വിജയ് പണി തുടങ്ങി; വാര്‍ റൂം റെഡി, ഓരോ ബൂത്തിലും 4 പേര്‍, മധുരയെ ഇളക്കി മറിക്കും
ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന തമിഴ്‌നാട്ടില്‍ നടന്‍ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) ഒരുമുഴം മുമ്പേ എറിയുന്നു. സമ്പൂര്‍ണ തയ്യാറെടുപ്പുകളുടെ ഭാഗമായി ചെന്നൈയില്‍ ടിവികെയുടെ വാര്‍ റൂം പ്രവര്‍ത്തനം തുടങ്ങി. ഇനി 284 ദിവസമാണ് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ളത്. ഇക്കാര്യം കണക്കിലെടുത്ത് ഓരോ ദിവസവും എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തണം എന്ന കൃത്യമായ ആസൂത്രണ മികവോടെയാണ് നീക്കം.
അംഗത്വ കാമ്പയിനും ബൂത്ത് ഏജന്റുമാര്‍ക്ക് പരിശീലനവും നല്‍കുന്ന ടിവികെ, മണ്ഡല അടിസ്ഥാനത്തില്‍ സര്‍വെകള്‍ സംഘടിപ്പിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി പ്രചാരണം ശക്തമാക്കി ഐടി വിങ് സജീവമാണ്. നിലവില്‍ എഐഎഡിഎംകെയുടെ മുന്നിലാണ് ടിവികെ എന്നാണ് പാര്‍ട്ടി സര്‍വ്വെകള്‍ പറയുന്നതത്രെ. ഡിഎംകെയുമായി ശക്തമായ മല്‍സരം നടക്കുമെന്നാണ് അവരുടെ പ്രതീക്ഷ.

തമിഴ് രാഷ്ട്രീയത്തില്‍ വരാനിരിക്കുന്ന അടുത്ത എംജിആര്‍ ആണ് വിജയ് എന്ന് അദ്ദേഹവുമായി അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു. 1977ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ രൂപീകരിച്ച് തനിച്ച് മല്‍സരിച്ച എംജിആര്‍ 144 സീറ്റ് നേടിയാണ് അധികാരത്തിലെത്തിയത്. സമാനമായ വിജയം വിജയിയെ കാത്തിരിക്കുന്നു എന്ന് അണികള്‍ വിശ്വസിക്കുന്നു. 1977 ആവര്‍ത്തിക്കുമെന്ന് അവര്‍ ആണയിടുകയും ചെയ്യുന്നു.
69400 ബൂത്ത് ഏജന്റുമാരെ ടിവികെ നിയോഗിച്ചിട്ടുണ്ട്. ഇവര്‍ക്ക് പരിശീലനം നല്‍കി വരികയാണ്. ഓരോ ബൂത്തിലും 4 പേരെയാണ് നിയോഗിക്കുന്നത്. ഇനിയുള്ള ദിവസങ്ങളില്‍ ഇവര്‍ ചുമതലയുള്ള ബൂത്തിലെ പ്രവര്‍ത്തനം ഏകോപിപ്പിക്കും. ഓരോ കുടുംബവുമായും ബന്ധം സ്ഥാപിക്കും. ടിവികെയുടെ പ്രവര്‍ത്തനം, ലക്ഷ്യം എന്നിവ പരിചയപ്പെടുത്തും. മുഖ്യമന്ത്രി സ്ഥാനാര്‍ഥി വിജയ് ആയതുകൊണ്ടുതന്നെ പ്രവര്‍ത്തനം എളുപ്പമാകുമെന്ന് ടിവികെ കരുതുന്നു.
അണിയറയില്‍ വന്‍ സംഘം ഒരുങ്ങി
അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ സംഘമാണ് വിജയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് എന്ന് ടിവികെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് ജനറല്‍ സെക്രട്ടറി ആധവ് അര്‍ജുന പറയുന്നു. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ജനറല്‍ സെക്രട്ടറി എന്‍ ആനന്ദ് ആണ്. 234 നിയമസഭാ മണ്ഡലങ്ങളിലും ഒരുപോലെ പ്രവര്‍ത്തനം തുടങ്ങിയെന്ന് ആധവ് പറയുന്നു. ഒരു മണ്ഡലത്തില്‍ ഏകദേശം 275 ബൂത്തുകളാണുള്ളത്.
വോട്ടര്‍മാരുടെ ഹിതം അറിയാന്‍ ഇടയ്ക്കിടെ സര്‍വെകള്‍ സംഘടിപ്പിക്കും. ഓരോ പ്രദേശത്തെയും പ്രശ്‌നങ്ങള്‍ പഠിക്കും. അതിന് പരിഹാരം നിര്‍ദേശിച്ചുകൊണ്ട് പ്രാദേശിക പ്രചാരണം നടത്തും. സോഷ്യല്‍മീഡിയ വഴിയുള്ള പ്രചാരണവും ശക്തമാണ്. ബൂത്ത് അടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളും സജീവമായി കഴിഞ്ഞു. എതിര്‍പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് തന്ത്രങ്ങള്‍ മെനയുന്നത് എന്ന് ടിവികെ തിരഞ്ഞെടുപ്പ് മാനേജര്‍മാര്‍ സൂചിപ്പിച്ചു.
മധുരയില്‍ കൂറ്റന്‍ സമ്മേളനം; തിയ്യതി മാറും
പാര്‍ട്ടിയുടെ 120 ജില്ലാ സെക്രട്ടറിമാര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിന് മൈ ടിവികെ എന്ന ആപ്പ് പുറത്തിറക്കി. രണ്ടര കോടി അംഗങ്ങളെയാണ് ലക്ഷ്യമിടുന്നത്. സഖ്യമില്ലാതെ മല്‍സരിച്ചാണ് ആദ്യ തിരഞ്ഞെടുപ്പില്‍ എംജിആര്‍ ജയിച്ചതും മുഖ്യമന്ത്രിയായതും. സമാനമായ വിജയം വിജയ്ക്ക് ഉണ്ടാകുമെന്നാണ് ടിവികെയുടെ പ്രതീക്ഷ.
മധുരൈ മാനാട് എന്ന പേരില്‍ ഈ മാസം 25ന് വലിയ സമ്മേളനം മധുരയില്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതിന് പോലീസിന്റെ അനുമതി ലഭിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാല്‍ തിയ്യതി മാറ്റണം എന്നാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്ത് പുതിയ തിയ്യതി നിശ്ചയിക്കാന്‍ ടിവികെ തീരുമാനിച്ചു. ഈ മാസം 18, 22 എന്നിവയില്‍ ഏതെങ്കിലും ഒരു തിയ്യതിക്കാണ് സാധ്യത.
ഓഗസ്റ്റ് 25ന് ക്യാപ്റ്റന്‍ വിജയകാന്തിന്റെ ജന്മദിനത്തിന്‍ സമ്മേളനം നടത്താനായിരുന്നു ആദ്യ തീരുമാനം. അദ്ദേഹത്തിന്റെ പാര്‍ട്ടിയെ കൂടി ടിവികെയുമായി അടുപ്പിക്കാനാണ് ശ്രമം. മാത്രമല്ല, എന്‍ഡിഎ വിട്ട മുന്‍ എഐഎഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വം ടിവികെക്ക് ഒപ്പം ചേരുമെന്നും വാര്‍ത്തകളുണ്ട്. കോണ്‍ഗ്രസുമായി സഖ്യത്തിനും ടിവികെ ശ്രമം നടക്കുന്നുണ്ട്.












Click it and Unblock the Notifications