മദനിക്ക് കേരളത്തിലേക്ക് വരാന്‍ അനുമതി; ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീംകോടതി, വിവരങ്ങള്‍
ന്യൂഡല്‍ഹി: പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയ മദനിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. കര്‍ണാടക സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചാണ് സുപ്രീംകോടതിയുടെ തീരുമാനം. മദനിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് സുപ്രീംകോടതിയില്‍ ഹാജരായത്.
പിതാവിന്റെ ആരോഗ്യ നില വളരെ മോശമായി തുടരുന്നതിനാല്‍ അദ്ദേഹത്തെ കാണാന്‍ മദനിക്ക് കേരളത്തിലേക്ക് പോകണം എന്നായിരുന്നു കപില്‍ സിബലിന്റെ പ്രധാന ആവശ്യം. ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മദനി നിലവില്‍ ബെംഗളൂരുവില്‍ കഴിയുകയാണ്. ഇവിടെ വിട്ട് പോകരുതെന്നാണ് ഇതുവരെയുണ്ടായിരുന്നു ജാമ്യ വ്യവസ്ഥ. ഇതില്‍ ഇളവ് നല്‍കുകയാണ് സുപ്രീംകോടതി ചെയ്തത്.

രണ്ടു മാസത്തേക്കുള്ള ഇളവാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്. കര്‍ണാടക പോലീസിന്റെ നിരീക്ഷണം മദനിക്ക് മേലുണ്ടാകും. കൂടാതെ കേരളാ പോലീസും നിരീക്ഷിക്കും. കര്‍ണാടക സര്‍ക്കാര്‍ മദനിയുടെ ആവശ്യം ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ മാനുഷികമായ പരിഗണന ഈ വിഷയത്തിലുണ്ടാകണം എന്ന് കപില്‍ സിബല്‍ വാദിച്ചു.
മദനിയുടെ ആരോഗ്യ അവസ്ഥയും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡോക്ടറെ പ്രേരിപ്പിച്ചാണ് രേഖ തയ്യാറാക്കിയത് എന്ന രീതിയിലാണ് കര്‍ണാടക സര്‍ക്കാര്‍ ഇതിനെ എതിര്‍ത്തത്. എന്നാല്‍ വൃക്ക രോഗം, കടുത്ത പ്രമേഹം, കാഴ്ച വെല്ലുവിളി, എന്നിവയെല്ലാം മദനിയെ അലട്ടുന്നുലെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു. കരള്‍ മാറ്റി വെക്കേണ്ടി വന്നാല്‍ ദാതാവിനെ കണ്ടെത്തണം. ഇത് കര്‍ണാടകയില്‍ താമസിച്ചാല്‍ സാധിക്കില്ലെന്നും ബോധിപ്പിച്ചു.
മദനിയുടെ ആരോഗ്യ അവസ്ഥ, മദനിയുടെ പിതാവിന്റെ സാഹചര്യം എന്നിവയാണ് ഏറ്റവും ഒടുവില്‍ കപില്‍ സിബല്‍ പ്രധാനമായും കോടതിയില്‍ വാദിച്ചത്. മദനി കേരളം വിട്ട് പോകാന്‍ സാധ്യതയില്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ നേതാവാണ് മദനി. അതുകൊണ്ട് തന്നെ അദ്ദേഹം നിയമത്തിന്റെ വഴിയില്‍ നിന്ന് തെറ്റി സഞ്ചരിക്കില്ലെന്നും കപില്‍ സിബല്‍ ബോധിപ്പിച്ചു.
മദനി എപ്പോള്‍ കേരളത്തിലെത്തും
കേസിലെ സാക്ഷികളെ സ്വാധീനിച്ചേക്കാം, കേസ് അട്ടിമറിക്കാന്‍ രഹസ്യ നീക്കം നടത്തിയേക്കാം തുടങ്ങിയ വാദങ്ങളും നേരത്തെ കര്‍ണാടക ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത്രയും കാലം ബെംഗളൂരുവില്‍ ജാമ്യത്തില്‍ കഴിഞ്ഞിരുന്ന മദനിയുടെ പ്രവര്‍ത്തനങ്ങള്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. ജാമ്യം ലഭിച്ച ശേഷം വ്യവസ്ഥ പാലിച്ച് വര്‍ഷങ്ങളായി അദ്ദേഹം ബെംഗളൂരുവില്‍ താമസിക്കുകയാണ്.
ഇതുവരെ മദനി കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ല. ഇനി കേരളത്തില്‍ പോയി അട്ടിമറിക്കുമെന്ന് പറയുന്നത് വിശ്വസിക്കാനുമാകില്ല. ജാമ്യ വ്യവസ്ഥ ഇതുവരെ ലംഘിക്കാത്ത വ്യക്തിയാണ് മദനി എന്നും കപില്‍ സിബല്‍ വാദിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ ഏത് സമയവും കര്‍ണാടകയില്‍ ഹാജരാക്കി മദനിക്ക് പുറത്തിറങ്ങാം.
ഇന്ന് മോചനത്തിന് സാധ്യതയില്ല എന്നാണ് വിവരം. നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കുറഞ്ഞ സമയം കൊണ്ട് സാധിക്കില്ല എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്. എന്നാല്‍ എത്രയും വേഗം അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കുമെന്നാണ് മദനിയുമായി ബന്ധമുള്ളവര്‍ പറയുന്നത്. ശാരീരികമായി വളരെ പ്രയാസം നേരിടുന്ന മദനി നാട്ടിലെത്തിയാല്‍ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിച്ചേക്കും.












Click it and Unblock the Notifications