• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രകൃതിക്ക് വേണ്ടി ഒരു പതിറ്റാണ്ട് - ശബരിമലയിലെ 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ 10 വർഷങ്ങൾ

Google Oneindia Malayalam News

ശബരിമല ഒരു യാത്രയാണ്, ഒരേ സമയത്ത് അവനവനിലേക്കും ഒപ്പം വ്യക്തിക്ക് അതീതമായ പരമ സത്യത്തിലേക്കും. ശബരിമലയുടെ ചൈതന്യവും ഈ രണ്ടു വ്യത്യസ്ത യാത്രകളുടെ ഒരുമിക്കൽ തന്നെയാണ്. സമുദ്രനിരപ്പിൽ നിന്ന് 4,133 അടി ഉയരത്തിൽ, പെരിയാർ കടുവ സങ്കേതത്തിന്റെ വനാന്തരങ്ങളിൽ കുടികൊള്ളുന്ന ശബരിമല ധർമ്മ ശാസ്താ ക്ഷേത്രം പോലെ മനുഷ്യന്റെ വിശ്വാസവും ആത്മബലവും പരീക്ഷിക്കുന്ന ആത്മീയ സ്ഥാനങ്ങൾ വളരെ വിരളമാണ്. ഇതാണ് ശബരിമലയെ മറ്റുള്ള ദേവാലയങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.

എന്നാൽ കാലം കടന്നു പോകെ, ശബരിമലയിൽ വന്നു പോയ കോടിക്കണക്കിന് ഭക്തർ പിന്നിൽ ഉപേക്ഷിച്ചു പോയത് ഈ കാടിനും കാട്ടിലെ ജീവനുകൾക്കും താങ്ങാൻ ആകുന്നതിലും അധികം മാലിന്യമാണ്. ഏറെക്കാലം ഇതോർത്ത് പലരും അസ്വസ്ഥരായിരുന്നു.

ഓരോ മണ്ഡലകാലവും ബാക്കി വച്ചിരുന്നത് കൂന കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം, മധുരം പുരണ്ട പ്ലാസ്റ്റിക്ക് കഴിച്ചു മരിച്ചു വീണ വന്യമൃഗങ്ങൾ, എണ്ണയും സോപ്പും മുഷിഞ്ഞ വസ്ത്രങ്ങളും കൊണ്ട് മലിനമാക്കപ്പെട്ട പമ്പാ നദി, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം ചെയ്തതിന്റെ ദോഷം മറികടക്കാൻ വിതറിയ ക്ലോറിൻ പോലുള്ള രാസപദാർത്ഥങ്ങൾ ശ്വസിച്ചു രോഗം വരുന്ന ഉദ്യോഗസ്ഥരും ഭക്തരുമായിരുന്നു. കൃത്യമായി സംസ്ക്കരിക്കപ്പെടാത്ത ജൈവമാലിന്യം അഴുകി നാറി, ഈച്ചയാർന്ന് കിടന്നു. പമ്പാ നദി മെല്ലെ ശ്വാസം മുട്ടി മരിച്ചു കൊണ്ടിരുന്നു. നിരന്തരമായി, ഇടതടവില്ലാതെ പത്തനംതിട്ട ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ ശബരിമല ശുദ്ധി സേന പ്രവർത്തിച്ചു. എങ്കിലും ഇത് അവരുടെയും കഴിവിനും അപ്പുറമായിരുന്നു. അവർ മാറ്റുന്ന മാലിന്യത്തിന്റെ എത്രയോ ഇരട്ടിയാണ് ദിനംപ്രതി വന്നു കുമിഞ്ഞു കൂടിയിരുന്നത്.

അയ്യന്റെ പ്രിയപ്പെട്ട തോഴരായ വന്യമൃഗങ്ങളെ ദാരുണമായി കൊലപ്പെടുത്തി, അയ്യൻ നീരാട്ടിനിറങ്ങുന്ന പമ്പയെ തൊട്ടാലറയ്ക്കുന്ന രീതിയിൽ മലിനമാക്കി, മലയും കാടും നശിപ്പിക്കാൻ ഏകദേശം രണ്ടു മാസത്തോളം നീളുന്ന ഓരോ മണ്ഡലക്കാലവും കടന്നു പോയിരുന്നത്. റാന്നി- പെരുനാട് ജില്ലാ പഞ്ചായത്തിലെ ഒന്നാം വാർഡിലെ ഒന്നാമത്തെ ഗൃഹമാണ് ശബരിമല ക്ഷേത്രം. ഈ പഞ്ചായത്തിൽ 5,586 വീടുകളിലായി 20,561 ആൾക്കാർ താമസിക്കുന്നു എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇവർക്ക് പുറമെയാണ്, അട്ടത്തോട് ആദിവാസി കോളനിയിലെ അംഗങ്ങളും , പിന്നെ ഒരിടത്തും തങ്ങി നിൽക്കാതെ നിരന്തരം സഞ്ചരിക്കുന്ന മലമ്പണ്ടാരം വിഭാഗത്തിൽ പെട്ട ആദിവാസികളും. ഓരോ മണ്ഡലക്കാലവും ഇവർക്ക് പരീക്ഷണകാലമാണ്. ദക്ഷിണ ഭാഗീരഥി എന്നും കേരള ഗംഗ എന്നും അറിയപ്പെടുന്ന പമ്പയാകട്ടെ ലക്ഷക്കണക്കിന് ആൾക്കാരുടെ ജീവനാഡിയാണ്. ഇതെല്ലാമാണ് ഓരോ മണ്ഡലകാലത്തും അശ്രദ്ധേയമായ തീർത്ഥാടനത്തിലൂടെ കളങ്കപ്പെട്ടിരുന്നത്.

ഇതിനെല്ലാം ഒരു മാറ്റമുണ്ടായത് 2011-ലാണ്. വ്യത്യസ്തമായ സംഭവവികാസങ്ങളിലൂടെ പ്രപഞ്ചം ശബരിമലയുടെ ചൈതന്യത്തിനെ തിരിച്ചു പിടിക്കാൻ പ്രവർത്തിക്കുന്നത് പോലെയായിരുന്നു അത്. ആ വർഷം കേരള പോലീസ് ആക്ട് നടപ്പിൽ വന്നു. അതിൻ പ്രകാരം പൊതു സുരക്ഷയ്ക്ക് വിഘാതം സൃഷ്ടിക്കുന്ന ആൾക്കാരെ ശിക്ഷിക്കാൻ വകുപ്പുണ്ടായി. മറ്റൊരിടത്ത്, ബഹുമാന്യ കേരള ഹൈകോടതി തുറസ്സായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നവരെ തടയുകയും അവരെ പ്രോസിക്യൂട്ട് ചെയ്യാൻ പൊലീസിന് നിർദ്ദേശം കൊടുക്കുകയും ചെയ്തു. എന്നാൽ ശബരിമലയിൽ പോലീസിന്റെ സാന്നിധ്യം വെറും നിയമപാലകർ എന്ന നിലയിൽ ആയിരുന്നില്ല. അവിടെ വേണ്ടത് മറ്റൊരു രീതിയായിരുന്നു. അങ്ങനെ പുണ്യം പൂങ്കാവനം സംഭവിച്ചു.

പുണ്യം പൂങ്കാവനം

ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളിൽ നിന്ന് ശബരിമലയുടെ പ്രഭാവം തിരിച്ചു പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ ഒത്ത് ചേർന്ന സുമനസ്സുകളുടെ കൂട്ടായ്മയാണ് പുണ്യം പൂങ്കാവനം. ഇതിനായി അവർ പോയത് ശബരിമലയുടെ അടിസ്ഥാന തത്വങ്ങളിേലക്കാണ്.

നീ ആരെ തേടുന്നുവോ അയാൾ നിന്റെ ഉള്ളിൽ ഉണ്ടെന്നതാണ് ശബരിമല തീർത്ഥാടനത്തിന്റെ ഉൾക്കാമ്പ്. തത്വമസി എന്ന ഭാരതീയ സങ്കല്പത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം കൂടിയാണ് ശബരിമല. കഠിനമായ വ്രതത്തിലൂടെ സ്വയം ദൈവതുല്യനായി മാറുന്ന ഭക്തൻ എന്ന അതി ഗംഭീര സങ്കല്പം ഉരുത്തിരിയുന്നത് ഈ ദർശനത്തിൽ നിന്നെത്രെ.

തത്വമസിയിേലക്ക് അയ്യപ്പന്മാരെ നയിക്കുന്ന പാതയാകട്ടെ അദ്വൈതമാണ്. ശരീരവും മനസ്സും രണ്ടല്ല, ഒന്നാണ്; സ്ഥലവും കാലവും രണ്ടല്ല, ഒന്നാണ് - ഈ പാഠങ്ങളാണ് ശബരിമല നല്കുന്നത്. അവിടെ കുമിഞ്ഞു കൂടുന്ന മാലിന്യം നീക്കാൻ പുറത്ത് നിന്നല്ല, ശ്രമം തുടങ്ങേണ്ടത് അകത്ത് നിന്ന് തന്നെയാണ് എന്ന തിരിച്ചറിവാണ് പുണ്യം പൂങ്കാവനം. ശബരിമലയുടെ പ്രൗഢി തിരിച്ചു കൊണ്ട് വരാൻ ശ്രമിക്കേണ്ടത് മറ്റാരുമല്ല, നമ്മൾ തന്നെയാണ്. ഇവിടെ മറ്റാരുമില്ല. നമ്മൾ മാത്രം.

യാത്ര തുടങ്ങുന്നു

ലക്ഷ്യം വ്യക്തമായാൽ അതിലേക്കുള്ള പാത സ്വയമേവ തെളിയും. ലക്ഷ്യത്തിലെ കൃത്യതയും മനസ്സിലെ ഉറപ്പും - ഇത് മാത്രമായിരുന്നു ആദ്യകാലത്ത് പുണ്യം പൂങ്കാവനത്തിന് കീഴിൽ അണിനിരന്നവരുടെ ആയുധങ്ങൾ. അവർ ചോദിച്ചത് മൂന്ന് ചോദ്യങ്ങൾ മാത്രം.

1. വ്രതശുദ്ധിയുടെ അയ്യപ്പനോളം ഉയർന്ന ഒരാൾക്ക് അയ്യപ്പൻ വാഴുന്ന പൂങ്കാവനം
മലിനമാക്കാൻ പറ്റുമോ?
2. തന്നെ പോലെ തന്നെ അയ്യപ്പൻ ആയ മറ്റൊരാളെ കൊണ്ട് തന്റെ ഉച്ഛിഷ്ടം വാരിക്കാൻ ഒരു അയ്യപ്പന് പറ്റുമോ?
3. സർവ്വവ്യാപിയായ അയ്യപ്പൻ എല്ലാം കാണുന്നു എങ്കിൽ, അയ്യപ്പന്മാരുടെ ഇത്തരം
നിരുത്തരവാദപരമായ പ്രവൃത്തികളും കാണുകില്ലേ?

ശുചിത്വം എന്നത് തീർത്ഥാടനത്തിന്റെ ഭൗതിക പരിസരത്തിനുള്ളിൽ തന്നെ പ്രതിഷ്ഠിക്കുക എന്നതായിരുന്നു ശ്രമത്തിന്റെ ഉദ്ദേശം. അതും ഉള്ളിൽ നിന്ന് തന്നെയാണ് തുടങ്ങേണ്ടത്. അതിനായി പോലീസ് ഉദ്യോഗസ്ഥരും മറ്റു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരും എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 10 മണി വരെ മാലിന്യം മാറ്റുന്നതിൽ പങ്കു ചേരാൻ തുടങ്ങി.

വളരെ സ്തുത്യർഹമായ പ്രവർത്തനങ്ങൾ ചെയ്തിരുന്ന CRPF-ന്റെ കീഴിലുള്ള Rapid Action Force (RAF), National Disaster Response Force (NDRF) എന്നീ സേനകളും, തിരുവിതാംകൂർ ദേവസ്വം ബോർഡ്, ശബരിമല അയ്യപ്പ സേവാ സമാജം, എരുമേലി ജുമാ മസ്ജിദ്, അഖില ഭാരത അയ്യപ്പ സേവാ സംഘം തുടങ്ങിയവർക്ക് ഇതൊരു പ്രചോദനം കൂടിയായി. ഇവരോടൊപ്പം യൂണിഫോമിലും അല്ലാതെയും ഫയർ ഫോഴ്സ്, എക്സൈസ്, ആരോഗ്യ വകുപ്പ്, പൊതുമരാമത്തു വകുപ്പ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ കൂടി ചേർന്നപ്പോൾ ഭക്തരുടെ മനസ്സിലും ചെറിയ മാറ്റങ്ങൾ വന്നു തുടങ്ങി. മെല്ലെ, അവരും മാലിന്യം നീക്കുന്ന പ്രവർത്തനങ്ങളിൽ പങ്കു ചേരാൻ തുടങ്ങി.

ഇവിടെ പദ്ധതി ശ്രദ്ധ കേന്ദ്രീകരിച്ചത് മൂന്ന് കാര്യങ്ങളിലാണ്.

1. ബോധപൂർണ്ണവും ഉത്തരവാദിത്തത്തോടും കൂടിയ തീർത്ഥാടനം പ്രോത്സാഹിപ്പിക്കുക,
2. പൊതുജന പങ്കാളിത്തത്തോട് കൂടിയ പരിസ്ഥിതി സംബന്ധമായ കമ്മ്യൂണിറ്റി പോലീസിംഗ് നടപ്പാക്കുക,
3. മാലിന്യ നിർമ്മാർജ്ജനത്തിൽ ഏർപ്പെടുന്ന സാധാരണ ജീവനക്കാർക്ക് അംഗീകാരവും, ആത്മാഭിമാനവും സഹകരണവും നൽകുക എന്നതായിരുന്നു.

ആദ്യഘട്ടത്തിൽ സന്നിധാനം മുതൽ മരക്കൂട്ടം വെരയുള്ള ഭാഗം 13 സെക്ടറുകളായി തിരിച്ചു വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി, ഒപ്പം തിരുവിതാംകൂർ ദേവസ്വം ബോർഡ്, ധനലക്ഷ്മി ബാങ്ക് ഉദ്യോഗസ്ഥെരയും നിയോഗിച്ചു. ഏറെ കഴിയും മുൻപ്, പുണ്യം പൂങ്കാവനം ശബരിമലയിലെ പോലീസ് ബന്ദോബസ്തിന്റെ ഭാഗമായി മാറി. വിവിധ റാങ്കുകളിലെ പോലീസ് ഉദ്യോഗസ്ഥരെ ആവശ്യത്തിന് നിലയ്ക്കൽ, പമ്പ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ വിന്യസിച്ചു.

അതാത് കാലങ്ങളിെല സംസ്ഥാന പോലീസ് മേധാവിമാരുടെ അകമഴിഞ്ഞ പിന്തുണ പുണ്യം പൂങ്കാവനം പദ്ധതിയുടെ വിജയത്തിന്റെ ഒരു കാരണമാണ്. അധികം വൈകാതെ തന്നെ, ശുചിത്വം എന്നത് ശബരിമല തീർത്ഥാടനത്തിന്റെ ഒരു അവിഭാജ്യ ഘടകമായി മാറി. അപ്പോഴേക്കും, പുണ്യം പൂങ്കാവനം പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ സപ്തകർമ്മങ്ങൾ എന്ന ആശയം അവതരിപ്പിച്ചു.

1. അയ്യപ്പന്റെ പൂങ്കാവനത്തിന് നാശം ഉണ്ടാക്കുന്ന ഒന്നും, പ്രത്യേകിച്ച് പ്ലാസ്റ്റിക്ക് വസ്തുക്കൾ, കൊണ്ട് വരാതിരിക്കുക.
2. തീർത്ഥാടനത്തിന് ഇടയിൽ ഉണ്ടാകുന്ന മാലിന്യം പൂങ്കാവനത്തിൽ ഉപേക്ഷിക്കാതെ ഒപ്പം കൊണ്ട് പോയി സംസ്കരിക്കുക.
3. ശബരിമലയിൽ എത്തുന്ന അയ്യപ്പന്മാർ കുറഞ്ഞത് ഒരു മണിക്കൂർ ശുചീകരണ
പ്രവർത്തനത്തിൽ ഏർപ്പെടുക.
4. പമ്പാനദിയെ സംരക്ഷിക്കുക. പമ്പയിൽ സോപ്പോ എണ്ണയോ ഉപയോഗിച്ച് കുളിക്കരുത്.
പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കരുത്.
5. തുറസ്സായ സ്ഥലങ്ങളിൽ മല-മൂത്ര വിസർജനം അരുത്. ടോയ്ലെറ്റുകൾ വൃത്തിയായി
സൂക്ഷിക്കുക.
6. എല്ലാ അയ്യപ്പന്മാരും അയ്യപ്പന് ഒരു പോലെയാണ്. അനാവശ്യമായി തിക്കും തിരക്കും ഉണ്ടാക്കരുത്.
7. പൂങ്കാവനത്തിൽ മാലിന്യം അല്ല, നന്മയുടെ വിത്തുകൾ വിതറുക.

ചിറകുകൾ വിടരുന്നു

പുണ്യം പൂങ്കാവനം പദ്ധതിക്ക് തുടക്കം മുതൽ തന്നെ ബഹുമാന്യ കേരള ഹൈക്കോടതിയുടെ പിന്തുണ കിട്ടിയിരുന്നു. ഇത് വരെ 11 വിധികളിലൂടെ ഹൈക്കോടതി പുണ്യം പൂങ്കാവനം പദ്ധതിയെ ശ്ലാഘിച്ചു.

ബഹുമാന്യ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നേരന്ദ്ര മോഡി അദ്ദേഹത്തിന്റെ പ്രതിമാസ സംപ്രേക്ഷണ പരിപാടിയായ മൻ കി ബാത്തിൽ ഡിസംബർ 31, 2018 ന് പുണ്യം പൂങ്കാവനത്തെ മുക്തകണ്ഠം പ്രശംസിക്കുകയും ഇത് മറ്റുള്ളവർ മാതൃകയാക്കണെമന്ന് പറയുകയും ചെയ്തു. സ്വച്ഛ് ഭാരത് അഭിയാന്റെ ഈ-ലേണിങ് പ്രോഗ്രാമിൽ കേരളത്തിൽ നിന്നുള്ള ഒരേ ഒരു കോഴ്സ് പ്രോഗ്രാം പുണ്യം പൂങ്കാവനത്തെ അധികരിച്ചുള്ളതാണ്. (Course Number 501 and 502: Waste
Management in Religious Town: Case of Sabarimala - Part 1 & 2)

സമൂഹത്തിലെ കലാ-സാംസ്കാരിക നായകർ പലരും പുണ്യം പൂങ്കാവനത്തിന് അവരുടെ സഹകരണം നൽകുക മാത്രമല്ല, വളരെ സജീവമായി അതിന്റെ പ്രവർത്തനങ്ങളിൽ പങ്കുേചരുകയും ചെയ്തു. നടന്മാരായ വിവേക് ഒബ്റോയ്, സുമൻ; കന്നഡ സിനിമയുടെ സമുന്നതനായ നടനും സംവിധായകനും നിർമ്മാതാവുമായ പേരതനായ എസ്. ശിവറാം; സംഗീതജ്ഞരായ യേശുദാസ്, വീരമണി രാജു, ശിവമണി, പി. ജയചന്ദ്രൻ എന്നിവർ അവരിൽ പ്രമുഖരാണ്. ബഹുമാന്യ കേരള ഗവർണർ ആയ ആരിഫ് മുഹമ്മദ് ഖാൻ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും അദ്ദേഹത്തിന്റെ മുൻഗാമികളും, തമിഴ്നാട് മന്ത്രി പി.കെ. ശേഖർ ബാബു, പോലീസ് മേധാവി അനിൽ കാന്തും അദ്ദേഹത്തിന്റെ മുൻഗാമികളും, ബഹുമാന്യ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് സി.ടി. രവികുമാർ; ബഹുമാന്യ കേരള ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ഗോപിനാഥ് മേനോൻ; തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ: അനന്ത ഗോപനും അദ്ദേഹത്തിന്റെ മുൻഗാമികളും മറ്റ് പ്രമുഖ ന്യായാധിപന്മാർ, ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ, ഭരണ തലവന്മാർ തുടങ്ങി പുണ്യം പൂങ്കാവനത്തിന് സമസ്ത തലങ്ങളിലും പിന്തുണ കിട്ടിയിരുന്നു.

കാലങ്ങളിലൂടെ പുണ്യം പൂങ്കാവനം അതിന്റെ ശരിയായ താളം കണ്ടെത്തി വികസിച്ചു. ഭാഷയുടെ, രാഷ്ട്രീയത്തിന്റെ, സ്ഥലത്തിന്റെ തുടങ്ങിയ എല്ലാ വേർതിരിവുകളും തകർത്തു മനുഷ്യനെ ഒന്നിപ്പിച്ചു പ്രകൃതിയുടെയും ഉദാത്ത ഭക്തിയുടെയും പാതയിലേക്ക് നയിക്കാൻ പുണ്യം പൂങ്കാവനം പദ്ധതിക്കായി. അതിന്റെ തുടർച്ച എന്നോണം, എരുമേലിയിൽ പുണ്യം പൂങ്കാവനം ഒരു സമൂഹ പദ്ധതിയായി വളർന്നു വികസിച്ചു. എരുമേലി ജുമാ മസ്ജിദിന്റെ മാത്രമല്ല, പഞ്ചായത്ത്, അവിടുത്തെ സ്കൂളുകളും കോളേജുകളും, ക്രിസ്തീയ ദേവാലയങ്ങൾ, എല്ലാ രാഷ്ട്രീയ പാർട്ടികൾ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ട് വന്നു ഒരൊറ്റ ലക്ഷ്യത്തിലേക്ക് പദ്ധതിയെ നയിക്കാൻ ആയി. അവിടെ മനോഹരമായ ഒരു പുഷ്പോദ്യാനം ഒരുക്കുക മാത്രമല്ല, മണിമലയാറിന്റെ ശുദ്ധീകരണവും സംരക്ഷണവും കൂടി പുണ്യം പൂങ്കാവനം പദ്ധതിയുടെ കീഴിൽ നടപ്പാക്കാൻ സാധിച്ചു.

2018ലെ മഹാ പ്രളയത്തിന് ശേഷം ബേസ് സ്റ്റേഷനായി നിലക്കൽ മാറിയപ്പോൾ പുണ്യം പൂങ്കാവനം പ്രവർത്തകർ അവിടെ എത്തി നേരിട്ട് ബോധവത്കരണം നടത്തി. അവിടെ എത്തുന്ന ബസ്, ലോറി ഡ്രൈവർമാരെയും ജീവനക്കാരെയും നേരിട്ട് കണ്ടു മലിനീകരണം കുറയ്ക്കാൻ അഭ്യർത്ഥിച്ചു. മാത്രമല്ല, അവിടെ വരുന്ന ബസുകളിൽ കയറി ഭക്തരോട് പ്രകൃതിയെ വേദനിപ്പിക്കാത്ത തീർത്ഥാടനത്തെ കുറിച്ച് ബോധവത്കരണം നടത്തി. ഈ സമയത്താണ് തൂത്തൂട്ടി മോർഗ്രിഗോറിയന് റിട്രീറ്റ് സെന്ററിൽ ഒരു പുഷ്പോദ്യാനം നട്ടു വളർത്താൻ കഴിഞ്ഞതും.

ഇതോടൊപ്പം ഗുരുസ്വാമിമാരുടെ സമ്മേളനങ്ങൾ വിളിച്ചു കൂടി പുണ്യം പൂങ്കാവന സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ കഴിഞ്ഞു. ദക്ഷിേണന്ത്യയിലെ സംസ്ഥാനങ്ങളിെല ഓരോ ജില്ലയിലും കുറഞ്ഞത് 1,000 പേരുെട സന്നദ്ധ സംഘങ്ങൾ തുടങ്ങാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണ്. പുണ്യം പൂങ്കാവനം പദ്ധതിയുടെ പ്രവർത്തനം ശബരിമലയിൽ വന്നതിന് ശേഷമല്ല, മറിച്ചു തീർത്ഥാടനം തുടങ്ങുന്ന വേളയിൽ തന്നെ വേണം എന്നതാണ് ഇത്തരം ഒരു നീക്കത്തിന്റെ കാതൽ.

ഇതോടൊപ്പം തന്നെ പുണ്യം പൂങ്കാവനത്തിന്റെ സന്ദേശം രാജ്യത്ത് എമ്പാടും എത്തിക്കാൻ ഒരു സ്വച്ഛ് സന്ദേശ് യാത്ര നടത്തി. 47 ദിവസം കൊണ്ട് രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂെട 12,000 കിലോമീറ്റർ താണ്ടി ഈ യാത്ര വന്നു. 2018 ഏപ്രിൽ 14 തുടങ്ങിയ യാത്ര ശബരിമല, ഗുരുവായൂർ (കേരളം), മൂകാംബിക ക്ഷേത്രം (കർണാടക), സെന്റ് ഫ്രാൻസിസ് അസീസി പള്ളി (ഗോവ), രാംകുണ്ഡ് നാസിക് (മഹാരാഷ്ട്ര), മൊധേര സൂര്യ ക്ഷേത്രം (ഗുജറാത്ത് ), ബ്രഹ്മ ക്ഷേത്രം (രാജസ്ഥാൻ), ജുമാ മസ്ജിദ്, ചാന്ദ്നി ചൗക്ക് (ഡൽഹി), കുരുക്ഷേത്ര ക്ഷേത്രം (ഹരിയാന), സുവർണ്ണ ക്ഷേത്രം (പഞ്ചാബ് ), വൈഷ്ണോ ദേവി ക്ഷേത്രം (ജമ്മു), മണികരൺ (ഹിമാചൽ പ്രദേശ് ), ഹരിദ്വാർ, ഋഷിേകശ് (ഉത്തരാഖണ്ഡ് ), കാശി വിശ്വനാഥ ക്ഷേത്രം (ഉത്തർ പ്രദേശ് ), ബോധ് ഗയ (ബീഹാർ), ജഗന്നാഥ ക്ഷേത്രം (ഒറീസ), തിരുപ്പതി ക്ഷേത്രം (ആന്ധ്ര പ്രദേശ് ), വേളാങ്കണ്ണി പള്ളി, രാമേശ്വരം (തമിഴ്നാട് ) തുടങ്ങി വിവിധ ആരാധനാലയങ്ങൾ സന്ദർശിച്ചു.

ഇന്ന് തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്, തെലുങ്കാന, പോണ്ടിച്ചേരി എന്നീ സംസ്ഥാനങ്ങളിൽ 5,000ൽ അധികം ആരാധനാലയങ്ങൾ പുണ്യം പൂങ്കാവനം കേന്ദ്രങ്ങൾ തുടങ്ങുകയും സപ്ത കർമ്മങ്ങളിലൂടെ പ്രകൃതിയോട് സമരസപ്പെട്ടുള്ള തീർത്ഥാടന പദ്ധതികൾ തുടങ്ങുകയും ചെയ്തു കഴിഞ്ഞു.

മുന്നോട്ടുള്ള പ്രയാണം

പുണ്യം പൂങ്കാവനത്തിന്റെ വിജയത്തെ കുറിച്ച് പറയുന്നത് ശബരിമലയിെല മാറ്റങ്ങൾ തന്നെയാണ്. ഇപ്പോൾ ഇവിടെ വരുന്ന അയ്യപ്പന്മാർ പറയുന്നത് ഇവിടുത്തെ വെള്ളവും വായുവും പണ്ടത്തേക്കാൾ ശുദ്ധമാണ് എന്നാണ്. പണ്ടൊക്കെ മണ്ഡലകാലത്ത് അല്ലാതെ പോലും ഇവിടെ ഈച്ചകളുടെ ശല്യം കാരണം ഭക്ഷണം തുറന്ന് വയ്ക്കാൻ കഴിയാതെ ഇരുന്ന സാഹചര്യം ഇപ്പോൾ മാറി എന്ന് ആരോഗ്യ വകുപ്പിലെയും പൊതുമരാമത്തു വകുപ്പിലെയും ഉദ്യോഗസ്ഥർ പറയുന്നു. മണ്ഡലകാലം കഴിയുമ്പോൾ ചത്ത് വീഴുന്ന വന്യ ജീവികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടെന്ന് വനംവകുപ്പ്.

പുണ്യം പൂങ്കാവനം പദ്ധതി അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ശബരിമല പദ്ധതി പ്രദേശത്തു സമ്പൂർണ്ണ പ്ലാസ്റ്റിക്ക് നിരോധനം വേണെമന്ന് ബഹുമാന്യ കേരള ഹൈക്കോടതി ഉത്തരവിറക്കുന്നതും.

ശബരിമലയുടെ പുനഃജീവന തന്ത്രത്തിന്റെ ഭാഗമായി പുണ്യം പൂങ്കാവനം അവതരിപ്പിച്ച അടുത്ത ആശയം, പ്ലാസ്റ്റിക്ക് സാന്നിധ്യം വളരെ കുറിച്ചുള്ള 'പൂങ്കാവന ഇരുമുടി ' എന്നതാണ്. ഒപ്പം, തീർത്ഥാടന വേളയിൽ ഉണ്ടാക്കുന്ന മാലിന്യം പെറുക്കിയെടുത്തു തിരിച്ചു കൊണ്ട് പോയി സംസ്കരിക്കാൻ 'ഒരു മുടി സഞ്ചി ' എന്ന ആശയവും. ശബരിമല സന്ദർശിക്കുന്ന അയ്യപ്പന്മാർ തിരിച്ചു പോകുമ്പോൾ പ്രസാദമായി ഓരോ വൃക്ഷ തൈകൾ കൊണ്ട് പോയി, അവരവരുെട നാട്ടിൽ നട്ടു പരിപാലിക്കുന്ന 'വൃക്ഷ പ്രസാദം' എന്ന ആശയവും ഇതോടൊപ്പം തുടങ്ങി വച്ചു.

ഇപ്പോൾ തമിഴ്നാട്ടിലെ Hindu Religious & Charitable Endowments (HR&CE) വകുപ്പിന്റെ കീഴിലുള്ള എല്ലാ അമ്പലങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രങ്ങൾ ആക്കാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു. മലബാർ ദേവസ്വത്തിന് കീഴിലുള്ള 1,200 ൽ അധികം അമ്പലങ്ങൾ ഇപ്പോൾ പുണ്യം പൂങ്കാവനം കേന്ദ്രങ്ങളാണ്. കൊച്ചി ദേവസ്വത്തിന്റെ കീഴിലുള്ള അമ്പലങ്ങളിലും ഈ പദ്ധതി നടപ്പാക്കി വരുന്നു. കർണാടക, ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പല ക്ഷേത്രങ്ങളും പുണ്യം പൂങ്കാവനം കേന്ദ്രങ്ങളായി മാറി മനുഷ്യനെ പ്രകൃതിയോട് അടുപ്പിക്കുന്ന ശ്രമങ്ങളിൽ വ്യാപൃതരാണ്.

പുണ്യം പൂങ്കാവന വർഷം (ജനുവരി 14, 2022 - ജനുവരി 14, 2023)

പുണ്യം പൂങ്കാവനം പദ്ധതിയുടെ പത്താം വാർഷികം പ്രമാണിച്ചു ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ മതസൗഹാർദ്ദം, പരിസ്ഥിതി സംരക്ഷണം, വ്യക്തി ശുചിത്വം എന്നീ വിഷയങ്ങളിലാണ് സവിശേഷ ശ്രദ്ധ നൽകുന്നത്. ഈ പദ്ധതി ഈ വർഷത്തെ മകരവിളക്ക് മുതൽ (ജനുവരി 14, 2022) അടുത്ത മകരവിളക്ക് വരെ (ജനുവരി 14, 2023) ആയിരിക്കും ഉണ്ടാകുക. ഈ വർഷാചരണത്തിന്റെ ഭാഗമായ പ്രവർത്തനങ്ങൾ ഇവ ആയിരിക്കും:

1. ഹരിത തീർത്ഥാടനം- പ്രകൃതിക്ക് അനുയോജ്യമായ തീർത്ഥാടനങ്ങൾ സംഘടിപ്പിക്കാൻ ഭക്തരെ പ്രേരിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. സപ്ത കർമ്മങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുക എന്നത് ഇതിന്റെ ഒരു ഘടകമാണ് . ഇത് ശബരിമലയിൽ മാത്രമല്ല, കഴിയുന്നിടത്തോളം എല്ലാ ദേവാലയങ്ങളിലും നടപ്പാക്കുക, ശബരിമല തീർത്ഥാടനത്തിന്റെ വ്രതകാലം മുഴുവൻ അയ്യപ്പന്മാർ ഇത് പാലിക്കുന്നു എന്നുറപ്പ് വരുത്തുക എന്നതൊക്കെയാണ് ഇതിന്റെ ഉദ്ദേശലക്ഷ്യം.

2. ശുദ്ധി സേവ - ആരാധനാലയങ്ങൾ ശുചിയായി സൂക്ഷിക്കുക എന്നത് ഭക്തരുടെ
ഉത്തരവാദിത്വമാണ് എന്നതാണ് ഈ പദ്ധതി മുന്നോട്ട് വയ്ക്കുന്ന ആശയം. അതിനാൽ ശുദ്ധി സേവയിൽ പങ്കെടുക്കുക എന്നത് ഒരു താല്പര്യം മാത്രമല്ല ഉറപ്പായും ചെയ്തിരിക്കേണ്ട കർമ്മമാണ് എന്ന് ഭക്തരെ ബോധവൽക്കരിക്കുക, ദേവാലയങ്ങളോട് ചേർന്ന് കാവുകൾ പരിപാലിക്കുക, നക്ഷത്ര വനങ്ങൾ നട്ടു വളർത്തുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.

3. പൂങ്കാവന കേന്ദ്രങ്ങൾ - ദക്ഷിണ ഇന്ത്യയിലെ എല്ലാ ആരാധനാലയങ്ങളെയും ശുചിത്വത്തിന്റെ (വ്യക്തി ശുചിത്വത്തിന്റെയും പരിസര ശുചിത്വത്തിന്റെയും) ആദർശ കേന്ദ്രങ്ങൾ ആയി മാറ്റുക, അതോടൊപ്പം പ്രകൃതി സംരക്ഷണത്തിന്റെ (ജലം, വായു, ഭൂമി) കേന്ദ്രങ്ങളാക്കി മാറ്റുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. നല്ലൊരു നാളെയുടെ വഴി തെളിക്കാൻ പുണ്യം പൂങ്കാവനം കേന്ദ്രങ്ങൾക്ക് കഴിയണം.

cmsvideo
  കേരളത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ അടച്ചു | Oneindia Malayalam

  4. ഹരിത ജീവനം - വിദ്യാഭാസ സ്ഥാപനങ്ങളിലൂടെ കുഞ്ഞുങ്ങളിലും യുവ ജനതയിലും ഹരിത ജീവനത്തിന്റെ പാഠങ്ങൾ എത്തിക്കുക, അവരെ പ്രചോദിപ്പിച്ച സാമൂഹ്യ മാധ്യമങ്ങൾ, ദൃശ്യ മാധ്യമങ്ങൾ, പങ്കാളിത്ത പരിപാടികൾ, ഷോർട് ഫിലിമുകൾ, സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

  English summary
  A DECADE DEDICATED TO NATURE: Detailed Report on10 years of Punyam Poonkavanam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X