ഡൽഹിയിലെ പ്രളയത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ആം ആദ്മി പാർട്ടി, 'ബിജെപി നിർമ്മിത ദുരന്തം'
ഡല്‍ഹി: യമുനാ നദി കരകവിഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹിയിലുണ്ടായ പ്രളയത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. 208.66 മീറ്റര്‍ ഉയരത്തിലാണ് യമുനയില്‍ വെള്ളം ഉയര്‍ന്നത്. ഇത് റെക്കോര്‍ഡാണ്. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്നും അധികജലം തുറന്ന് വിട്ട് രാജ്യതലസ്ഥാനത്തെ പ്രളയത്തില്‍ മുക്കാനുളള ഗൂഢാലോചന ആണ് നടന്നത് എന്നാണ് ആരോപണം.
ഡല്‍ഹിയിലെ ജലസേചന-പ്രളയ വകുപ്പ് മന്ത്രി സൗരഭ് ഭരദ്വാജ് ആണ് ഈ ഗുരുതരമായ ആരോപണം പത്രസമ്മേളനത്തില്‍ ഉന്നയിച്ചിരിക്കുന്നത്. ''ഡല്‍ഹിയെ മനപ്പൂര്‍വ്വം വെള്ളത്തില്‍ മുക്കുകയാണ്. ഹത്‌നികുണ്ഡ് അണക്കെട്ടിലെ അധികജലം ഡല്‍ഹിയെ മുക്കാനായി തുറന്ന് വിട്ടിരിക്കുകയാണ്. സുപ്രീം കോടതി അടക്കം ഡല്‍ഹിയിലുളള എല്ലാ പ്രധാന സ്ഥാപനങ്ങളേയും പ്രളയത്തിലാക്കാനുളള ഗൂഢാലോചനയുണ്ട്'', സൗരഭ് ഭരദ്വാജ് ആരോപിച്ചു.

അണക്കെട്ടിലെ അധികജലം ഹരിയാനയിലെ പടിഞ്ഞാറന്‍ കനാലിലേക്കോ ഉത്തര്‍പ്രദേശിലെ കിഴക്കന്‍ കനാലിലേക്കോ തുറന്ന് വിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഡല്‍ഹിയിലെ പ്രളയ സമാന സാഹചര്യം ഒഴിവാക്കാവുന്നതായിരുന്നു എന്നാണ് പൊതുമരാമത്ത് വകുപ്പ മന്ത്രി ആതിഷി പ്രതികരിച്ചത്. യമുനയിലെ ജലനിരപ്പ് കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വൈകാതെ തന്നെ ആശ്വാസമാകുമെന്നും ആതിഷി പറഞ്ഞു.
''ഹത്‌നികുണ്ഡ് അണക്കെട്ടിലെ അധികജലം എന്തുകൊണ്ട് ഡല്‍ഹിയിലേക്ക് മാത്രമായി തുറന്ന് വിട്ടു എന്നതൊരു വലിയ ചോദ്യമാണ്. ഹരിയാനയിലേക്കും ഉത്തര്‍ പ്രദേശിലേക്കുമുളള കനാലുകളിലേക്ക് ഒരു തുള്ളി വെള്ളം പോലും പോയിട്ടില്ല. ഹരിയാനയ്ക്ക് ഇതിനൊരു ഉത്തരമുണ്ടാകും. ഡല്‍ഹിയിലെ പ്രളയ സാഹചര്യം ഒഴിവാക്കാവുന്നതായിരുന്നില്ലേ'', അതിഷി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പ്രതികരിച്ചു.
എഎപി നേതാവ് സോംനാഥ് ഭാരതിയും സമാന പ്രതികരണം നടത്തി രംഗത്ത് വന്നിട്ടുണ്ട്. ഡല്‍ഹിയിലെ പ്രളയം ബിജെപി നിര്‍മ്മിത ദുരന്തമാണെന്ന് സോംനാഥ് ഭാരതി ആരോപിച്ചു. ''ഉത്തര്‍ പ്രദേശിലേയും ഹരിയാനയിലേക്കും കിഴക്ക്-പടിഞ്ഞാറന്‍ കനാലുകളില്‍ വെള്ളമേയില്ല. വെള്ളത്തിന്റെ ഒഴുക്കിനെ മനപ്പൂര്‍വ്വം ഡല്‍ഹിയിലേക്ക് തിരിച്ച് വിട്ടതാണ്. ഡല്‍ഹിയിലെ പ്രളയം ബിജെപി സൃഷ്ടിച്ച ദുരന്തമാണ്'', സോംനാഥ് ഭാരതി കുറ്റപ്പെടുത്തി.
അതേസമയം പ്രളയത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുളള ആപ്പിന്റെ ആരോപണത്തിന് മറുപടിയുമായി ബിജെപി രംഗത്ത് വന്നു. ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ കൊവിഡ് കാലത്ത് ചെയ്തത് പോലെ തങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറി മറ്റു സംസ്ഥാനങ്ങളെ കുറ്റം പറയുകയാണ് എന്ന് ബിജെപി ഡല്‍ഹി അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പ്രതികരിച്ചു. ഡല്‍ഹി വെള്ളത്തില്‍ മുങ്ങാനുളള കാരണം അനധികൃത നിര്‍മ്മാണങ്ങളാണെന്നാണ് ഹരിയാന കൃഷി വകുപ്പ് മന്ത്രി ജയ് പ്രകാശ് ദലാല്‍ പ്രതികരിച്ചത്.












Click it and Unblock the Notifications