ടെലികോം ലൈസന്‍സ് കൈവെള്ളയിലാക്കി അദാനി; രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാം?
ദില്ലി: രാജ്യത്ത് എവിടെയും ടെലികോം സേവനം നൽകാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റർപ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വർക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചതായി റിപ്പോർട്ട്. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവർത്തനം വ്യാപിപ്പിച്ചിരുന്നു.
അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷം ആണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് കടന്നുവന്നിരിക്കുന്നത്. "അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു" എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. തിങ്കളാഴ്ചയാണ് അനുമതി ലഭിച്ചത്. ഇന്ത്യയിൽ എവിടെയും ടെലികോം സേവനങ്ങൾ നൽകാനുള്ള സമ്പൂർണ്ണ ലൈസൻസ് അദാനി ഗ്രൂപ്പ് സ്വന്തമാക്കി എന്ന് പിടിഐയാണ് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യുന്നത്. അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് യുഎൽ (എഎസ്) അനുവദിച്ചു എന്നാണ് ഒരു ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞത്.

ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ, തമിഴ്‌നാട്, മുംബൈ എന്നിവ ഉൾപ്പെടുന്ന ആറ് സർക്കിളുകളിൽ മാത്രമാണ് അദാനി ഡാറ്റ നെറ്റ്‌വർക്കിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിൽ നിന്ന് ഏകീകൃത ലൈസൻസ് ലഭിച്ചതെന്ന് മറ്റൊരു റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ ഇതിൽ നിന്ന തന്നെ അദാനി ഗ്രൂപ്പിന് അതിൻറെ നെറ്റ്‌വർക്കിൽ ദീർഘദൂര കോളുകൾ നടത്താനും ഇന്റർനെറ്റ് സേവനങ്ങൾ നൽകാനും സാധിക്കും എന്നാണ് റിപ്പോർട്ട് പറയുന്നത്.
26GHz മില്ലിമീറ്റർ വേവ് ബാൻഡിൽ 400MHz സ്പെക്‌ട്രം ഉപയോഗിക്കാനുള്ള അവകാശം അദാനി ഡാറ്റാ നെറ്റ്‌വർക്ക് ലിമിറ്റഡ് 20 വർഷത്തേക്ക് 212 കോടി രൂപയ്ക്കാണ് 5ജി സ്പെക്ട്രം ലേലത്തിലൂടെ നേടിയത്.
വൈദ്യുതി വിതരണം മുതൽ വിമാനത്താവളങ്ങൾ, തുറമുഖങ്ങളിലേക്കുള്ള ഗ്യാസ് റീട്ടെയ്‌ലിംഗ് എന്നിവയ്ക്ക് വേണ്ടിയുള്ള ഡാറ്റ പിന്തുണയ്ക്കായും അദാനി ഗ്രൂപ്പ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സൂപ്പർ ആപ്പിനും വേണ്ടി ഉള്ള ഡാറ്റാ സെന്ററുകൾക്കായി സ്പെക്ട്രം ഉപയോഗിക്കാൻ ആണു തങ്ങളുടെ പദ്ധതി ഇടുന്നതെന്ന് കമ്പനി പറഞ്ഞു.
പുതിയതായി ഏറ്റെടുത്ത 5G സ്പെക്‌ട്രം ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സൃഷ്ടിക്കാൻ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അത് അദാനി ഗ്രൂപ്പിന്റെ പ്രധാന ഇൻഫ്രാസ്ട്രക്ചർ, പ്രാഥമിക വ്യവസായം, ബി 2 സി ബിസിനസ് പോർട്ട്‌ഫോളിയോ എന്നിവയുടെ ഡിജിറ്റലൈസേഷൻറെ വേഗതയും വ്യാപ്തിയും ത്വരിതപ്പെടുത്തും, എന്നും അദാനി ഗ്രൂപ്പ് നേരത്തെ പ്രസ്താവനയിൽ അറിയിച്ചു.












Click it and Unblock the Notifications