Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഗ്യപള്ളിയില്‍ ഭാഗ്യം തേടി സിപിഎം; കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യം... കണക്ക് അനുകൂലം

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സിപിഎം ജെഡിഎസുമായി സഖ്യമുണ്ടാക്കി. ഭാഗ്യപള്ളി മണ്ഡലത്തില്‍ ഇത്തവണ വിജയിക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഎം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ തവണ ജെഡിഎസുമായി സഖ്യമുണ്ടാക്കാത്തത് സിപിഎമ്മിന് തിരിച്ചടിയായിയിരുന്നു.

1994ലും 2004ലും സിപിഎം ജയിച്ച ഈ മണ്ഡലം പിന്നീട് കോണ്‍ഗ്രസിനൊപ്പമാണ് നിന്നത്. ഇത്തവണ എന്തു വില കൊടുത്തും ഭാഗ്യപള്ളി മണ്ഡലം പിടിക്കുക എന്നതാണ് ലക്ഷ്യം. മറ്റു മണ്ഡലങ്ങളില്‍ ജെഡിഎസ് സ്ഥാനാര്‍ഥികളെ സിപിഎം പിന്തുണയ്്ക്കും. കര്‍ണാടകയില്‍ സിപിഎമ്മിന് വലിയ സ്വാധീനമില്ലെങ്കിലും സഖ്യം ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.

j

സിപിഎം നേതാക്കള്‍ കുമാരസ്വാമി, ദേവഗൗഡ എന്നിവരുമായി ചര്‍ച്ച നടത്തി. ദേശീയതലത്തില്‍ മൂന്നാംമുന്നണിയുടെ ഭാഗമാകാന്‍ ജെഡിഎസ് ആലോചിക്കുന്നുണ്ട്. കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത പുതിയൊരു സഖ്യമാണ് അവര്‍ കാണുന്നത്. തെലങ്കാന മുഖ്യമന്ത്രി സി ചന്ദ്രശേഖര റാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായി നേരത്തെ ചര്‍ച്ച നടത്തിയത് ഇതിന്റെ ഭാഗമാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കാനാണ് ജെഡിഎസ് തീരുമാനം. അതിന്റെ ആദ്യഘട്ടമെന്നോണമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യം ചേര്‍ന്നത്. ഭാഗ്യപള്ളിയില്‍ നേരത്തെ ജെഡിഎസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. ഈ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് സിപിഎം സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കാനും ജെഡിഎസ് തീരുമാനിച്ചു.

ബിആര്‍എസ്, ടിഎംസി നേതാക്കള്‍ ഇത്തവണ ജെഡിഎസിന്റെ പ്രചാരണത്തിന് എത്തുമെന്നാണ് കരുതുന്നത്. കേരളത്തില്‍ ജെഡിഎസ് ഇടുതപക്ഷത്തിനൊപ്പമാണ്. കേരളത്തില്‍ നിന്നുള്ള നേതാക്കളുടെ പിന്തുണയും കര്‍ണാടകയിലെ രാഷ്ട്രീയ നീക്കുപോക്കിന് കാരണമായി. ഭാഗ്യപള്ളിയില്‍ കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്നു സിപിഎം.

2018ല്‍ രണ്ടാം സ്ഥാനത്ത് സിപിഎം

ഭാഗ്യപള്ളി മണ്ഡലത്തില്‍ കഴിഞ്ഞ തവണ ജയിച്ചത് കോണ്‍ഗ്രസാണ്. രണ്ടാം സ്ഥാനത്ത് സിപിഎമ്മും മൂന്നാം സ്ഥാനത്ത് ജെഡിഎസുമായിരുന്നു. സിപിഎം സ്ഥാനാര്‍ഥിക്ക് 65000 വോട്ട് കിട്ടി. 38000 വോട്ടാണ് ജെഡിഎസിന് കിട്ടിയത്. കോണ്‍ഗ്രസ് ജയിച്ചതാകട്ടെ 15000ത്തില്‍ താഴെ വോട്ടുകള്‍ക്കാണ്. അതുകൊണ്ടുതന്നെ ജെഡിഎസ്-സിപിഎം സഖ്യം ചേര്‍ന്നാല്‍ ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍.

സിപിഎമ്മിന്റെ ദേശീയ രാഷ്ട്രീയ പാര്‍ട്ടി പദവി ഇപ്പോള്‍ തുലാസിലാണ്. കേരളത്തിന് പുറത്ത് കൂടുതല്‍ ശക്തി കാണിക്കേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് സിപിഎം കേന്ദ്ര നേതാക്കള്‍ കൂടി ഇടപെട്ട് ജെഡിഎസുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

കോണ്‍ഗ്രസും ബിജെപിയുമാണ് കര്‍ണാടകയില്‍ പ്രധാന മല്‍സരം. എന്നാല്‍ തെക്കന്‍ കര്‍ണാടകയില്‍ ജെഡിഎസിന് നല്ല സ്വാധീനമാണ്. വൊക്കലിഗ സമുദായത്തിന് മേല്‍കോയ്മയുള്ള ഭാഗം കൂടിയാണ്. ഈ സമുദായ വോട്ട് പിടിക്കാന്‍ ഇത്തവണ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നുണ്ട്. എന്നാല്‍ സമുദായ വോട്ട് ഭിന്നിക്കില്ല എന്ന പ്രതീക്ഷയിലാണ് ജെഡിഎസ്.

മെയ് 10നാണ് കര്‍ണാടകയില്‍ വോട്ടെടുപ്പ്. 13ന് ഫലം പ്രഖ്യാപിക്കും. ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാശിയേറിയ മല്‍സരം നടക്കുമ്പോള്‍ പലപ്പോഴും കറുത്ത കുതിരയാകാന്‍ ജെഡിഎസിന് സാധിച്ചിട്ടുണ്ട്. കുമാരസ്വാമി രണ്ടു തവണ മുഖ്യമന്ത്രിയായതും ഈ ഒരു സാഹചര്യമുണ്ടായപ്പോഴാണ്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത്. ബിജെപി നേതാക്കളുടെ കളംമാറ്റം ഈ സാധ്യത മുന്നില്‍ കണ്ടാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+