കോണ്‍ഗ്രസ് മുക്ത ഭാരതത്തിനുശേഷം ഇടതുമുക്ത ഭാരതം; തൃപുര ലക്ഷ്യമിട്ട് അമിത് ഷാ
ദില്ലി: രാജ്യത്ത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യം ഇടതുമുക്ത ഭാരതം എന്നാക്കാന്‍ ആഹ്വാനം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ്ഷാ. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച ബിജെപിയുടെ കണ്ണ് ഇടതുപക്ഷം ആഴത്തില്‍ വേരോടിയ തൃപുരയും കേരളവുമാണ്.
2018ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃപുരയാണ് അമിത് ഷായുടെ ആദ്യ ലക്ഷ്യം. 1993 മുതല്‍ ഇവിടം ഭരിച്ചുകൊണ്ടിരിക്കുന്നത് ഇടതുപക്ഷമാണ്. മണിക് സര്‍ക്കാരിന്റെ ഭരണത്തിന് ജനങ്ങള്‍ പൂര്‍ണ പിന്തുണ നല്‍കുന്നു. ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നപ്പോഴും തൃപുരയില്‍ ശക്തമായി വേരൂന്നുകയാണ് ഇടതുപക്ഷം. അത് ഇല്ലാതാക്കണമെന്നാണ് അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് നല്‍കിയ നിര്‍ദ്ദേശം.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി അമിത് ഷാ അടുത്തമാസം തൃപുരയിലെത്തുന്നുണ്ട്. സംസ്ഥാനത്ത് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് കടന്നുവന്നശേഷം പതുക്കെ ഭരണം പിടിക്കുകയെന്നതാണ് ബിജെപിയുടെ തന്ത്രം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടുശതമാനത്തിലുണ്ടായ വര്‍ധനയും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്.
സംസ്ഥാനത്തെ 60 നിയമസഭാ സീറ്റുകളില്‍ 49ഉം സിപിഎം ആണ് നേടിയത്. പത്തിടത്തുമാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത്. 50 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്കാവട്ടെ 49 സീറ്റുകളിലും കെട്ടിവെച്ച പണം നഷ്ടപ്പെട്ടു. 1.54 ആയിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടു ശതമാനം. അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 5.77 ആയി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അടുത്തിടെ നടന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം നടത്താന്‍ കഴിഞ്ഞത് തൃപുരയിലും ആവര്‍ത്തിക്കാമെന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ ബിജെപി.












Click it and Unblock the Notifications