പ്രധാനമന്ത്രിയാകാൻ കച്ച കെട്ടുന്ന രാഹുലിന് സ്വന്തം പാളയത്തിൽ വെല്ലുവിളി, അതൃപ്തി പരസ്യമാക്കി അഖിലേഷ്
ദില്ലി: 2019ല്‍ മോദി സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാനുളള വലിയ പടയൊരുക്കമാണ് പ്രതിപക്ഷ കക്ഷികള്‍ അണിയറയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രാദേശികമായുളള എതിര്‍പ്പുകളെയെല്ലാം മറന്ന് ദേശീയതലത്തില്‍ മോദിക്കെതിരെ വന്‍മതിലൊരുക്കുക എന്ന ലക്ഷ്യത്തിന് ചുക്കാന്‍ പിടിക്കുന്നത് കോണ്‍ഗ്രസ് അടക്കമുളള പാര്‍ട്ടികളാണ്.
എന്നാല്‍ മതില്‍ ഉയര്‍ത്തും മുന്‍പേ വിളളല്‍ വീണ അവസ്ഥയിലാണ് പ്രതിപക്ഷം. 2019ല്‍ വിജയിക്കാനുളള സാധ്യതകള്‍ തെളിഞ്ഞ് വരുന്ന ഘട്ടത്തിലാണ് ആരാകും പ്രധാനമന്ത്രി എന്ന തര്‍ക്കം മുറുകുന്നത്. എംകെ സ്റ്റാലിന്‍ തുടക്കമിട്ട ചര്‍ച്ച ദേശീയ രാഷ്ട്രീയത്തില്‍ ചൂട് പിടിക്കുന്നു. രാഹുലിനെ പ്രധാനമന്ത്രി കസേരയിലേക്ക് ആനയിക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല എന്നത് പുറത്തേക്ക് വന്നുകൊണ്ടിരിക്കുന്നു. പ്രതിപക്ഷ ഐക്യം തെരഞ്ഞെടുപ്പിന് മുന്‍പേ തമ്മിലടിച്ച് തീരുമോ എന്നതാണ് ഇനി അറിയേണ്ടത്.

പ്രധാനമന്ത്രി മോഹമില്ലാതെ തുടക്കം
ബിജെപിക്കെതിരെ മറ്റ് പ്രതിപക്ഷ കക്ഷികളെ യോജിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ കോണ്‍ഗ്രസിന് പ്രധാനമന്ത്രി പദം അടക്കം പ്രത്യേക ആവശ്യങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മാത്രമല്ല മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്ത് വെട്ട് വീഴ്ചയ്ക്കും തയ്യാറാണ് എന്നതും കോണ്‍ഗ്രസ് തുറന്ന് പറഞ്ഞു. ഭാവി പ്രധാനമന്ത്രിയായി വളര്‍ത്തിക്കൊണ്ടു വന്നതാണ് രാഹുല്‍ ഗാന്ധിയെ എങ്കിലും, പാര്‍ട്ടിയുടെ ദയനീയ അവസ്ഥയില്‍ പ്രധാനമന്ത്രിയാവുക എന്നതല്ല മുഖ്യമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിരുന്നു.

വിജയത്തോടെ കളി മാറി
ഇതോടെ മമത ബാനര്‍ജിയുടേയും മായാവതിയുടേയും ശരത് പവാറിന്റെയുമടക്കം പ്രധാനമന്ത്രി മോഹങ്ങള്‍ ചിറക് വിരിച്ചു. എന്നാല്‍ ഹിന്ദി ഹൃദയഭൂമിയില്‍ അടക്കം മൂന്ന് സംസ്ഥാനങ്ങള്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തതോടെ കളി മാറി. കോണ്‍ഗ്രസിന്റെ ശക്തമായ തിരിച്ച് വരവും ദേശീയ നേതാവെന്ന നിലയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകരിക്കപ്പെട്ടതും പ്രതിപക്ഷ ഐക്യത്തില്‍ മറ്റുളളരെ നിഷ്പ്രഭരാക്കി കളഞ്ഞു.

പ്രതിപക്ഷത്ത് അതൃപ്തി
പ്രതിപക്ഷ ഐക്യം വിജയിക്കുകയാണ് എങ്കില്‍ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി തന്നെ എന്ന് അഭിപ്രായങ്ങളുയര്‍ന്നു. മമത അടക്കമുളള നേതാക്കള്‍ക്ക് ഇതില്‍ അതൃപ്തിയുണ്ട്. കഴിഞ്ഞ ദിവസമാണ് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ വെച്ച് സ്റ്റാലിന്‍ ഭാവി പ്രധാനമന്ത്രിയായി രാഹുല്‍ ഗാന്ധിയെ ഉയര്‍ത്തിക്കാട്ടിയത്. വേദിയിലുണ്ടായിരുന്ന ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഈ പ്രഖ്യാപനത്തിന് കൈ അടിച്ചില്ല.

അതൃപ്തി പരസ്യമാക്കി അഖിലേഷ്
പ്രതിപക്ഷ ഐക്യ ശ്രമങ്ങളുടെ മുഖ്യസൂത്രധാരന്‍ കൂടിയായ ചന്ദ്രബാബു നായിഡുവിന് രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നതിലുളള അതൃപ്തി വ്യക്തം. സ്റ്റാലിന്റെ പ്രഖ്യാപനത്തോട് എസ്പി നേതാവ് അഖിലേഷ് യാദവും വിയോജിപ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നു. ഇത്തരം അഭിപ്രായ പ്രകടനങ്ങളെ സഖ്യത്തിന്റെത് എന്ന നിലയ്ക്ക് കാണേണ്ടതില്ല എന്നാണ് അഖിലേഷ് യാദവ് പ്രതികരിച്ചിരിക്കുന്നത്.

ഒറ്റയ്ക്ക് കൈപ്പിടിയിലാക്കേണ്ട
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ താഴെ വീഴണമെന്നും രാജ്യത്ത് പ്രതിപക്ഷം ഐക്യമുണ്ടാക്കണമെന്നും ജനം ആഗ്രഹിക്കുന്നുണ്ട്. പ്രതിപക്ഷത്ത് ഐക്യമുണ്ടാക്കാന്‍ മമത ബാനര്‍ജിയും ചന്ദ്രബാബു നായിഡുവും ശരത് പവാറും അടക്കമുളളവര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇനിയും തുടരുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. പ്രതിപക്ഷ മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസും രാഹുലും കൈപ്പിടിയില്‍ ഒതുക്കുന്നതിനോട് മറ്റാര്‍ക്കും താല്‍പര്യമില്ലെന്ന് വ്യക്തം.

മറ്റ് കക്ഷികൾക്ക് ക്ഷീണം
കോണ്‍ഗ്രസിന്റെ പൊടുന്നനെയുളള തിരിച്ച് വരവ് എസ്പിക്കും ബിഎസ്പിക്കും തൃണമൂലിനുമടക്കം ക്ഷീണമായിട്ടുണ്ട്. എസ്പിക്കും ബിഎസ്പിക്കും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാവാത്ത സാഹചര്യത്തില്‍ പ്രത്യേകിച്ചും. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മായാവതിയും അഖിലേഷും പങ്കെടുത്തിരുന്നില്ല. സ്റ്റാലിന്റെ പ്രഖ്യാപനത്തോട് സിപിഎം നിലപാടും മറ്റൊന്നല്ല.

കോൺഗ്രസിന് തലവേദന
2019ല്‍ ആരാകും പ്രധാനമന്ത്രി എന്നത് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച ചെയ്യാം എന്നാണ് സിപിഎം നിലപാട്. രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി പദവി മോഹങ്ങള്‍ക്ക് വലിയ തിരിച്ചടിയാണ് പ്രതിപക്ഷ കക്ഷികളില്‍ നിന്നുയരുന്ന എതിര്‍പ്പ്. മൂന്നിടത്തെ വിജയത്തോടെ മോദി പ്രഭാവം കുറഞ്ഞുവെന്നും രാഹുല്‍ പ്രഭാവം ഏറുന്നു എന്നുമുളള തരത്തില്‍ വിലയിരുത്തലുകള്‍ വരുന്നത് 2019ല്‍ നേട്ടമാകും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. എന്നാല്‍ പ്രധാനമന്ത്രി പദവിക്ക് അവകാശ വാദങ്ങളേറുന്നത് കോണ്‍ഗ്രസിനും പ്രതിപക്ഷ ഐക്യത്തിന് തന്നെയും തലവേദനയാണ്.












Click it and Unblock the Notifications