തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു; നടപടി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്തിരിക്കെ
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ. രാഷ്ട്രപതി ദ്രൗപദി മുർമു അരുൺ ഗോയലിന്റെ രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. 2027 വരെ അദ്ദേഹത്തിന് കാലാവധി ബാക്കി ഉണ്ടായിരുന്നു.
ഇതിനിടയിലാണ് രാജി പ്രഖ്യാപനം. 2022 നവംബർ 21നായിരുന്നു മുൻ ഐഎഎസ് ഉദ്യോഗസ്ഥനായ അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി രാഷ്ട്രപതി നിയമിച്ചത്. രാജീവ് കുമാറാണ് നിലവിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ. അടുത്ത ഫെബ്രുവരിയിൽ രാജീവ് കുമാർ പടിയിറങ്ങുമ്പോൾ മുഖ്യ കമ്മീഷണർ സ്ഥാനത്ത് എത്തേണ്ട ആളായിരുന്നു അരുൺ ഗോയൽ. രാജിയുടെ കാരണം എന്തെന്ന് ഇതുവരെ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

ഈ വർഷം ഫെബ്രുവരിയിൽ മറ്റൊരു തിരഞ്ഞെടുപ്പ് കമ്മീഷണർ ആയിരുന്ന അനൂപ് ചന്ദ്ര പാണ്ഡെ വിരമിച്ചിരുന്നു. ഇതിന് പിന്നാലെ ഗോയലിന്റെ രാജികൂടെ വരുന്നതോടെ മൂന്നംഗ തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഇനി ശേഷിക്കുന്നത് മുഖ്യ കമ്മീഷണറായ രാജീവ് കുമാർ മാത്രമാണ്.
സിവിൽ സർവീസിൽ നിന്ന് സ്വയം വിരമിച്ച ശേഷം അരുൺ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കിയ സംഭവം നേരത്തെ വലിയ വിവാദങ്ങൾക്കാണ് ഇടയാക്കിയത്. ഇതിന് പിന്നാലെ അരുൺ ഗോയലിന്റെ നിയമനം സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും ചെയ്‌തിരുന്നു.
1985 ബാച്ചിലെ പഞ്ചാബ് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അരുൺ ഗോയൽ വിവിധ മന്ത്രാലയങ്ങളിൽ പ്രവർത്തിച്ചിരുന്നു. ജിഎസ്‌ടി കൗൺസിലിൽ അഡീഷണൽ സെക്രട്ടറിയുടെയും പ്രധാനമന്ത്രിയുടെ ഓഫീസിൽ പദ്ധതി മേൽനോട്ട ഗ്രൂപ്പിന്റെയും ഉൾപ്പെടെ ചുമതലകളും അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.
കൂടാതെ സാംസ്‌കാരിക വകുപ്പിൽ സെക്രട്ടറിയായും, ഡൽഹി വികസന അതോറിറ്റിയുടെ വൈസ് ചെയർമാനായും കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, സാമ്പത്തിക ഉപദേഷ്‌ടാവ് എന്നീ നിലകളിലും അരുൺ ഗോയൽ പ്രവർത്തിച്ചിരുന്നു. ഇതിനിടയിലാണ് 2022 നവംബറിൽ അദ്ദേഹം സർവീസിൽ നിന്ന് സ്വയം വിരമിച്ചത്.
തിരഞ്ഞടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താനായി മറ്റന്നാള്‍ ജമ്മു കശ്‌മീരില്‍ സന്ദർശനം നടത്താനിരിക്കെയാണ് രാജി പ്രഖ്യാപനം വന്നിരിക്കുന്നത്. അടുത്തയാഴ്‌ചയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അരുൺ ഗോയലിന്റെ രാജിയുടെ പശ്ചാത്തലത്തിൽ തീരുമാനം നീളുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.












Click it and Unblock the Notifications