'ഡല്‍ഹി ചലോ'യില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഉറച്ച് കര്‍ഷകര്‍; അനുനയനീക്കവുമായി കേന്ദ്രം
ന്യൂഡല്‍ഹി: ഇടവേളക്ക് ശേഷം രാജ്യതലസ്ഥാനത്തേക്ക് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ഷകര്‍. സംയുക്ത കിസാന്‍ മോര്‍ച്ചയും (രാഷ്ട്രീയേതര) കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ആണ് ഫെബ്രുവരി 13 ന് 'ഡല്‍ഹി ചലോ' മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. വിളകള്‍ക്ക് മിനിമം താങ്ങുവില (എംഎസ്പി) ഉറപ്പുനല്‍കുന്നതിനുള്ള നിയമം കൊണ്ടുവരുന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ അംഗീകരിക്കുന്നതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനാണ് മാര്‍ച്ച്.
200-ലധികം കര്‍ഷക യൂണിയനുകള്‍ ആണ് ചലോ ഡല്‍ഹി മാര്‍ച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്തി തുടങ്ങിയിരിക്കുകയാണ്. അതിനിടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയില്‍ നടത്തിയ കുത്തിയിരിപ്പ് സമരത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു.

ഇത് ഇവിടെ വന്‍ ഗതാഗതക്കുരുക്ക് ഉടലെടുക്കാന്‍ കാരണമായി. തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കാത്തതിനാലാണ് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരായെന്ന് എസ്‌കെഎം നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ പറഞ്ഞു. 'ഞങ്ങള്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്, സംഭാഷണത്തില്‍ നിന്ന് ഒരിക്കലും ഓടിപ്പോകില്ല.'
ഇപ്പോള്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ എംപിഎസിനെതിരെ നിയമപരമായ ഗ്യാരണ്ടിയും പ്രതിഷേധക്കാര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിനിടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം ഇന്ന് യോഗത്തിന് സമ്മതിച്ചിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഡല്‍ഹി അതിര്‍ത്തിയില്‍ തമ്പടിക്കാനാണ് സാധ്യത. അതേസമയം കര്‍ഷകര്‍ ദേശീയ തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാന്‍ ഹരിയാനയിലും ഡല്‍ഹിയിലും സര്‍ക്കാരുകള്‍ വലിയ വിന്യാസമാണ് ഒരുക്കിയിരിക്കുന്നത്. 'ഡല്‍ഹി ചലോ' മാര്‍ച്ച് കണക്കിലെടുത്ത് ഞായറാഴ്ച വടക്ക്-കിഴക്കന്‍ ദില്ലി ജില്ലയില്‍ വലിയ സമ്മേളനങ്ങള്‍ നിരോധിച്ചുകൊണ്ട് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നു.
ക്രമസമാധാന നില ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി ഡിസിപി ജോയ് ടിര്‍ക്കി പറഞ്ഞു. ഹരിയാന അധികാരികള്‍ പഞ്ചാബുമായുള്ള സംസ്ഥാന അതിര്‍ത്തി അടച്ചു. കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍, മണല്‍ ചാക്കുകള്‍, മുള്ളുവേലി, കലാപ വിരുദ്ധ വാഹനങ്ങള്‍ എന്നിവ റോഡില്‍ വിന്യസിച്ചിട്ടുണ്ട്. മാര്‍ച്ചില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് ഗ്രാമങ്ങളിലെയും ഖാപ് പഞ്ചായത്തുകളിലെയും സര്‍പഞ്ചുമാരുമായും പൊലീസ് യോഗം ചേര്‍ന്നു.












Click it and Unblock the Notifications