ഗവര്‍ണറെ കയറ്റാതെ എയര്‍ ഏഷ്യ വിമാനം പറന്നുയര്‍ന്നു; പ്രോട്ടോക്കോള്‍ ലംഘനമെന്ന് രാജ്ഭവന്‍
ബംഗളൂരു: കര്‍ണ്ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെലോട്ടിനെ കയറ്റാതെ, എയര്‍ഏഷ്യ വിമാനം വ്യാഴാഴ്ച ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ടു. ഇതേ തുടര്‍ന്ന് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപിച്ച് വിമാനക്കമ്പനിക്കെതിരെ കര്‍ണാടക രാജ്ഭവന്‍ പരാതി നല്‍കി. വിമാനം പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ഗവര്‍ണര്‍ വിമാനത്താവളത്തില്‍ എത്തിയെന്നാണ് വിവരം.
എയര്‍പോര്‍ട്ട് ലോഞ്ചില്‍ അദ്ദേഹം കാത്തിരിക്കുന്ന സമയത്താണ് വിമാനം പറന്നുയര്‍ന്നത്. സംഭവത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനില്‍ ഗവര്‍ണറുടെ പ്രോട്ടോക്കോള്‍ ഓഫീസര്‍മാരാണ് പരാതി നല്‍കിയത്. ബംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്ക് ഉച്ചയ്ക്ക് 2.05 ന് ഷെഡ്യൂള്‍ ചെയ്ത് വിമാനത്തിലാണ് ഗവര്‍ണര്‍ക്ക് പോകേണ്ടിയിരുന്നത്.

ലോഞ്ചില്‍ വിശ്രമിച്ച ശേഷം വിമാനത്തില്‍ കയറാന്‍ എത്തിയ ഗവര്‍ണറെ എയര്‍ ഏഷ്യ ജീവനക്കാര്‍ അനുവദിച്ചില്ലെന്നാണ് പരാതി. വിമാനത്തിന്റെ വാതില്‍ അടച്ചെന്ന കാരണമാണ് ജീവനക്കാര്‍ പറഞ്ഞത്. എന്നാല്‍ ഗവര്‍ണര്‍ വിമാനത്തിന്റെ അടുത്ത് കൃത്യസമയത്ത് എത്തിയെന്നും പറന്നുയരാന്‍ അഞ്ച് മിനിറ്റ് ബാക്കിയുണ്ടായിരുന്നെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനാണ് രാജ്ഭവന്‍ വിമാനത്താവള അതോറിറ്റിക്ക് കത്തയച്ചിരിക്കുന്നത്. റായ്ച്ചൂറിലേക്ക് പോകുന്നതിന് വേണ്ടിയാണ് ഗവര്‍ണര്‍ ഹൈദരാബാദിലേക്ക് പോകാനിരുന്നത്. ശേഷം മറ്റൊരു വിമാനത്തില്‍ അദ്ദേഹം ഹൈദരാബാദില്‍ എത്തി. അതേസമയം, സംഭവത്തെക്കുറിച്ച് എയര്‍ഏഷ്യ അധികൃതര്‍ ഇതുവരെ പ്രസ്താവനയൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഞങ്ങള്‍ സാധാരണയായി എയര്‍ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാറില്ല. ദയവായി എയര്‍ഏഷ്യയുമായി ബന്ധപ്പെടണമെന്നാണ് എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നത്.












Click it and Unblock the Notifications