കാർഷിക നിയമങ്ങൾ 86 ശതമാനം കർഷകരും പിന്തുണച്ചു; സുപ്രീം കോടതി സമിതി റിപ്പോർട്ട്
ദില്ലി; വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും ബഹുഭൂരിപക്ഷം കർഷക സംഘടനകളും പിന്തുണച്ചിരുന്നതായി റിപ്പോർട്ട്. വിവാദ നിയമങ്ങൾ സംബന്ധിച്ച് പഠിക്കാൻ സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏകദേശം 86 ശതമാനത്തോളം പേരും നിയമങ്ങളെ പിന്തുണച്ചിരുന്നവരാണ്.13 ശതമാനം പേർ മാത്രമാണ് നിയമങ്ങളെ എതിർത്തതെന്നാണ് സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.

92 പേജുകള്ള റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തുവിട്ടത്. സാമ്പത്തിക വിദഗ്ധരായ അനിൽ ഘൻവത്, കാർഷിക അശോക് ഗുലാത്തി, ഡോ. പർമോദ് കുമാർ ജോഷി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. രാജ്യത്തെ മൂന്ന് കോടിയോളം വരുന്ന കർഷകരെ പ്രതിനിധാനം ചെയ്യുന്ന സംഘനകളിൽ 13.3 ശതമാനം പേർ മാത്രമാണ് കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നില്ലെന്ന് പ്രതികരിച്ചത്. 85.7 ശതമാനം കർഷക സംഘടനകളും നിയമത്തെ പിന്തുണച്ചു. കമ്മിറ്റിയുടെ ഓൺലൈൻ പോർട്ടലിൽ ലഭിച്ച പ്രതികരണങ്ങളിൽ മൂന്നിലൊന്ന് പേർ കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും മൂന്നിൽ രണ്ട് ഭാഗവും അവർക്ക് അനുകൂലമാണെന്നും കണ്ടെത്തി.ഇ-മെയിലുകളിലൂടെ ലഭിച്ച പ്രതികരണങ്ങളിലും ഭൂരിഭാഗവും കാർഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നതായാണ് കണ്ടെത്തിയിട്ടുള്ളത്, സമിതി പറഞ്ഞു. അതുകൊണ്ട് തന്നെ നിയമങ്ങൾ റദ്ദ് ചെയ്തത് അന്യായമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധിക്കുന്ന കർഷക യൂണിയനുകളുൾപ്പെടെ 266 കർഷക സംഘടനകളേയാണ് കമ്മിറ്റി ക്ഷണിച്ചത്.എന്നാൽ പ്രതിഷേധിച്ച കർഷക സംഘടനകൾ സമിതിയുടെ ക്ഷണം സ്വീകരിച്ചില്ല. ക്ഷണിക്കപ്പെട്ട 266 ഫാം ബോഡികളിൽ നിന്ന് 73 കർഷക സംഘടനകളുമായി സമിതി നേരിട്ട് ചർച്ച നടത്തി. ഇതിൽ 61 കർഷക സംഘടനകളാണ് നിയമത്തെ പിന്തുണച്ചത്.
കർഷക സംഘടനകൾ, വ്യവസായ സ്ഥാപനങ്ങൾ, സ്വകാര്യ വിപണികൾ, സംസ്ഥാന കാർഷിക വിപണന ബോർഡുകൾ, സംസ്ഥാന സർക്കാരുകൾ, പ്രൊഫഷണലുകൾ, അക്കാദമിക് വിദഗ്ധർ എന്നിവരുൾപ്പെടെ വിവിധ പങ്കാളികളുമായി വിദഗ്ധ സമിതി 11 യോഗങ്ങൾ നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു. വിവിധ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ കർഷകരുടെ എണ്ണം 9 കോടി മുതൽ 15 കോടി വരെയാണ്.
കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നിയമപരിഷ്കാരം നടത്താൻ ആവശ്യമെങ്കിൽ സംസ്ഥാനങ്ങൾക്ക് അംഗീകാരം നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നാണ് സമിതി റിപ്പോർട്ടിൽ പറയുന്നു. മിനിമം താങ്ങുവില (എംഎസ്പി) സംവിധാനം നിയമവിധേയമാക്കാൻ സംസ്ഥാനങ്ങൾക്ക് സ്വാതന്ത്ര്യം നൽകുന്നത് ഉൾപ്പെടെയുള്ള നിർദ്ദേശങ്ങളും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. അഗ്രികൾച്ചർ മാർക്കറ്റിംഗ് കൗൺസിൽ എല്ലാ സംസ്ഥാനങ്ങളിലും നിയമം മൂലം നടപ്പിലാക്കണമെന്ന നിർദ്ദേശവും സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. സിവിൽ കോടതികളിലൂടെയോ കർഷക കോടതികൾ രൂപീകരിച്ചോ തർക്ക പരിഹാരത്തിന് ബദൽ സംവിധാനം ഒരുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. മാർക്കറ്റ് ഇൻറലിജൻസ് സംവിധാനം വികസിപ്പിക്കണം എന്ന നിർദ്ദേശവും സമിതി റിപ്പോർട്ടിൽ ഉണ്ട്.
അവശ്യസാധന നിയമ ഭേദഗതി, കർഷക ഉത്പന്ന വ്യാപാര വാണിജ്യ നിയമം, കർഷക (ശാക്തീകരണ, സംരക്ഷണ) നിയമം എന്നീ പരിഷ്‌കാരങ്ങളാണ് കേന്ദ്രസർക്കാർ കൊണ്ടുവന്നത്. എന്നാൽ ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ സർക്കാർ നിയമങ്ങൾ പിൻവലക്കുകയായിരുന്നു. പഞ്ചാബും ഉത്തർപ്രദേശും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു കേന്ദ്ര സർക്കാർ നീക്കം.
എന്നാൽ നിയമങ്ങൾ അസാധുവാക്കിയത് മോദി സർക്കാരിന്റെ ഭാഗത്തുനിന്ന് വലിയ രാഷ്ട്രീയ വീഴ്ചയാണെന്നാണ് സമിതിയിലെ അംഗമായ അനിൽ ഗൺവത് പ്രതികരിച്ചു. നിയമം പിൻവലിക്കാനുള്ള ബി ജെ പി സർക്കാരിന്റെ തിരുമാനം തിരഞ്ഞെടുപ്പിൽ യാതൊരു ചലനവും ഉണ്ടാക്കിയിട്ടില്ലെന്ന് പഞ്ചാബിലെ ബി ജെ പിയുടെ മോശം പ്രകടനത്തിൽ നിന്നും വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തീരുമാനമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷമാപണം നടത്തി. ഉത്തർപ്രദേശിലും പഞ്ചാബിലും പരാജയപ്പെടരുതെന്ന് ബി ജെ പി ആഗ്രഹിച്ചു.മൂന്ന് നിയമങ്ങളും തിരികെ കൊണ്ടുവരേണ്ട, കാരണം അവയെല്ലാം മികച്ച നിയമങ്ങൾ ആയിരുന്നില്ല. എന്നാൽ കാർഷിക നയങ്ങളെ ഞങ്ങൾ സ്വാഗതം ചെയ്യുന്നു,ഗൺവത് പറഞ്ഞു.












Click it and Unblock the Notifications