ജമ്മു കശ്മീരിലും ദല്‍ഹിയിലും ഭൂചലനം, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലും ദല്‍ഹിയുടെ ചില ഭാഗങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍ ആണ് എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അഫ്ഗാനിസ്ഥാനില്‍ ഉച്ചക്ക് 2.50 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്റെ ആഘാതം നോയിഡ, ഗാസിയാബാദ്, ഫരീദാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലേക്കും വ്യാപിച്ചു.
ചണ്ഡീഗഡ്, ജമ്മു കശ്മീര്‍, ഹരിയാന, പഞ്ചാബ്, ഇന്ത്യയുടെ വിവിധ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഭൂചലനത്തിന്റെ പ്രതീതി അനുഭവപ്പെട്ടു. പാകിസ്ഥാനിലെ ലാഹോര്‍, ഇസ്ലാമാബാദ്, ഖൈബര്‍ പഖ്തൂണ്‍ഖ്വ തുടങ്ങിയ നഗരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ നിന്ന് 241 കിലോമീറ്റര്‍ വടക്ക്-വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്നു എന്നാണ് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി (എന്‍സിഎസ്) പറയുന്നത്. അതേസമയം ശക്തമായ പ്രകമ്പനം ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ദല്‍ഹിയിലും മറ്റും പലരും വീടുകളിലേയും ഓഫീസുകളിലേയും ഫര്‍ണിച്ചറുകള്‍ കുലുങ്ങിയതായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.
പരിഭ്രാന്തരായ ആളുകള്‍ തങ്ങളുടെ വീടുകളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നും തിടുക്കപ്പെട്ട് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടുണ്ട്. ഉച്ചയ്ക്ക് 2:20 ഓടെ പാക്കിസ്ഥാന്റെ ചില ഭാഗങ്ങളില്‍ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പും അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലെ ജര്‍മില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയുള്ള 206.6 കിലോമീറ്റര്‍ ആഴത്തില്‍ ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.












Click it and Unblock the Notifications