രാഹുല്‍ ഗാന്ധിക്ക് പിന്നാലെ അഫ്‌സല്‍ അന്‍സാരിയും; ബിഎസ്പി എംപി അയോഗ്യനാകും... 4 വര്‍ഷം തടവ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് കഴിഞ്ഞ മാസമാണ്. മോദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതാണ് കേസ്. ഗുജറാത്തിലെ സൂറത്ത് കോടതി അദ്ദേഹത്തെ രണ്ടു വര്‍ഷം തടവിന് ശിക്ഷിക്കുകയായിരുന്നു. തൊട്ടുപിന്നാലെ അദ്ദേഹത്തെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയും ചെയ്തു.
മറ്റൊരു എംപി കൂടി അയോഗ്യാനാകാന്‍ പോകുകയാണ്. ഉത്തര്‍ പ്രദേശിലെ ബിഎസ്പി എംപി അഫ്‌സല്‍ അന്‍സാരിയാണ് അയോഗ്യനാകുക. ഇദ്ദേഹത്തെ യുപിയിലെ കോടതി നാല് വര്‍ഷം തടവിന് ശിക്ഷിച്ചിരിക്കുകയാണ്. ബിജെപി എംഎല്‍എ കൊല്ലപ്പെട്ട കേസിലാണ് അഫ്‌സലിനെ ശിക്ഷിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരന്‍ മുക്താര്‍ അന്‍സാരിയെയും ശിക്ഷിച്ചിട്ടുണ്ട്.

പാര്‍ലമെന്റ് ചട്ട പ്രകാരം രണ്ട് വര്‍ഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ചാല്‍ ജനപ്രതിനിധി എന്ന നിലയില്‍ ലഭിച്ച പദവിയില്‍ നിന്ന് അയോഗ്യനാക്കപ്പെടും. ഈ ചട്ട പ്രകാരമാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ സെക്രട്ടേറിയറ്റ് അയോഗ്യനാക്കിയത്. തൊട്ടുപിന്നാലെ അദ്ദേഹത്തോട് ഔദ്യോഗിക വസതി ഒഴിയാനും ആവശ്യപ്പെട്ടിരുന്നു. രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസമാണ് വീടൊഴിഞ്ഞുകൊടുത്തത്.
ബിജെപി എംഎല്‍എ ആയിരുന്ന കൃഷ്ണാനന്ദ് റായി 2005ലാണ് കൊല്ലപ്പെട്ടത്. മുക്താര്‍ അന്‍സാരിയും സഹോദരന്‍ അഫ്‌സല്‍ അന്‍സാരിയും കേസില്‍ പ്രതികളായിരുന്നു. മുക്താറിന് പത്ത് വര്‍ഷം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. അഫ്‌സലിന് നാല് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. യുപിയില്‍ മാഫിയ ഭരണം അവസാനിച്ചുവെന്നാണ് കൃഷ്ണാനന്ദിന്റെ ഭാര്യ അല്‍ക്ക റായ് പ്രതികരിച്ചത്.
ഗാസിപൂരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായിരുന്നു മുക്താര്‍ അന്‍സാരിയും സഹോദരന്‍ അഫ്‌സല്‍ അന്‍സാരിയും. കൃഷ്ണാനന്ദ് റായിയുടെ മരണത്തിന് പിന്നില്‍ ഇവരാണ് എന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഉത്തര്‍ പ്രദേശ് മാറിയിട്ടുണ്ടെന്നും മാഫിയ ഭരണം ഇവിടെ അവസാനിച്ചുവെന്നും അല്‍ക റായ് പറയുന്നു. ജുഡീഷ്യറിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധി ശിക്ഷ റദ്ദാക്കാനുള്ള ശ്രമം തുടരുകയാണ്. മജിസ്‌ട്രേറ്റ് കോടതിയുടെ വിധിക്കെതിരെ രാഹുല്‍ ഗാന്ധി സൂറത്തിലെ ജില്ലാ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. ശേഷം അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ഇന്ന് രാഹുലിന്റെ ഹര്‍ജി പരിഗണിച്ചിരുന്നു. മനു അഭിഷേക് സിങ്‌വിയാണ് രാഹുലിന് വേണ്ടി ഹാജരായത്. കേസ് മെയ് രണ്ടിലേക്ക് മാറ്റി.
ഹൈക്കോടതി രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളിയാല്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയെ സമീപിക്കാനുള്ള അവസരമുണ്ടാകും. സുപ്രീംകോടതിയും കൈവിട്ടാല്‍ അദ്ദേഹം ജയിലിലേക്ക് പോകേണ്ടി വരുമെന്ന് മാത്രമല്ല, വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിയും. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതോടൊപ്പം വയനാട് ഉപതിരഞ്ഞെടുപ്പും പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications