കുംഭമേളയിലുണ്ടായ അപകടം അത്ര വലുതൊന്നുമല്ല; എനിക്ക് നന്നായി കുളിക്കാന്‍ പറ്റി: ഹേമമാലിനി
ന്യൂഡല്‍ഹി: പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തെ നിസാരവല്‍ക്കരിച്ച് ബിജെപി എംപിയും നടിയുമായ ഹേമ മാലിനി. തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടം ഒരു വലിയ സംഭവമല്ലെന്നും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുംഭമേളയെ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ധാരാളം ആളുകള്‍ വരുമ്പോള്‍ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടാണ് എന്നും ഹേമമാലിനി പറഞ്ഞു.
'ഞങ്ങള്‍ കുംഭത്തിന് പോയി. വളരെ നന്നായി കുളിച്ചു. ഒരു സംഭവം നടന്നത് ശരിയാണ്, പക്ഷേ അത് വളരെ വലിയ സംഭവമായിരുന്നില്ല. ഇത് അതിശയോക്തിപരമായി പറയുകയാണ്. അപകട സാഹചര്യം നന്നായി നിയന്ത്രിച്ചു. എല്ലാം വളരെ നന്നായി ചെയ്തു. ധാരാളം ആളുകള്‍ വരുന്നതിനാല്‍ തന്നെ ഇതെല്ലാം കൈകാര്യം ചെയ്യാന്‍ വളരെ ബുദ്ധിമുട്ടാണ്,' അവര്‍ പറഞ്ഞു.

യുപി സര്‍ക്കാര്‍ യഥാര്‍ത്ഥ മരണങ്ങളുടെ എണ്ണം മറച്ചുവെക്കുന്നുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തേയും അവര്‍ തള്ളി. തെറ്റായ കാര്യങ്ങള്‍ പറയുക എന്നതാണ് അവരുടെ ജോലി എന്നും വിശുദ്ധ സ്‌നാനം നടത്താന്‍ തനിക്ക് അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു എന്നും ഹേമമാലിനി പറഞ്ഞു. അതേസമയം ഹേമമാലിനിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യുപിയിലെ കതിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി താരിഖ് അന്‍വര്‍ രംഗത്തെത്തി.
തിക്കിലും തിരക്കിലും പെടുന്നതിന്റെ അനുഭവം ഹേമമാലിനിക്ക് അറിയില്ലെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു. 'ഹേമമാലിനി സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്ക് വിഐപി പരിഗണന നല്‍കി. പൊലീസും ഭരണകൂടവും വിഐപികളെ നോക്കുന്നതിനാല്‍ മഹാകുംഭമേളയിലെ കാര്യങ്ങള്‍ അട്ടിമറിക്കപ്പെട്ടു. സാധാരണക്കാര്‍ക്ക് വേണ്ട ക്രമീകരണങ്ങളെയും സുരക്ഷയെയും കുറിച്ച് അവര്‍ക്ക് വിഷമമില്ല എന്നും അതിനാലാണ് ഇതൊരു വലിയ പ്രശ്‌നമായി തോന്നാത്തത് എന്നും താരിഖ് കുറ്റപ്പെടുത്തി.
അപകടത്തില്‍പ്പെട്ട ഇരകളെ പരിഹസിക്കുന്നതാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. മൗനി അമാവാസിയുടെ രണ്ടാം ഷാഹി സ്‌നാന വേളയില്‍ ആണ് തിക്കിലും തിരക്കിലും പെട്ട് 30 ഓളം പേര്‍ കൊല്ലപ്പെട്ടത്. അപകടത്തില്‍ 60 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അപകടത്തെ സര്‍ക്കാര്‍ കൈകാര്യം ചെയ്ത നടപടിയില്‍ നിരവധി പ്രതിപക്ഷ നേതാക്കള്‍ ആശങ്ക ഉന്നയിച്ചിരുന്നു.
ഈ സംഭവത്തില്‍ ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവമാണ് എസ്പി നേതാവ് അഖിലേഷ് യാദവ് ഉന്നയിച്ചത്. യഥാര്‍ത്ഥ മരണസംഖ്യ സര്‍ക്കാര്‍ മറച്ചുവെക്കുകയാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. 'മഹാകുംഭ ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാനടപടികള്‍ ഉണ്ടാകണം. സത്യം മറച്ചുവെച്ചവര്‍ ശിക്ഷിക്കപ്പെടണം. കുറ്റബോധമില്ലെങ്കില്‍, എന്തിനാണ് കണക്കുകള്‍ അടിച്ചമര്‍ത്തുകയും മറയ്ക്കുകയും ചെയ്തതെന്ന് ഞങ്ങള്‍ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിനോട് ചോദിക്കുന്നു,' അദ്ദേഹം പറഞ്ഞു.
മൃതദേഹങ്ങള്‍ എടുക്കാന്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിക്കാന്‍ വരെ അധികാരികള്‍ നിര്‍ബന്ധിതരായതായി അദ്ദേഹം അവകാശപ്പെട്ടു. 'സര്‍ക്കാര്‍ ബജറ്റ് നമ്പറുകള്‍ തുടര്‍ച്ചയായി പുറത്തുവിടുകയാണ്, ദയവായി കുംഭമേളയില്‍ മരിച്ചവരുടെ കണക്കുകള്‍ കൂടി നല്‍കുക. മഹാ കുംഭമേള അപകടത്തില്‍ മരിച്ചവരുടെ കണക്കുകള്‍, പരിക്കേറ്റവരുടെ ചികിത്സ, മരുന്നുകളുടെ ലഭ്യത, ഡോക്ടര്‍മാരുടെ ലഭ്യത, ഭക്ഷണം, വെള്ളം, ഗതാഗത സൗകര്യം എന്നിവ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം,' അഖിലേഷ് യാദവ് പറഞ്ഞു.












Click it and Unblock the Notifications