'യുധിഷ്ഠിരന്‍' ഫിലിം ഇന്‍സ്റ്റിറ്റയൂട്ട് ചെയര്‍മാന്‍; പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍
പൂനെ: കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ കാവിവത്കരണം നടക്കുകയാണെന്ന ആരോപണത്തിനിടെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചെയര്‍മാനായി ടെലിവിഷന്‍ അഭിനേതാവും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിവിധ കോഴ്‌സുകള്‍ക്കായി പഠിക്കുന്ന വിദ്യാര്‍ഥികളാണ് കാമ്പസില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നത്.
ഗജേന്ദ്ര ചൗഹാനെ നിയമിച്ചതിന് പിന്നില്‍ രാഷ്ട്രീയ താത്പര്യം മാത്രമാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. പ്രഗല്‍ഭന്മാരുടെ പിന്‍ഗാമിയായി ഇത്തരത്തില്‍ ഒരാളെ നിയമിച്ചത് ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിനെ അപമാനിക്കുന്നതിന് തുല്യമാണ്. ശ്യാം ബെനഗല്‍, മുകേഷ് ഖന്ന, ഗിരിഷ് കര്‍ണാട്, യു ആര്‍ അനന്തമൂര്‍ത്തി, അടൂര്‍ ഗോപാലകൃഷ്ണന്‍, സയീദ് അക്തര്‍ മിശ്ര എന്നിവരുടെ പിന്‍ഗാമിയായാണ് ചൗഹാനെ നിയമിച്ചതെന്ന് ഓര്‍മിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ളയാളാണ് ഗജേന്ദ്ര ചൗഹാന്‍. ബിജെപി സാംസ്‌കാരിക വിഭാഗത്തിന്റെ ജോയിന്റ് കണ്‍വീനര്‍, പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ പ്രത്യേക ക്ഷണിതാവ് എന്നീനിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹരിയാണയില്‍ ബിജെപിക്കുവേണ്ടി പ്രചരണം നയിക്കാനും ഇദ്ദേഹം മുന്‍പന്തിയില്‍ ഉണ്ടായിരുന്നു.
മഹാഭാരതം സീരിയലില്‍ യുധിഷ്ഠിരനെ അവതരിപ്പിച്ചാണ് ഇദ്ദേഹം പ്രശസ്തനായത്. പിന്നീട് മറ്റു ചില സീരിയലുകളിലും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തു. പ്രമുഖ നടി വിദ്യാ ബാലന്‍, സംവിധായകന്‍ രാജു ഹിറാനി, ജാനു ബര്‍വ്വ, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ എന്നിവര്‍ക്കൊപ്പമാണ് ഗജേന്ദ്രയും ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications