' ഗേള്‍ നമ്പര്‍ 166' കാണാമറയത്ത് 9 വര്‍ഷം, ഒടുവില്‍ കണ്ടെത്തിയതിങ്ങനെ; സിനിമാക്കഥ പോലൊരു അന്വേഷണം
മുംബൈ: ഡി.എന്‍ നഗര്‍ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന രാജേന്ദ്ര ദോണ്ഡു ഭോസ്ലെ 2015 നാണ് സര്‍വ്വീസില്‍ നിന്ന് വിമരിച്ചത്. സര്‍വ്വീസില്‍ നിന്ന് വിരമിക്കും മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 2008നും 2015നും ഇടയില്‍ അദ്ദേഹം അന്വേഷിച്ചത് പെണ്‍കുട്ടികളെ കാണാതായ 166 കേസുകളാണ്.അതില്‍ 165 പെണ്‍കുട്ടികളെയും കണ്ടെത്താന്‍ അദ്ദേഹത്തിനായി. എന്നാല്‍, 'ഗേള്‍ നമ്പര്‍ 166' എന്നറിയപ്പെട്ട കേസിലെ പെണ്‍കുട്ടിയെ മാത്രം അദ്ദേഹത്തിന് കണ്ടെത്താനായില്ല. 2013ലായിരുന്നു ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ കാണാതായത്. 2015ല്‍ വിരമിച്ചെങ്കിലും കഴിഞ്ഞ ഏഴ് വര്‍ഷവും ഭോസ്ലെ ആ പെണ്‍കുട്ടിക്കായി അന്വേഷണം തുടര്‍ന്നു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.20ഓടെ 'ഗേള്‍ നമ്പര്‍ 166' തന്റെ കുടുംബത്തെ വീണ്ടും കണ്ടുമുട്ടി. മുംബൈ അന്തേരിയില്‍ തന്റെ വീടിന് 500 മീറ്റര്‍ മാത്രം അകലെയായിരുന്നു ആ പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. കേസില്‍ 50കാരനായ ജോസഫ് ഡിസൂസയെ പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ സോണി (37)യും കേസില്‍ പ്രതിയാണ്. കുഞ്ഞുങ്ങളില്ലാത്തതിന്റെ വിഷമത്തില്‍ 2013 ജനുവരി 22ന് ഡിസൂസയും സോണിയും ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. 2013ല്‍ സ്‌കൂളില്‍ പോയി വരുംവഴിയാണ് ഡിസൂസ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവരുന്നത്. കുട്ടി തിരിച്ചെത്താതായതോടെ കുടുംബം പരാതി നല്‍കി. ഡി.എന്‍ നഗര്‍ സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന ഭോസ്ലെക്കായിരുന്നു അന്വേഷണ ചുമതല.

കുട്ടിയെ കണ്ടെത്താനായി വലിയ കാമ്പയിനുകള്‍ ആരംഭിച്ചിരുന്നു. ഇതോടെ, ഡിസൂസയും ഭാര്യയും പ്രതിസന്ധിയില്‍പ്പെട്ടു. തുടര്‍ന്ന് ഇവര്‍ കുട്ടിയെ തങ്ങളുടെ സ്വദേശമായ കര്‍ണാടകയിലെ റായ്ചൂരിലെ ഒരു ഹോസ്റ്റലില്‍ താമസിപ്പിച്ചു.2016ല്‍ ഡിസൂസക്കും സോണിക്കും ഒരു കുട്ടി ഉണ്ടായി. ഇതോടെ കുഞ്ഞിനെ നോക്കാനായി ഇവര്‍ കര്‍ണാടകയില്‍ നിന്നും പെണ്‍കുട്ടിയെ തിരികെ അന്തേരിയിലേക്ക് കൊണ്ടുവന്നു. എന്നാല്‍, രണ്ട് കുട്ടികളെ വളര്‍ത്താനുള്ള വരുമാനം ഇല്ലാതായതോടെ പെണ്‍കുട്ടിയെ ഇവര്‍ കുഞ്ഞുങ്ങളെ നോക്കുന്ന ജോലിക്കയച്ചു.

അപ്പോഴേക്കും മൂന്ന് വര്‍ഷം പിന്നിട്ടിരുന്നു. അതിനിടെ, യാദൃശ്ചികമെന്നോണം കുടുംബം മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്, തട്ടിക്കൊണ്ടുവന്ന കുട്ടിയുടെ വീടിന് 500 മീറ്റര്‍ അകലെയായിരുന്നു. കുട്ടിയെ ആര്‍ക്കും തിരിച്ചറിയാനാകില്ലെന്നായിരുന്നു വിശ്വാസം. കുട്ടിയെ കണ്ടെത്താനായുള്ള പ്രചാരണങ്ങളെല്ലാം അവസാനിച്ചിരുന്നു. മിസ്സിങ് പോസ്റ്ററുകളും ബാക്കിയുണ്ടായിരുന്നില്ല. മേഖലയിലെ ഒരാളോടും മിണ്ടരുതെന്നും കുട്ടിക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ 'ഗേള്‍ നമ്പര്‍ 166'നെ കണ്ടെത്താനുള്ള ശ്രമം ഭോസ്ലെ എന്ന പൊലീസുകാരന്‍ തുടര്‍ന്നു. വിരമിച്ചിട്ടും പെണ്‍കുട്ടിയെ തേടിയുള്ള യാത്ര അദ്ദേഹം തുടര്‍ന്നു. പെണ്‍കുട്ടിയുടെ കുടുംബം പ്രതീക്ഷ കൈവിട്ടിട്ടിരുന്നിട്ടുപോലും ആ പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നോട്ട് നീങ്ങിയില്ല.

കുഞ്ഞുങ്ങളെ നോക്കുന്ന വീട്ടിലെ വേലക്കാരിയായ സ്ത്രീയാണ് പെൺകുട്ടിക്ക് സഹായവുമായി എത്തിയത്. കുട്ടി തന്‍റെ കഥ ഇവരോട് പറഞ്ഞു. തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന് ഡിസൂസ പറയാറുള്ള കാര്യവും പറഞ്ഞു. വേലക്കാരി ഗൂഗിളിൽ 2013ൽ കാണാതായ കുട്ടികളെ കുറിച്ച് സെർച് ചെയ്തു. പെൺകുട്ടിയെ കാണാതായപ്പോൾ നടന്ന പ്രചാരണങ്ങളും നോട്ടീസുകളുമെല്ലാം ഓൺലൈനിൽ കാണാനായി.
തന്‍റെ പഴയ ചിത്രം കുട്ടി ഓൺലൈനിൽ കണ്ടതോടെ വഴിത്തിരിവായി. തന്‍റെ വീടിന് സമീപത്തെവിടെയോ ആണ് താനുള്ളതെന്നും കുട്ടി മനസിലാക്കി. ഓൺലൈനിൽ കണ്ട മിസ്സിങ് പോസ്റ്ററിൽ ബന്ധപ്പെടാൻ അഞ്ച് നമ്പറുകൾ നൽകിയിരുന്നു. നാലെണ്ണത്തിൽ വിളിച്ചപ്പോഴും സ്വിച്ച് ഓഫായിരുന്നു. എന്നാൽ, അഞ്ചാമത്തെ നമ്പറിൽ വിളിച്ചപ്പോൾ കുട്ടിയുടെ അയൽവാസിയായിരുന്ന റഫീഖ് എന്നയാളെ കിട്ടി.

ആദ്യം ഫോൺ വന്നപ്പോൾ റഫീഖ് വിശ്വസിച്ചിരുന്നില്ല. ഫോട്ടോ അയച്ചുനൽകാൻ റഫീഖ് കുട്ടിയോടും സഹായിയോടും ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും റഫീഖിനെ വിഡിയോ കോൾ ചെയ്തു. ഈ ദൃശ്യങ്ങൾ വീട്ടുകാരെ കാണിച്ചതോടെ അവർ ഉറപ്പിച്ചു, കാണാതായ മകൾ തന്നെയാണെന്ന്.
ഉടൻ പൊലീസിൽ അറിയിക്കുകയും കുട്ടി ജോലി ചെയ്യുന്നിടത്തേക്ക് പുറപ്പെടുകയും ചെയ്തു കുടുംബം. രാത്രി 8.20ഓടെ വീട്ടിന് പുറത്തേക്കിറങ്ങിവന്ന കുട്ടി ഒമ്പത് വർഷത്തിന് ശേഷം ആദ്യമായി അമ്മയെ കണ്ടു. കുട്ടിയുടെ പിതാവ് വർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു.












Click it and Unblock the Notifications