കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ആം ആദ്മി; ലക്ഷ്യം കോണ്‍ഗ്രസ് തന്നെ..?
സംസ്ഥാന പദവി നഷ്ടമായ ശേഷം ജമ്മു കശ്മീരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്തും എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിരുന്നു

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന പ്രഖ്യാപനവുമായി ആം ആദ്മി പാര്‍ട്ടി. ജമ്മു കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എപ്പോള്‍ നടന്നാലും പൂര്‍ണ്ണ ശക്തിയോടെ തങ്ങള്‍ മത്സരിക്കും എന്നാണ് ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പതക്ക് പറഞ്ഞത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ കൂടിയായ സന്ദീപ് പതക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നിര്‍ണായക യോഗത്തിലാണ് തീരുമാനം.
ആം ആദ്മിയുടെ ജമ്മു കശ്മീരിലെ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഇമ്രാന്‍ ഹുസൈനും കേന്ദ്ര ഭരണ പ്രദേശത്തെ പാര്‍ട്ടി യൂണിറ്റ് ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ആം ആദ്മിയുടെ രാജ്യസഭാ എം പിയാണ് സന്ദീപ് പതക്ക്. ജമ്മു കശ്മീരിലെ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ആം ആദ്മി മത്സരിക്കും എന്ന് സന്ദീപ് പതക്ക് കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിലെ മുക്കിലും മൂലയിലും പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തും.

അടിത്തട്ട് ശക്തമാക്കണം
പ്രവര്‍ത്തനം ദ്രുതഗതിയിലാക്കണം എന്ന് താഴേത്തട്ടിലേക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് എന്നും സന്ദീപ് പതക്ക് വ്യക്തമാക്കി. യോഗത്തില്‍ ജമ്മു കശ്മീരിലെ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ഘടനാപരമായ വികസനവും സന്ദീപ് പതക്ക് അവലോകനം ചെയ്തതായി പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. യോഗത്തില്‍ എ എ പിയുടെ ചെയര്‍പേഴ്സണ്‍മാരും വിവിധ കമ്മിറ്റികളുടെ സഹ അധ്യക്ഷന്മാരും ജമ്മു കശ്മീരിലെ എല്ലാ ജില്ലാ പ്രസിഡന്റുമാരും പങ്കെടുത്തിരുന്നു.

ഗുജറാത്ത് ആവര്‍ത്തിക്കണം
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഒാരോ സംസ്ഥാത്തേും കടന്ന് കയറാനുള്ള പ്രവര്‍ത്തനം വേഗത്തിലാക്കുകയാണ് ആം ആദ്മി. വലിയ തയ്യാറെടുപ്പുകളുമായി ഗുജറാത്തില്‍ എല്ലാ മണ്ഡലത്തിലും മത്സരിക്കാനിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. എങ്കിലും ചരിത്രത്തിലാദ്യമായി ഗുജറാത്ത് നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കായി. അഞ്ച് എം എല്‍ എമാരാണ് ഗുജറാത്തില്‍ ആം ആദ്മി പാര്‍ട്ടിക്കുള്ളത്.

അഞ്ച് നിയമസഭയില്‍ പ്രാതിനിധ്യം
ദല്‍ഹി, പഞ്ചാബ്, ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടിക്ക് എം എല്‍ എമാരുണ്ട്. കേന്ദ്രഭരണ പ്രദേശമായ ദല്‍ഹിയിലെ ഭരണ മികവ് കാട്ടി മറ്റൊരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കശ്മീരിലും സ്വാധീനമുറപ്പിക്കാനാണ് ആം ആദ്മി ശ്രമിക്കുന്നത്. അതേസമയം കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി എന്നീ പ്രാദേശിക ശക്തികള്‍ക്ക് വ്യക്തമായ വേരോട്ടമുണ്ട്. ഒപ്പം കോണ്‍ഗ്രസിനും ബി ജെ പിക്കും സ്വാധീനമുണ്ട്.

സഖ്യമോ.. അതോ ഒറ്റക്കോ
ഇതിന് പുറമെ ഗുലാം നബി ആസാദിന്റെ ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയും മത്സരരംഗത്തുണ്ടാകും. ഈ സാഹചര്യത്തില്‍ ഒറ്റക്കാണോ ആം ആദ്മി പാര്‍ട്ടി മത്സരിക്കുക അതോ സഖ്യമായിട്ടാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ജമ്മു കശ്മീരിലും എം എല്‍ എ സ്ഥാനം നേടി ബി ജെ പി, കോണ്‍ഗ്രസ് ഇതര കക്ഷികളില്‍ ഒന്നാമത് എത്താനാണ് ആം ആദ്മി പാര്‍ട്ടി തന്ത്രമിടുന്നത്.












Click it and Unblock the Notifications