ഉപതെരഞ്ഞെടുപ്പ് ഫലം മുന്നറിയിപ്പോ? തെലങ്കാനയിലെ അടിത്തറ നഷ്ടപ്പെടുമെന്ന ഭയത്തില്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: തെലങ്കാനയില്‍ മുനുഗോഡ് ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ള മുന്നറിയിപ്പായി വിലയിരുത്തല്‍. സംസ്ഥാനത്ത് പാര്‍ട്ടിയുടെ നില കൂടുതല്‍ പരിതാപകരമാകുകയാണ് എന്നും ബി ജെ പി സംസ്ഥാനത്തെ പ്രധാനകക്ഷിയായി ഉയര്‍ന്നേക്കും എന്നുള്ള സൂചനയാണ് ഉപതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
2004 ലും 2009 ലും തുടര്‍ച്ചയായി രണ്ട് തവണ കേന്ദ്രത്തില്‍ അധികാരം നേടിയ കാലത്ത് കോണ്‍ഗ്രസിന്റെ പ്രധാന ശക്തികേന്ദ്രമായിരുന്ന സംസ്ഥാനത്താണ് (അന്ന് ആന്ധ്രാപ്രദേശിന്റെ ഭാഗം) പാര്‍ട്ടി താഴേക്ക് വളരുന്നത് എന്നതാണ് ശ്രദ്ധേയം. ആന്ധ്രാപ്രദേശില്‍ നിന്ന് തെലങ്കാന വിഭജിക്കപ്പെട്ടതിന് ശേഷം കോണ്‍ഗ്രസിന് ഇവിടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല.

സംസ്ഥാനം പിളര്‍ന്നതിന്റെയും ഹൈദരാബാദ് നഷ്ടപ്പെട്ടതിന്റെയും രോഷം ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിനെ തുടച്ചുനീക്കിയേക്കും എന്ന സാധ്യതയും നിലനില്‍ക്കുന്നു. 2018 ലെ തെലങ്കാന തിരഞ്ഞെടുപ്പില്‍ 117-ല്‍ 19 നിയമസഭാ സീറ്റുകളാണ് കോണ്‍ഗ്രസ് ജയിച്ചത്. പിന്നീട് 2019-ല്‍ ഉത്തം കുമാര്‍ റെഡ്ഡി എം പിയാകുകയും എംഎല്‍എ സ്ഥാനം ഒഴിയുകയും ചെയ്തു.

എന്നാല്‍ അതേ വര്‍ഷം തന്നെ 12 എം എല്‍ എമാര്‍ മൃഗീയ ഭൂരിപക്ഷമുള്ള ഭരണകക്ഷിയായ ടി ആര്‍ എസിലേക്ക് മാറുകയായിരുന്നു. ഇതോടെ കോണ്‍ഗ്രസ് വെറും ആറ് സീറ്റുകളിലൊതുങ്ങി. കോണ്‍ഗ്രസിനെ പിളര്‍ത്തി പോയ വിമതര്‍ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള നടപടികളില്‍ നിന്ന് ഒഴിവായി. അതോടെ നിയമസഭയില്‍ പ്രതിപക്ഷ പദവി പോലും കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു.

ഇതിനിടയില്‍ സംസ്ഥാനത്ത് ഇപ്പോഴും വേരോട്ടം ഉണ്ട് എന്ന് ഉറപ്പാക്കാന്‍ ജീവന്‍ മരണ പോരാട്ടം കാഴ്ച വെക്കേണ്ട മണ്ഡലമായിരുന്നു മുനുഗോഡ്. 2018 ല്‍ കോമാട്ടിറെഡ്ഡി രാജഗോപാല്‍ റെഡ്ഡി വിജയിച്ച കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായിരുന്നു മുനുഗോഡ്. എന്നാല്‍ ഈ വര്‍ഷം ഓഗസ്റ്റില്‍ അദ്ദേഹം പാര്‍ട്ടി വിട്ട് ബി ജെ പിയിലെത്തി.

പല്‍വായി ശ്രാവന്തിയെയാണ് കോണ്‍ഗ്രസ് ഇത്തവണ സ്ഥാനാര്‍ത്ഥിയാക്കിയത്. മദ്യനയത്തിലെ വാദപ്രതിവാദങ്ങള്‍ക്കിടെ 1.2 ലക്ഷം വനിതാ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് സംസ്ഥാനത്ത് കൂടി കടന്നുപോയ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പോലെ ഉപയോഗിക്കാന്‍ കോണ്‍ഗ്രസിനായില്ല.

സംസ്ഥാനത്തുണ്ടായിട്ടും മുനുഗോഡ് പ്രചാരണത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി വിട്ടുനില്‍ക്കുകയായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇതിനെ 'ഒരു ഉപതിരഞ്ഞെടുപ്പ് മാത്രം' എന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു. എന്നാല്‍ ടി ആര്‍ എസ് അവരുടെ സര്‍ക്കാരിന്റെ നിലനില്‍പ്പ് പോലും ഇതിനെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടില്‍ സര്‍വ്വശക്തിയുമെടുത്ത് പ്രചരണത്തിനുണ്ടായിരുന്നു.

ഒരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡ്സെറ്ററായി ഒരു ഉപതെരഞ്ഞെടുപ്പിനെ കണക്കാക്കാനാവില്ലെങ്കിലും 2023 ല്‍ അധികാരത്തിലെത്തും എന്ന പ്രതീതി പോലും സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിനായില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സി പി ഐയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ഇടതുപക്ഷം ടി ആര്‍ എസിന് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

കോമാട്ടിറെഡ്ഡി രാജഗോപാല്‍ കൂറുമാറിയ അമര്‍ഷവും ടി ആര്‍ എസിന് തുണയായി. രാജഗോപാലിന് ലഭിച്ച വോട്ടുകള്‍ ബി ജെ പിക്കുള്ളതല്ല, മറിച്ച് അദ്ദേഹത്തിന്റെ സ്വന്തം പ്രൊഫൈല്‍ കൊണ്ടാണെന്നും ചിലര്‍ വിലയിരുത്തുന്നു. രാജഗോപാല്‍ ഒരിക്കല്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായോ സ്വതന്ത്രനായോ മത്സരിച്ചിരുന്നെങ്കില്‍ ടി ആര്‍ എസിനു ജയിക്കാനാവില്ലെന്ന് പലരും പറയുന്നു.












Click it and Unblock the Notifications