പാകിസ്താനില്‍ നിന്ന് ഓക്‌സിജന്‍ വാങ്ങാമെന്ന് പഞ്ചാബ്; പറ്റില്ലെന്ന് കേന്ദ്രം, മുഖ്യമന്ത്രി പറയുന്നു
ഛണ്ഡീഗഡ്: പാകിസ്താനില്‍ നിന്ന് ലിക്വുഡ് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാമെന്ന പഞ്ചാബ് സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രം തള്ളിയെന്ന് വെളിപ്പെടുത്തല്‍. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വാഗാ-അത്താരി അതിര്‍ത്തി വഴി പാകിസ്താനില്‍ നിന്ന് ഓക്‌സിജന്‍ ഇറക്കുമതി ചെയ്യാമെന്നായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ നിര്‍ദേശിച്ചതെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇക്കാര്യം തടഞ്ഞ കേന്ദ്രസര്‍ക്കാര്‍ മതിയായ ഓക്‌സിജന്‍ ലഭ്യമാക്കിയില്ലെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും പഞ്ചാബ് മുഖ്യമന്ത്രി കത്തയച്ചു. 50 മെട്രിക് ടണ്‍ ഓക്‌സിജന്‍, 20 ഓക്‌സിജന്‍ ടാങ്കറുകള്‍ എന്നിവ അനുവദിക്കണമെന്നും അമരീന്ദര്‍ സിങ് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന നേരിടുന്ന പ്രതിസന്ധി കേന്ദ്രത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് കത്തയച്ചത്.
പഞ്ചാബില്‍ കൊറോണ രോഗം അതിവേഗം വ്യാപിക്കുകയാണ്. ഓക്‌സിജന്‍ ദൗര്‍ലഭ്യതയാണ് സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി. രോഗികള്‍ കൂടി വരുന്നതോടെ ബെഡുകളുടെ കുറവും അനുഭവിക്കുന്നു. ഇതുവരെ പഞ്ചാബിലേക്ക് പുറത്ത് നിന്ന് എത്തിയത് 195 മെട്രിക് ടണ്‍ ഓക്‌സിജനാണ്. ഇതില്‍ 90 മെട്രിക് ടണ്‍ എത്തിയത് ബൊക്കാറോയില്‍ നിന്നാണ്. ബാക്കി ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്നും.
പഞ്ചാബിന് ദിനംപ്രതി അനുവദിച്ച ക്വാട്ട ലഭിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നു. ഓക്‌സിജന്‍ ടാങ്കറുകള്‍ മതിയായ അളവില്‍ എത്തുന്നില്ല എന്ന ആക്ഷേപവും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉന്നയിക്കുന്നു. ടാങ്കറുകള്‍ റെയില്‍വെ മാര്‍ഗം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ഇപ്പോള്‍ വരുന്നത് റോഡ് മാര്‍ഗമാണെന്നും അത് ഏറെ സമയ നഷ്ടമുണ്ടാക്കുന്നുവെന്നും അമരീന്ദര്‍ സിങ് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications