Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യയും ഇൻഡിഗോയും, നിർത്തിവച്ചത് ഈ നഗരങ്ങളിലേക്കുള്ള യാത്രകൾ

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ധാരണയ്ക്കു ശേഷവും പാകിസ്ഥാന്‍ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ വിമാന സര്‍വീസുകളില്‍ വീണ്ടും അനിശ്ചിതാവസ്ഥ. യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക് ഡ്രോണുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്നാണ് ഈ തീരുമാനം. അപകടാവസ്ഥ പൂര്‍ണമായും ഒഴിവായെന്ന് പറയാന്‍ കഴിയില്ലെന്നും വളരെ ഗൗരവതരമായ സാഹചര്യമാണ് നിലനില്‍ക്കുന്നതുമെന്നുമാണ് വിമാനക്കമ്പനികളുടെ നിരീക്ഷണം.

ജമ്മു, ലേ, ജോധ്പൂര്‍, അമൃത്സര്‍, ഭുജ്, ജാംനഗര്‍, ചണ്ഡീഗഡ്, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതായി എയര്‍ ഇന്ത്യ അറിയിച്ചു. ജമ്മു, അമൃത്സര്‍, ചണ്ഡീഗഡ്, ലേ, ശ്രീനഗര്‍, രാജ്‌കോട്ട് എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളാണ് ഇന്‍ഡിഗോ നിര്‍ത്തിവച്ചത്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷക്ക് ഏറ്റവും വലിയ പ്രാധാന്യം നല്‍കുന്നതിനാലാണ് സര്‍വീസുകള്‍ റദ്ദാക്കുന്നതെന്ന് ഇന്‍ഡിഗോ അറിയിച്ചു. സര്‍വീസുകള്‍ വീണ്ടും ആരംഭിച്ച് 24 മണിക്കൂര്‍ പോലും തികയുന്നതിനു മുമ്പാണ് വീണ്ടും നിര്‍ത്തിവച്ചത്.

IndiGo

ഹാന്‍ഡ് ബാഗേജ്, ചെക്ക്-ഇന്‍ ലഗേജ് നിയമങ്ങള്‍ പാലിക്കാനും യാത്രക്കാര്‍ക്ക് നിര്‍ദേശമുണ്ട്. കര്‍ശനമായ സുരക്ഷ നിയമങ്ങള്‍ കാരണം ചെക്കിങ്ങുകള്‍ക്കായി യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരും. അതിനാല്‍ കാലതാമസം ഒഴിവാക്കുന്നതിന് വളരെ നേരത്തെ എത്തിച്ചേരണം.

ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലെ സാഹചര്യങ്ങള്‍ കാരണം വിമാനത്താവളങ്ങളില്‍ സിഐഎസ്എഫാണ് ബാഗേജ് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. വിമാന സര്‍വീസുകളുടെ സ്റ്റാറ്റസ് അറിയാന്‍ ഡല്‍ഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും യാത്രക്കാര്‍ക്ക് നല്‍കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നുണ്ട്.

ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച വിമാനത്താവളങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമായി വരുമ്പോഴാണ് പാകിസ്ഥാന്‍ വീണ്ടും പ്രകോപനം ആരംഭിച്ചത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് ഇന്നലെ അമൃത്സര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ പുനരാരംഭിച്ചിരുന്നു. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് തൊട്ടുപിന്നാലെയാണ് അതിര്‍ത്തി മേഖലകളില്‍ വീണ്ടും ഡ്രോണ്‍ സാന്നിധ്യം കണ്ടത്. ബിഎസ്എഫ് മാത്രം അന്‍പതോളം ഡ്രോണുകള്‍ താഴെ വീഴ്ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, എവിടെയും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള രൂക്ഷമായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അടച്ച 32 വിമാനത്താവളങ്ങളാണ് ഇന്നലെ തുറന്നത്. മേയ് 15 വരെ വിമാനത്താവളങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാനായിരുന്നു നേരത്തെ തീരുമാനിച്ചത്. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെയാണ് തുറക്കാന്‍ തീരുമാനിച്ചത്.

വീണ്ടും വിമാന സര്‍വീസുകള്‍ അനിശ്ചിതാവസ്ഥയിലായതോടെ യാത്രക്കാര്‍ വലിയ ദുരിതത്തിലാണ്. വിമാന സര്‍വീസുകളിലെ മാറ്റങ്ങള്‍ അറിയാന്‍ വിമാനക്കമ്പനികളെ ബന്ധപ്പെടാനും വെബ്സൈറ്റ് വഴിയുള്ള അപ്ഡേറ്റുകള്‍ കൃത്യമായി പിന്തുടരാനുമാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ) ആവശ്യപ്പെടുന്നത്. എയര്‍പോര്‍ട്ടുകളില്‍ കനത്ത ജാഗ്രതയും തുടരുന്നുണ്ട്.

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ പത്ത് സ്ഥലങ്ങളിലാണ് പാക് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യന്‍ വ്യോമ പ്രതിരോധ സംവിധാനം ഡ്രോണുകള്‍ അതിര്‍ത്തി കടക്കാതെ നിലത്തുവീഴ്ത്തി. 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായത്.

പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ സൈനിക നടപടി ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയതോടെ പാക് പ്രകോപനം ശക്തമായി. തുടര്‍ന്ന് പാകിസ്ഥാന്റെ ആവശ്യപ്രകാരം ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും പാകിസ്ഥാന്‍ വീണ്ടും പ്രകോപനം തുടരുകയാണ്. ഇന്നലെയും ഇന്ത്യയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ പാകിസ്ഥാന്‍ ആക്രമണത്തിന് ശ്രമിച്ചു. പാക് പ്രകോപനത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+