'ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ല'; അദാനി ഗ്രൂപ്പ് വിവാദത്തിൽ ആർബിഐ
വിവിധ മാനദണ്ഡങ്ങൾ പ്രകാരം, ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആർബിഐ

മുംബൈ: രാജ്യത്തെ ബാങ്കിംഗ് സംവിധാനം സുസ്ഥിരവും സ്ഥിരതയുള്ളതമാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിനിനിടെയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രതികരണം വന്നിരിക്കുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ല എന്നാണ് ആർബിഐ പറഞ്ഞിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയുടെ സ്ഥിരത നിരീക്ഷിച്ചു വരികയാണെന്ന് ആർബിഐ അറിയിച്ചു.
വിവിധ മാനദണ്ഡങ്ങൾ പ്രകാരം, ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആർബിഐ പ്രസ്താവനയിൽ വിശദീകരിച്ചു. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ബാങ്കുകൾ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തിയുടെ എത്ര ശതമാനമാണ് അദാനി ഗ്രൂപ്പിന്റേതെന്നാണ് ആർബിഐ ചോദിച്ചത്. ഇതിനു പിന്നാലെയാണ്, നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന ആർബിഐയുടെ വിശദീകരണം.
അദാനി ഓഹരി വിവാദത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു .പാർലമെന്ററി പാനലോ സുപ്രീം കോടതി നിയോഗിച്ച സമിതിയോ അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ഹിൻഡർബർഗ് റിപ്പോർട്ടിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
ഓഹരി വിപണിയിൽ ഇടിവ് നേരിടുന്ന കമ്പനികളിൽ എൽ ഐ സിയും പൊതുമേഖലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നിക്ഷേപം നടത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ നോട്ടീസ് നൽകിയത്. അതേസമയം നോട്ടീസിന് സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
'ചർച്ച വേണമെന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. എന്നാൽ ഞങ്ങളുടെ ആവശ്യം നിരസിക്കപ്പെട്ടു. പ്രധാനപ്പെട്ട വിഷയങ്ങൾ ഉന്നയിക്കുമ്പോൾ ചർച്ചയ്ക്ക് സമയം നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. നിരവധി സാധുക്കളുടെ പണം എൽ ഐ സിയിലും എസ്ബിഐയിലും മറ്റ് ദേശീയ ബാങ്കുകളിലുമുണ്ട്. അത് തിരഞ്ഞെടുത്ത കമ്പനികൾക്ക് നൽകുകയാണ്.ഒന്നുകിൽ സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേൽനോട്ടത്തിലുള്ള സംഘമോ ഇത് അന്വേഷിക്കണം', എന്നാണ് മല്ലികാർജ്ജുൻ ഖാർഗെ വിമർശിച്ചത്
ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നു എന്ന റിപ്പോർട്ടാണ് ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെതിരായി പുറത്ത് വിട്ടിരുന്നത്. റിപ്പോർട്ടിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്തിരുന്ന എല്ലാ കമ്പനികളുടെയും ഓഹരി മൂല്യത്തിൽ വലിയ ഇടിവ് ഉണ്ടായി. അതേസമയം റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തിയിരുന്നു. ഹിൻഡർബർഗ് ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഇന്ത്യക്ക്ഓ നേരെ കണക്കുക്കൂട്ടിയ ആക്രമണമാണെന്നുമാണ് 413 പേജുള്ള വിശദമായ പ്രതികരണത്തിൽ അദാനി ഗ്രൂപ്പ് വിശദമാക്കിയത്.












Click it and Unblock the Notifications