സൈക്കിളില്ലെങ്കില്‍ മോട്ടോര്‍ സൈക്കിള്‍..മുലായത്തെ തള്ളി പുതിയ പാര്‍ട്ടിയുണ്ടാക്കാന്‍ അഖിലേഷ്..!

  • Posted By:
Subscribe to Oneindia Malayalam

ലക്‌നൗ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട് സമാജ് വാദി പാര്‍ട്ടിയില്‍ ഭിന്നത തുടരുന്നു. മുലായം സിംഗ് യാദവും, മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും തമ്മിലുള്ള അധികാര വടംവലി തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുന്‍പായി തര്‍ക്കം പരിഹരിക്കപ്പെടാന്‍ പോകുന്നില്ല എന്ന സൂചനകളാണ് ഇരുപക്ഷവും നല്‍കുന്നത്.

പാര്‍ട്ടി ചിഹ്നം ഇരുപക്ഷത്തിനും ലഭിച്ചില്ലെങ്കില്‍ ഇരുവിഭാഗവും പുതിയ വഴികള്‍ തേടുമെന്നാണറിയുന്നത്. ചിഹ്നം ലഭിച്ചില്ലെങ്കില്‍ അഖില ഭാരതീയ സമാജ് വാദി പാര്‍ട്ടി എന്ന പേരിലാവും അഖിലേഷ് പക്ഷം തെരഞ്ഞെടുപ്പിനെ നേരിടുക. ലോക് ദളിനെ കൂട്ടു പിടിക്കാനാണ് മുലായത്തിന്റെ നീക്കം.

തീരാത്ത തർക്കം

സൈക്കിളാണ് സമാജ് വാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. മുലായവും അഖിലേഷും തമ്മില്‍ ഭിന്നിപ്പിലായതോടെ പാര്‍ട്ടിയുടെ പേരിനു്ം ചിഹ്നത്തിനും വേണ്ടിയുള്ള അവകാശ തര്‍ക്കം ഉടലെടുത്തു.

ചിഹ്നത്തിന് വടംവലി

തര്‍ക്കം നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നിലാണ്. ഇരുവിഭാഗങ്ങളുടെയും വാദങ്ങള്‍ കേട്ട ശേഷമാകും തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം പ്രഖ്യാപിക്കുക. ചിഹ്നത്തിനും പേരിനുമായി വന്‍ വടംവലിയാണ് ഇരുപക്ഷവും നടത്തുന്നത്.

കിട്ടിയില്ലേലും കൊടുക്കില്ല

ചിഹ്നം തങ്ങള്‍ക്ക് ലഭിച്ചില്ലെങ്കിലും മറുപക്ഷത്തിന് ലഭിക്കുന്നത് തടയുക എന്നാണ് ഇരുവരും ലക്ഷ്യമിടുന്നത്. ഇരുവിഭാഗങ്ങള്‍ക്കും നല്‍കാതെ ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിക്കാനുള്ള സാധ്യതയാണ് കൂടുതല്‍.

പുതുവഴി തേടി ഇരുകൂട്ടരും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം എതിരായാല്‍ മുലായത്തിനും അഖിലേഷിനും പുതിയ രൂപത്തില്‍, പുതിയ ചിഹ്നത്തില്‍ മല്‍സരിക്കേണ്ടതായി വരും. വോട്ടര്‍മാര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പുതിയ പേരും ചിഹ്നവും പരിചയപ്പെടുത്തുക എന്നത് എളുപ്പമല്ല.

പ്രചരണം തുടങ്ങി

പുതിയ രൂപത്തില്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നത് വോട്ടു ലഭ്യതയെ ബാധിക്കുമെന്ന് ഇരുപക്ഷവും ഭയപ്പെടുന്നുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരുന്നത് വരെ കാക്കാതെ പ്രചാരണം തുടങ്ങാനാണ് അഖിലേഷ് തന്റെ അനുയായികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അഖില ഭാരതീയ സമാജ് വാദി പാര്‍ട്ടി

സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നവും പേരും ലഭിച്ചില്ലെങ്കില്‍ പുതിയ പേരിലാവും അഖിലേഷ് പക്ഷം തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുക. അഖില ഭാരതീയ സമാജ് വാദി പാര്‍ട്ടി എന്നാവും അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പേര്.

സൈക്കിളിന് പകരം മോട്ടോർ സൈക്കിൾ

സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ സൈക്കിള്‍ ലഭിക്കില്ലെന്ന് ഉറപ്പിച്ചാല്‍ തന്റെ സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാന്‍ പോകുന്ന ചിഹ്നവും അഖിലേഷ് യാദവ് തീരുമാനിച്ചു കഴിഞ്ഞു. മോട്ടോര്‍ സൈക്കിളായിരിക്കും അഖില സമാജ് വാദി പാര്‍ട്ടിയുടെ ചിഹ്നം.

ലോക് ദളിന് കൈകൊടുക്കും

അഖിലേഷ് പുതിയ പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ പിതാവ് മുലായം സിംഗ് യാദവും വെറുതെ ഇരിക്കുകയല്ല. ലോക് ദളിനോടു ചേര്‍ന്നാവും മുലായത്തിന്റെ അങ്കം. ലോക് ദളിന്റെ ചിഹ്നമായ കാളയും കൃഷിക്കാരനുമാവും മുലായം പക്ഷത്തെ സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം.

ഉടൻ തീരുമാനം

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ നോമിനേഷനുകള്‍ സമര്‍പ്പിച്ചു തുടങ്ങാനുള്ള തീയ്യതി ഈ മാസം 17 ആണ്. അതിന് മുന്‍പ് ചിഹ്നവും പേരും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കും എന്നാണറിയുന്നത്.

ചർച്ച പരാജയം

നേരത്തെ മുലായവും അഖിലേഷും തമ്മില്‍ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. മകനുമായി യാതൊരു പ്രശ്‌നമില്ലെന്നും രാംഗോപാല്‍ യാദവാണ് കുഴപ്പങ്ങളുണ്ടാക്കുന്നത് എന്നുമായിരുന്നു മുലായത്തിന്റെ ആരോപണം. ഒരു കാരണവശാലും പാര്‍ട്ടി പിളരില്ലെന്നും മുലായം പറഞ്ഞിരുന്നു.

English summary
Reports coming that Akhilesh Yadav is soon going to form a new party. The new party will be named as Akhil Bharatiya Samajwadi Party.
Please Wait while comments are loading...