Get Updates
Get notified of breaking news, exclusive insights, and must-see stories!

പവാറിന്റെ മര്‍മത്തടിച്ച് ബിജെപി; പ്രതിപക്ഷത്തിന്റെയും... ഒന്നല്ല, ഒരുപാട് തിരിച്ചടികള്‍

മുംബൈ: രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന നരേന്ദ്ര മോദിക്കൊപ്പം പ്രവര്‍ത്തിക്കാനാണ് കളംമാറിയത് എന്നാണ് എന്‍സിപി വിട്ട ശേഷമുള്ള അജിത് പവാറിന്റെ ആദ്യ പ്രതികരണം. 2019ല്‍ പാതി വഴിയില്‍ നിലച്ച കളംമാറ്റം ഇപ്പോള്‍ പൂര്‍ത്തിയാക്കുകയാണ് അജിത് പവാര്‍ ചെയ്തത് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ശരദ് പവാറിന് ശേഷം അജിത് പവാര്‍ എന്‍സിപി അധ്യക്ഷന്‍ എന്ന നിലയില്‍ നിന്ന് മാറി മറ്റു പേരുകള്‍ ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങിയതോടെയാണ് അജിത് പവാര്‍ കളംമാറ്റത്തെ കുറിച്ച് ആലോചന ശക്തമാക്കിയത്. മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കവെയാണ് 2019ല്‍ അജിത് പവാര്‍ ആദ്യം ബിജെപിക്കൊപ്പം പോയത്.

pawar

അന്നത്തെ കളംമാറ്റം പക്ഷേ, മണിക്കൂറുകളുടെ മാത്രം ആയുസില്‍ ചുരുങ്ങി. ശരദ് പവാര്‍ കളി മാറ്റിയതോടെ അജിത് പവാര്‍ തിരിച്ചെത്തി മഹാവികാസ് അഗാഡി സഖ്യത്തിന്റെ ഭാഗമായി. അജിത് പവാര്‍ എന്‍സിപിയെ വരുതിയിലാക്കന്‍ ശ്രമിക്കുന്നുണ്ടെന്നും സാധിച്ചില്ലെഎങ്കില്‍ വീണ്ടും ബിജെപിക്കൊപ്പം പോകുമെന്നും ശരദ് പവാറിന് നല്ല ബോധ്യമുണ്ടായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് താന്‍ രാജിവയ്ക്കാന്‍ പോകുന്നു എന്ന് ശരദ് പവാര്‍ രണ്ടാഴ്ച മുമ്പ് എന്‍സിപി യോഗത്തില്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. ഇതോടെ പാര്‍ട്ടി എംഎല്‍എമാരും എംപിമാരും ശരദ് പവാറിന്റെ 'കാലുപിടിച്ചു'. രാജി നീക്കത്തില്‍ നിന്ന് പിന്മാറണം എന്ന് എല്ലാ നേതാക്കളും ആവശ്യപ്പെട്ടു. ചിലര്‍ കരഞ്ഞു. മറ്റു ചിലര്‍ എംഎല്‍എ പദവി രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കി. ഒടുവില്‍ രാജി തീരുമാനത്തില്‍ നിന്ന് പിന്മാറിയെന്ന് ശരദ് പവാര്‍ പ്രഖ്യാപിച്ചതോടെ ബഹളം അവസാനിച്ചു.

തനിക്ക് പാര്‍ട്ടിയിലുള്ള ശക്തി ആവര്‍ത്തിച്ച് തെളിയിക്കുന്നതോടൊപ്പം അജിത് പവാറിന് വ്യക്തമായ സൂചന നല്‍കുക കൂടിയായിരുന്നു അന്ന് ശരദ് പവാര്‍ ചെയ്തത്. തൊട്ടുപിന്നാലെ അദ്ദേഹം മകള്‍ സുപ്രിയ സുലെയെ എന്‍സിപിയുടെ ദേശീയ വര്‍ക്കിങ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതോടെ തന്റെ സ്ഥാനം ഇനി പുറത്താകുമെന്ന് അനന്തരവന് ബോധ്യമായി. പിന്നീടാണ് ബിജെപിയുമായി ചര്‍ച്ച നടന്നത്.

വളരെ രഹസ്യമായിട്ടായിരുന്നു അജിത് പവാറിന്റെ നീക്കം. ചര്‍ച്ചകള്‍ ഡല്‍ഹിയിലായിരുന്നു. ഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയ അജിത് പവാര്‍ തന്റെ വസതിയില്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം വിളിച്ച് പിന്തുണ ഉറപ്പാക്കി. പിന്നീടായിരുന്നു കൂട്ട കളംമാറ്റം. ഇന്ന് ഉച്ചയോടെ അജിത് പവാര്‍ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. മറ്റു 8 എന്‍സിപി നേതാക്കളും മന്ത്രിമാരായി.

ശിവസേനയെ പിളര്‍ത്തിയാണ് ബിജെപി മഹാരാഷ്ട്രയിലെ മഹാവികാസ് അഗാഡി സഖ്യത്തിന്റെ ഭരണം അവസാനിപ്പിച്ചത്. ഇപ്പോള്‍ അവര്‍ക്ക് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാകുന്ന വിധം എന്‍സിപിയെയും പിളര്‍ത്തി. ഇവിടെ ഗോളടിച്ചത് ബിജെപിയാണ്. ഇനി മഹാരാഷ്ട്ര രാഷ്ട്രീയം തങ്ങളുടെ നിയന്ത്രണത്തിലാകുമെന്ന് ബിജെപി കരുതുന്നു. എന്നാല്‍ കളംമാറി എത്തിയവര്‍ എത്രകാലം കൂടെയുണ്ടാകുമെന്ന് കണ്ടറിയണം.

ശരദ് പവാറിനെ സംബന്ധിച്ചിടത്തോളം വലിയ അടിയാണ് ലഭിച്ചിരിക്കുന്നത്. പ്രതിപക്ഷം ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കുന്ന സഖ്യനീക്കത്തിന് കരുനീക്കം നടത്തുന്നവരില്‍ പ്രധാനിയാണ് ശരദ് പവാര്‍. ഒരുപക്ഷേ, പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ വരെ സാധ്യതയുള്ള നേതാവ്. എല്ലാം ഇതോടെ ഇല്ലാതായി. മാത്രമല്ല, എന്‍സിപിക്ക് ശബ്ദം ഇല്ലാതാകുകയും ചെയ്തു. പ്രതിപക്ഷ നിരയിലെ ശക്തി ക്ഷയിക്കുകയും ചെയ്തു. ഒരുവെടിക്ക് എന്‍സിപിയെയും പ്രതിപക്ഷ ഐക്യനീക്കത്തെയും തളര്‍ത്തുകയാണ് ബിജെപി ചെയ്തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+