മുന്‍ എംഎല്‍എയുടെ മകന്റെ ഔഡി ഇടിച്ച് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു
കൊല്‍ക്കത്ത: മുന്‍ എം എല്‍ എയുടെ മകന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ മരിച്ചു. 21കാരനായ അഭിമന്യു ഗൗഡാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്തയിലാണ് സംഭവം. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതാവും മുന്‍ ആര്‍ ജെ ഡി എം എല്‍ എയുമായ മൊഹമ്മദ് സൊറാബിന്റെ മകന്‍ ആംബിയ സൊറാബിന്റെ കാറിടിച്ചാണ് അപകടം ഉണ്ടായത്.
ബുധനാഴ്ച രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ വന്ന ഔഡി കാര്‍ റിപ്പബ്ലിക് പരേഡ് റിഹേഴ്‌സല്‍ നടക്കുന്ന സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. പോലീസ് ബാരിക്കേഡുകള്‍ ഇടിച്ച് തകര്‍ത്ത കാര്‍ അഭിമന്യു ഗൗഡിനെ ഇടിക്കുകയായിരുന്നു. 20 മീറ്ററോളം കാര്‍ അഭിമന്യു ഗൗഡിനെയും കൊണ്ട് പോയി. ഇവിടെനിന്നും പോയ കാര്‍ വില്യം ഫോര്‍ട്ടിന് സമീപം മറ്റൊരു ബാരിക്കേഡില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഗൗഡിനെ ഉടന്‍ തന്നെ ഈസ്റ്റേണ്‍ കമാന്‍ഡ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുജറാത്തിലെ സൂറത്ത് സ്വദേശിയാണ് 21കാരനായ അഭിമന്യു ഗൗഡ്. വിവാഹിതനല്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് അവര്‍ പറഞ്ഞു.
അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാറില്‍ ഉണ്ടായിരുന്ന ഒരു ചലാനില്‍ നിന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാര്‍ വിറ്റ ഷോറൂമിന്റെ വിലാസം കിട്ടിയത്. ഈ വിലാസത്തില്‍ ബന്ധപ്പെട്ടപ്പോഴാണ് മുന്‍ എം എല്‍ എ മൊഹമ്മദ് സൊറാബിന്റെ മകന്‍ ആംബിയ സൊറാബിന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് മനസിലായത്.












Click it and Unblock the Notifications