ബിഹാറില്‍ സീറ്റ് വിഭജനത്തില്‍ ധാരണ: കോണ്‍ഗ്രസിന് നാല് മാത്രം, ഇടതിന് രണ്ട്
ഡൽഹി: ബിഹാറിൽ ആർജെഡി-ജെഡിയു സഖ്യം സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തിയതായി സൂചന. ഇരു പാർട്ടികളും 17 സീറ്റുകളിൽ വീതം മത്സരിക്കും. ലാലു പ്രസാദ് യാദവും ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ചേർന്നാണ് ഇത്തരമൊരു ധാരണയില്‍ എത്തിയതെന്നും റിപ്പോർട്ടുകള്‍ അവകാശപ്പെടുന്നു.
കോൺഗ്രസ് പാർട്ടിക്ക് നാല് സീറ്റുകൾ നൽകാൻ ലാലു പ്രസാദ് യാദവും നിതീഷ് കുമാറും പരസ്‌പര സമ്മതം അറിയിച്ചതായി വിശ്വസനീയമായ വൃത്തങ്ങൾ അറിയിച്ചു. ഈ തീരുമാനം ലാലു പ്രസാദ് യാദവും നിതീഷ് കുമാറും കോൺഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സീറ്റ് വിഭജന ചർച്ചകളുടെ നീക്കം അനുസരിച്ച് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികള്‍ രണ്ട് സീറ്റിൽ മാത്രം തൃപ്തിപ്പെടേണ്ടി വരും. അതേസമയം നിലവില്‍ ബിഹാറിലെ ഏറ്റവും വലിയ കക്ഷി ആർ ജെ ഡിയാണ്. 243 അംഗ നിയമസഭയില്‍ 79 സീറ്റുകളാണ് ആർ ജെ ഡിക്കുള്ളത്. ജെ ഡി യുവിന് 45 സീറ്റും കോണ്‍ഗ്രസിന് 19 സീറ്റുമുണ്ട്. ഇടതു പാർട്ടികളില്‍ സി പി ഐ (എം എല്‍) എല്ലിന് 12 സീറ്റും സി പി ഐ, സി പി എം പാർട്ടികള്‍ക്ക് രണ്ട് വീതം സീറ്റുമുണ്ട്. ഇടതുപക്ഷത്തിന് മാറ്റിവെച്ച രണ്ട് ലോക്സഭ സീറ്റുകളിലും സി പി ഐ (എം എല്‍) എല്‍ മത്സരിച്ചേക്കും.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 23 സീറ്റുകൾ വേണമെന്ന സഖ്യകക്ഷിയായ ശിവസേനയുടെ (യു ബി ടി) ആവശ്യം കോൺഗ്രസ് തള്ളി. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്ര വികാസ് അഘാഡി പങ്കാളികളായ ശിവസേന (യു ബി ടി), കോൺഗ്രസ്, എൻ സി പി എന്നിവ തമ്മിലുള്ള സീറ്റ് വിഭജനം ചർച്ച ചെയ്യാൻ നേതാക്കൾ യോഗം ചേർന്നതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയിലെ പിളർപ്പ് കാരണം മതിയായ സ്ഥാനാർത്ഥികളില്ലാത്തതിനാൽ ശിവസേന ഉദ്ധവ് താക്കറെയുടെ വിഭാഗത്തിന് കാര്യമായ വെല്ലുവിളി നേരിടേണ്ടിവരുമെന്നും കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം പറഞ്ഞു. ശിവസേനയുടേയും എന്‍ സി പിയിലേയും പിളർപ്പിനെ തുടർന്ന് സംസ്ഥാനത്ത് സ്ഥിരമായ വോട്ട് വിഹിതമുള്ളത് തങ്ങള്‍ക്ക് മാത്രമാണെന്നും യോഗത്തിൽ കോൺഗ്രസ് പ്രതിനിധികൾ വ്യക്തമാക്കി.
"എല്ലാ പാർട്ടികളും വലിയൊരു സീറ്റ് വിഹിതം ആഗ്രഹിക്കുന്നുവെങ്കിലും, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ശിവസേനയുടെ 23 സീറ്റുകളുടെ ആവശ്യം അമിതമായിരുന്നു," മുൻ മുഖ്യമന്ത്രിയും മഹാരാഷ്ട്ര കോൺഗ്രസ് നേതാവുമായ അശോക് ചവാൻ പറഞ്ഞു












Click it and Unblock the Notifications