മമത വീഴുമോ? 38 എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടു... വെളിപ്പെടുത്തി മിഥുന്‍ ചക്രവര്‍ത്തി
കൊല്‍ക്കത്ത: മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ തൃണമൂല്‍ കോണ്‍ഗ്രസിന് അടുത്ത അടി വരുന്നു. 38 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. നടനും ബിജെപി നേതാവുമായ മിഥുന്‍ ചക്രവര്‍ത്തിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 21 എംഎല്‍എമാര്‍ എന്നെ കണ്ടുവെന്നും നിങ്ങള്‍ക്കിത് ബ്രേക്കിങ് ന്യൂസാകുമെന്നും മിഥുന്‍ ചക്രവര്‍ത്തി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്. ബംഗാളിലെ രാഷ്ട്രീയ-സിനിമാ മേഖലയിലുള്ളവരുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് ഇദ്ദേഹം. നേരത്തെ ആര്‍എസ്എസ് ആസ്ഥാനമായ മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള കാര്യാലയത്തില്‍ മിഥുന്‍ ചക്രവര്‍ത്തി പോയതും വലിയ വാര്‍ത്തയായിരുന്നു. ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. പക്ഷേ, നടന്റെ പാര്‍ട്ടി പ്രവേശം തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണം ചെയ്തിരുന്നില്ല.
ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രതിഛായയുമായി ബന്ധപ്പെട്ട ചോദ്യത്തിന് മിഥുന്‍ ചക്രവര്‍ത്തി നല്‍കിയ പ്രതികരണം ഇങ്ങനെയാണ്- രാജ്യത്തെ മൂന്ന് സ്റ്റാറുകള്‍ മുസ്ലിങ്ങളാണ്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ആമിര്‍ ഖാന്‍. അതെങ്ങനെ സംഭവിച്ചു. ബിജെപി 18 സംസ്ഥാനങ്ങളില്‍ അധികാരത്തിലില്ലേ. ഈ സംസ്ഥാനങ്ങളിലെല്ലാം മൂന്ന് താരങ്ങളുടെയും ചിത്രങ്ങള്‍ വലിയ കളക്ഷന്‍ നേടുന്നില്ലേ. ബിജെപി അവര്‍ക്ക് എതിരാണെങ്കില്‍, രാജ്യത്തെ ഹിന്ദുക്കള്‍ അവര്‍ക്കെതിരാണെങ്കില്‍ അങ്ങനെ സംഭവിക്കുമോ. ഞാന്‍ ഇന്നത്തെ ഈ പദവിയില്‍ എത്തിയത് എങ്ങനെയാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും സിഖുകാരും എന്നെ സ്‌നേഹിക്കുന്നത് കൊണ്ടാണെന്നും മിഥുന്‍ ചക്രവര്‍ത്തി പറയുന്നു.
മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റ് സംബന്ധിച്ച് മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു- അഴിമതി കേസില്‍ തനിക്കെതിരെ തെളിവില്ല എന്ന് പാര്‍ഥ ചാറ്റര്‍ജിക്ക് ബോധ്യമുണ്ടെങ്കില്‍ ഭയക്കേണ്ട കാര്യമില്ല. പുറത്തുവരുന്ന വാര്‍ത്തകളില്‍ എന്തെങ്കിലും കഴമ്പുണ്ടെങ്കില്‍ ഒരു ശക്തിക്കും അദ്ദേഹത്തെ രക്ഷിക്കാനുമാകില്ല. അധ്യാപന നിയമന വിവാദം 2000 കോടിയുടെ അഴിമതിയാണെന്നും പാര്‍ഥ ചാറ്റര്‍ജി പറയുന്നു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ഭരണം പിടിക്കുമെന്നായിരുന്നു ബിജെപിയുടെ അവകാശ വാദം. എന്നാല്‍ ഫലം വന്നപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് സീറ്റ് കൂടുകയാണ് ചെയ്തത്. തുടര്‍ച്ചയായ മൂന്നാം തവണയാണ് മമത ബാനര്‍ജി ബംഗാളിന്റെ മുഖ്യമന്ത്രിയായത്. സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും മറികടന്ന് പ്രതിപക്ഷ പാര്‍ട്ടിയായി ബംഗാളില്‍ ബിജെപി ഉയര്‍ന്നു എന്നത് എടുത്തു പറയേണ്ടതാണ്. മധ്യ പ്രദേശിലും മഹാരാഷ്ട്രയിലും സംഭവിച്ച പോലെ ബംഗാളിലും ഭരണകക്ഷിയില്‍ നിന്നുള്ളവര്‍ കളംമാറി ബിജെപിയിലെത്തുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications