പാകിസ്താനെ തകര്‍ക്കാന്‍ വീണ്ടും മോദിയുടെ 'റേഡിയോ മിസൈല്‍'
പാകിസ്താനി പഞ്ചാബികളെ വരുതിയിലാക്കാന്‍ പഞ്ചാബിയില്‍ റേഡിയോ സേവനം ആരംഭിക്കാന്‍ ഇന്ത്യ നടപടികള്‍ തുടങ്ങി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന മറ്റു പ്രദേശങ്ങളിലും റേഡിയോ സേവനം ആരംഭിക്കാന്‍ പദ്ധതിയുണ്ട്
ദില്ലി: പാകിസതാനി പഞ്ചാബികളെ വരുതിയിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 'റേഡിയോ മിസൈല്‍' തയ്യാറാക്കുന്നു. പഞ്ചാബിയില്‍ റേഡിയോ സേവനം ആരംഭിക്കാന്‍ ഇന്ത്യ നടപടികള്‍ തുടങ്ങി. പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തിന്റെ മറ്റു പ്രദേശങ്ങളിലും പ്രാദേശിക ഭാഷകളില്‍ റേഡിയോ സേവനം ആരംഭിക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്.
പാകിസ്താനിലെ പഞ്ചാബികളെ ഇന്ത്യന്‍ നിലപാടുകളോട് അടുപ്പിക്കാനും അവരെ വരുതിയിലാക്കാനും മാത്രം ഉദ്ദേശിച്ചുള്ളതല്ല ഈ റേഡിയോ സേവനം. പാകിസ്താന്‍ റേഡിയോക്ക് മേഖലയിലുള്ള സ്വാധീനം തകര്‍ക്കുക കൂടിയാണ് ലക്ഷ്യം. പാകിസ്താന്‍ റേഡിയോയില്‍ വരുന്ന ഇന്ത്യാ വിരുദ്ധ പരിപാടികള്‍ക്ക് മറുപടി കൊടുക്കാനും പഞ്ചാബി ചാനല്‍ ഉപകരിക്കും.

ദസ് പഞ്ചാബ് എന്ന് പേരിലുള്ള പഞ്ചാബ് റേഡിയോയുടെ പ്രധാന ലക്ഷ്യം പഞ്ചാബികളുടെ സാംസ്‌കാരിക തനിമയും ഒരുമയും സംബന്ധിച്ച സന്ദേശം കൈമാറലാണ്. ആള്‍ ഇന്ത്യ റേഡിയോ ആണ് പഞ്ചാബിയിലും സേവനം നടത്തുക. നിലവില്‍ 20 കെഡബ്ല്യു എഫ്എം ട്രാന്‍സ്മിറ്റര്‍ പഞ്ചാബ് അതിര്‍ത്തി ജില്ലയായ ഫാസില്‍ക്കയില്‍ സ്ഥാപിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യ റേഡിയോയുടെ ഉര്‍ദുവാണ് ഇവിടെ ലഭിക്കുന്നത്.

80 കിലോമീറ്റര്‍ ദൂരത്തില്‍ ഉര്‍ദു ചാനല്‍ ലഭിക്കുമെങ്കിലും പാകിസ്താനിലെ 68 കിലോമീറ്റര്‍ വരെ മാത്രമേ ഇതിന്റെ സേവനം കിട്ടുന്നുള്ളു. 36 ലക്ഷത്തോളം പാകിസ്താനി ശ്രോതാക്കളുമുണ്ട്. എന്നാല്‍ പഞ്ചാബി സംസാരിക്കുന്നവരെ വേണ്ടത്ര ആകര്‍ഷിക്കാന്‍ ഉര്‍ദു ചാനലിന് സാധിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് പഞ്ചാബി ചാനല്‍ വരുന്നതെന്നാണ് വിശദീകരണം.

ജലന്ധറിലും ഫാസില്‍ക്കയിലും പഞ്ചാബി ചാനലിന്റെ പ്രക്ഷേപണത്തിന് സൗകര്യമൊരുക്കും. പുതിയ ആശയം അവിഭക്ത പഞ്ചാബിലെ മുഴുവന്‍ ജനതയെയും കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പഞ്ചാബികള്‍ക്കും ഇത് ഉപകരിക്കും. ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ പാകിസ്താന്‍ റേഡിയോക്കുള്ള സ്വാധീനം കുറയ്ക്കാനും സാധിക്കും.

അമൃതസര്‍ ടവറില്‍ നിന്നു പഞ്ചാബി സേവനം ലഭിക്കുന്നതിനു സൗകര്യമൊരുക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അമൃതസറില്‍ അടുത്തിടെ സ്ഥാപിച്ച 20 കെഡബ്ല്യു എഫ്എം ട്രാന്‍സ്മിറ്ററിന് ലാഹോര്‍ വരെ എത്താനുള്ള ശേഷിയുണ്ട്. പാകിസ്താനില്‍ പഞ്ചാബി സംസാരിക്കുന്നവര്‍ കൂടുതലുള്ള ഗുജ്രന്‍വാല, സെയില്‍കോട്ട് പ്രദേശങ്ങളില്‍ വരെ ഇവിടെ നിന്നുള്ള സംപ്രേഷണം ലഭിക്കും.

ഇന്ത്യയുടെ കശ്മീര്‍ വിഷയത്തിലുള്ള നിലപാടുകള്‍, പാകിസ്താന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്കുള്ള മറുപടി, ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങള്‍, വിനോദ പരിപാടികള്‍, സംഗീതം, കല, പൈതൃകം എന്നിവയാണ് ഉര്‍ദു ചാനലില്‍ ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. പഞ്ചാബി റേഡിയോയും ഇതൊക്കെ തന്നെയാവും സംപ്രേഷണം ചെയ്യുക.












Click it and Unblock the Notifications