7.5 കാരറ്റ് ഹരിത വജ്രം, ചന്ദനപ്പെട്ടി, ഗണപതി വിഗ്രഹം, ഉപനിഷത്ത്; ബൈഡന് മോദിയുടെ സമ്മാനങ്ങൾ
വാഷിംഗ്ടൺ; വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ഡോ ജിൽ ബൈഡനും. മോദിക്ക് സ്നേഹോഷ്മളമായ വരവേൽപ്പാണ് ബൈഡൻ ഒരുക്കിയത്. കൂടിക്കാഴ്ചയിൽ ഇരുവരും പരസ്പരം സമ്മാനങ്ങളും കൈമാറി.
20ാം നൂറ്റാണ്ടിൽ എഴുതപ്പെട്ട പുരാതനമായ പുസ്തകം, വിന്റേജ് അമേരിക്കൻ ക്യാമറ, അമേരിക്കൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള പുസ്തകം, 'റോബർട്ട് ഫ്രോസ്റ്റിന്റെ കവിതാ സമാഹാരത്തിന്റെ ആദ്യ കോപ്പി എന്നിവയാണ് ബൈഡൻ മോദിക്ക് സമ്മാനിച്ചത്. അമൂല്യങ്ങളായ സമ്മാനങ്ങളാണ് ബൈഡനും യുഎസ് പ്രഥമ വനിതയ്ക്കുമായി മോദി കരുതിയത്.

7.5 കാരറ്റ് ഹരിത വജ്രമാണ് ഡോ ജിൽ ബൈഡന് നരേന്ദ്ര മോദി നൽകിയത്. പരിസ്ഥിതി സൗഹാർദ്ദ മാർഗങ്ങളിലൂടെ നിർമ്മിച്ച ഈ വജ്രം
കശ്മീരിലെ കരകൗശല വിദഗ്ദർ പേപ്പർ പൾപ്പ് കൊണ്ട് തയ്യാറാക്കിയ കർ-ഇ-കലംദാനി എന്നറിയപ്പെടുന്ന പ്രത്യേക പെട്ടിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വജ്രം.
പ്രത്യേകം തയ്യാറാക്കിയ ചന്ദനപ്പെട്ടിയാണ് ബൈഡന് മോദി സമ്മാനിച്ചത്. രാജസ്ഥാനിലെ കരകൗശല വിദഗ്ദരാണ് പെട്ടി തയ്യാറാക്കിയത്. കർണാടകയിലെ മൈസൂരിൽ നിന്നുള്ള ചന്ദനത്തടിയിലാണ് പെട്ടി നിർമ്മിച്ചത്. മനോഹരമായ കൊത്തുപണികൾ അടങ്ങിയതാണ് പെട്ടി. ചന്ദനപ്പെട്ടിയുടെ ഉള്ളിൽ കൊൽക്കത്തയിൽ നിന്നുള്ള വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറ നിർമ്മിച്ച ഗണപതി വിഗ്രഹും ഉൾപ്പെടുന്നു. വെള്ളികൊണ്ട് തയ്യാറാക്കിയ വിളക്കും പെട്ടിയിൽ ഉണ്ട്. ഇതുകൂടാതെ വെള്ളി കൊണ്ട് തയ്യാറാക്കിയ തേങ്ങ, സ്വർണ നാണയം, വെള്ളി നാണയം എന്നിവയും സമ്മാനമായി നൽകിയിട്ടുണ്ട്. ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവർത്തനമായ 'ദ ടെൻ പ്രിൻസിപ്പൽ ഉപനിഷത്തും' മോദി ബൈഡന് സമ്മാനിച്ചു.
3 ദിവസത്തെ സന്ദർശനത്തിനായി തിങ്കളാഴ്ചയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലെത്തിയത്. 24 വരെയാണ് മോദിയുടെ അമേരിക്കൻ സന്ദർശനം. 23 ന് വാഷിംഗ്ടണിൽ അമേരിക്കയിലെ ഇന്ത്യൻ പ്രവാസി സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വാഷിംഗ്ടണിലെ റൊണാൾഡ് റീഗൻ ബിൽഡിംഗിലായിരിക്കും പരിപാടി നടക്കുക. യുഎസിലെ ഇന്ത്യൻ കമ്മ്യൂണിറ്റി ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് 7 മുതൽ 9 വരെ നടക്കുന്ന പരിപാടിയിൽ 'ഇന്ത്യയുടെ വളർച്ചയിൽ പ്രവാസികളുടെ പങ്ക്' എന്ന വിഷയത്തിൽ പ്രത്യേക ചർച്ചയും നടക്കും.












Click it and Unblock the Notifications