എസ്‌ബിഐ ന്യാമതി ശാഖയിൽ നിന്ന് സമാനമായി ഏകദേശം 13 കോടി വിലമതിക്കുന്ന 17.7 കിലോഗ്രാം സ്വർണം ഒരു സംഘം മോഷ്‌ടിച്ചിരുന്നു. ഇതിൽ ആറ് പേരെ ഈ ഫെബ്രുവരിയിൽ പോലീസ് അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
അടുത്തിടെ, ബിദറിൽ നടന്ന ഒരു ഞെട്ടിക്കുന്ന സംഭവത്തിൽ മോട്ടോർ സൈക്കിളിലെത്തിയ അക്രമികൾ രണ്ട് സുരക്ഷാ ജീവനക്കാരെ കൊലപ്പെടുത്തിയ ശേഷം എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ട് പോയ 93 ലക്ഷം രൂപ കൊള്ളയടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടിക്കണക്കിന് രൂപയുടെ സ്വർണം ബാങ്കിൽ നിന്ന് കവർന്നതായി വാർത്തകൾ പുറത്തുവരുന്നത്. കേസിൽ അന്വേഷണം പുരോഗമിച്ചു വരികയാണ്, അതിന്റെ ആഘാതം മാറും മുൻപാണ് പുതിയ മോഷണവാർത്ത.












Click it and Unblock the Notifications