നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; പുറത്തിറക്കിയത് പിൻഗേറ്റിലൂടെ
ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിൽ മോചിതനായി. ഒരു രാത്രി ജയിലിൽ കഴിഞ്ഞ ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്. പുഷ്പ 2 സിനിമയുടെ റിലീസിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ മനപൂർവമല്ലാത്ത നരഹത്യാ കേസിലാണ് അല്ലുവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
ഇടക്കാല ജാമ്യം നൽകിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകർപ്പ് ലഭിച്ചതോടെയാണ് അല്ലു ജയിൽ മോചിതനായത്. ജയിലിന് പ്രധാന ഗേയ്റ്റിന് പുറത്ത് ആരധകർ അടക്കം നിരവധിപേർ കാത്തുനിൽക്കുന്നതിനാൽ പിൻഗേറ്റ് വഴിയാണ് അല്ലു പുറത്തിറങ്ങിയത്.

അല്ലു അർജുനെ സ്വീകരിക്കാൻ അച്ഛൻ അല്ലു അരവിന്ദ്, ഭാര്യാപിതാവ് കാഞ്ചർല ചന്ദ്രശേഖർ റെഡ്ഡി എന്നിവർ എത്തിയിരുന്നു. ഇന്നലെ രാത്രി കോടതിയിൽ നിന്ന് ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലിൽ എത്താൻ വൈകിയതിനെ തുടർന്നാണ് അല്ലുവിന് ജയിലിൽ തുടരേണ്ടി വന്നത്.
ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് ലഭിച്ചിട്ടും അല്ലുവിനെ പുറത്തിറക്കാത്തതിൽ ജയിൽ അധികൃതർ ഉത്തരം പറയേണ്ടിവരുമെന്നും നിയമപരമായി നേരിടുമെന്നും നിലവിൽ അല്ലു വീട്ടിൽ തിരിച്ചെത്തിയെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ അശോക് റെഡ്ഡി പറഞ്ഞു.
തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഉത്തരവ് വൈകി എത്തിയത് കൊണ്ടാണ് വെള്ളിയാഴ്ച അദ്ദേഹത്തെ വിട്ടയക്കാതിരുന്നത്.
രാത്രി 11 മണിയോടെ ഇടക്കാല ഉത്തരവ് ചഞ്ചൽഗുഡ ജയിൽ സൂപ്രണ്ടിന് ലഭിച്ചിരുന്നു. എന്നാൽ തടവ് പുള്ളികളെ രാത്രി വൈകി മോചിതരാക്കാൻ ജയിൽ ചട്ടം അനുവദിക്കിന്നില്ലെന്ന കാരണം പറഞ്ഞാണ് അല്ലുവിനെ വിട്ടയക്കാതിരുന്നത്. ഇന്നലെ ഉച്ചയോടെ ആണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കേസിൽ നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ടിരുന്നു. എന്നാൽ മണിക്കൂറുകൾക്കകം അദ്ദേഹത്തിന് ഇടക്കാല ജാമ്യം ലഭിച്ചു. തെലങ്കാന കോടതിയാണ് ജാമ്യം നൽകിയത്. നടനാണെങ്കിലും പൗരനെന്ന നിലയിൽ ജീവിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും അല്ലുവിന് ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടിലെത്തിയാണ് അല്ലുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദപരാബാദിലെ സന്ധ്യാ തിയറ്റിൽ വെച്ചാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ചിത്രത്തിന്റെ പ്രീമയർ ഷോ കാണാനെത്തിയ രേവകി ( 39) ആണ് തിയറ്ററിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്.












Click it and Unblock the Notifications