ഇത് ചില്ലറ കളിയല്ല: കൊച്ചിയില്‍ അദാനി തുടങ്ങിയത് വന്‍ പദ്ധതി: കൈ നിറയെ തൊഴില്‍ അവസരങ്ങള്‍
കേരളത്തിന്റെ വികസന കുതിപ്പില്‍ നിർണ്ണായക പങ്ക് വഹിക്കാന്‍ അദാനി ലോജിസ്റ്റിക്സ് പാർക്ക്. പദ്ധതിയുടെ ശിലാസ്ഥാപനം കഴിഞ്ഞ ദിവസം കളമശ്ശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവ്വഹിച്ചു. വ്യവസായ നിക്ഷേപ സൗഹൃദ സംസ്ഥാനമായി അതിവേഗം മുന്നേറുന്ന സംസ്ഥാനത്തിന് ദേശീയ ആഗോള വ്യാവസായിക ഭൂപടത്തിൽ ഉറച്ച സ്ഥാനം നേടിക്കൊടുക്കാൻ അദാനി ലോജിസ്റ്റിക്സ് പാർക്ക് പോലെ വൻകിട പദ്ധതികൾക്കു കഴിയുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
600 കോടിയിലധികം രൂപയുടെ നിക്ഷേപത്തോടെ ആരംഭിക്കുന്ന ലോജിസ്ററിക്സ് പാർക്ക് 13 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. ഇത്തരം പദ്ധതികൾ കൂടുതൽ സംരംഭകരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സഹായിക്കും. ജില്ലയുടെ വികസനത്തിനായി കൊച്ചി മെട്രോ, അന്താരാഷ്ട്ര വിമാനത്താവളം, വാട്ടർ മെട്രോ, ഇൻഫോപാർക്ക് തുടങ്ങിയ അനേകം പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിയത്. അതുപോലെ ലോജിസ്‌റ്റിക്സ് പാർക്കും നാടിൻ്റെ വികസന ലക്ഷ്യങ്ങളുമായി ചേർന്നു നിൽക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മൂന്നേമുക്കാൽ ലക്ഷത്തോളം സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. അതുവഴി 23,000 കോടിയുടെ നിക്ഷേപവും ഏഴര ലക്ഷത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു. ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിൽ സംസ്ഥാനം ഇപ്പോൾ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'ഇൻവെസ്റ്റ് ഇൻ കേരള' സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ചെടുക്കുന്ന ഈ പദ്ധതി, കേരളത്തെ ലോജിസ്റ്റിക്സ്, വ്യവസായ ശക്തികേന്ദ്രമാക്കി മാറ്റുന്നതിനുള്ള നിർണായക ചുവടുവയ്പാണ്. വ്യവസായ, ലോജിസ്റ്റിക്സ് വികസനത്തിന്റെ കേന്ദ്രമായി വളർന്നുവരുന്ന കളമശ്ശേരിയില്‍ 70 ഏക്കറിലധികം വിസ്തൃതിയിൽ സ്ഥിതി ചെയ്യുന്ന ഈ പാർക്ക്, ഗതാഗത ചെലവ് കുറയ്ക്കാനും, 'ജസ്റ്റ്-ഇൻ-ടൈം' പ്രവർത്തനങ്ങൾ സാധ്യമാക്കാനും, ഇ-കൊമേഴ്സ്, എഫ്എംസിജി/എഫ്എംസിഡി, ഫാർമസ്യൂട്ടിക്കൽ, ഓട്ടോമോട്ടീവ്, റീട്ടെയിൽ മേഖലകളിൽ കയറ്റുമതി ശേഷി വർധിപ്പിക്കാനും സഹായകരമാകും.
കളമശ്ശേരി ലോജിസ്റ്റിക്സ് പാർക്ക് തുറുമുഖങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഒരു സ്ഥാപനത്തിൽ നിന്ന് പൂർണമായും സംയോജിത ഗതാഗത-ലോജിസ്റ്റിക്സ് ബിസിനസ്സിലേക്കുള്ള പരിവർത്തനത്തിൽ ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡിന്റെ ഡയറക്ടറും സിഇഒയുമായ അശ്വനി ഗുപ്തയും വ്യക്തമാക്കി.
ഈ മേഖലയിലെ കമ്പനിയുടെ ഏറ്റവും വലിയ പദ്ധതികളിലൊന്നായ ഈ പാർക്ക്, ദക്ഷിണേന്ത്യയിലെ ഞങ്ങളുടെ ലോജിസ്റ്റിക്സ് സാന്നിധ്യം ശക്തിപ്പെടുത്തുകയും, പ്രാദേശിക നിർമാണവും പ്രാദേശിക വളർച്ചയും പിന്തുണയ്ക്കുകയും ചെയ്യും. സുസ്ഥിരത, കണക്റ്റിവിറ്റി, ദേശീയ പുരോഗതി എന്നിവ മുന്നോട്ട് കൊണ്ടുപോകുന്ന ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ നിർമിക്കാൻ ഞങ്ങൾ എപ്പോഴും പ്രതിജ്ഞാബദ്ധരാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ വാഗ്ദാനം ചെയ്യപ്പെട്ട 97- മത്തെ പദ്ധതിയാണ് ലോജിസ്റ്റിക്സ് പാർക്കിലൂടെ യാഥാർഥ്യമായതെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു വ്യവസായ മന്ത്രി. ഇൻവെസ്റ്റ് കേരളയുടെ ഭാഗമായി ഇതുവരെ 35284.75 കോടിയുടെ പദ്ധതികളാണ് നിർമ്മാണഘട്ടത്തിലേക്ക് കടന്നിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
ലോജിസ്റ്റിക്സ് ഹബ്ബ് മാത്രമല്ല, സമഗ്ര വളർച്ചക്കും പ്രാദേശിക വികസനത്തിനും ഇത് ഒരു പ്രചോദനമാണ്. കൊച്ചിയിലെ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ എക്കണോമിക് സോൺ ലിമിറ്റഡിന്റെ ആദ്യ ലോജിസ്റ്റിക്സ് പാർക്ക് എൻട്രി മുതല്‍ ഇൻവോയിസിംഗ് വരെ മുഴുവൻ പ്രക്രിയയും ഡിജിറ്റൽ ആയിരിക്കും. ഇതിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യം, പ്രവർത്തനങ്ങളിൽ സുതാര്യത, വിതരണ ശൃംഖലയിലെ കാര്യങ്ങളുടെ തത്സമയ വിവരം എന്നിവ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications