തെക്കും കിഴക്കും ബിജെപി പിടിക്കും: സീറ്റുകളെണ്ണി അമിത് ഷാ; ബംഗാള്‍ - 30, തെലങ്കാന - 10, ഒഡീഷ - 17
ഡല്‍ഹി: ദക്ഷിണേന്ത്യയില്‍ മാത്രമല്ല രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലും ബി ജെ പി ഇത്തവണ വലിയ മുന്നേറ്റം നടത്തുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മേഖലയിലെ ഒരോ സംസ്ഥാനത്തും ബി ജെ പിക്ക് ലഭിക്കാവുന്ന സീറ്റുകളുടെ എണ്ണം സഹിതമാണ് മുതിർന്ന ബി ജെ പി നേതാവിന്റെ അവകാശവാദം. ശനിയാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ടത്തിന് മുന്നോടിയായുള്ള പ്രചാരണത്തിന് ഇടയ്ക്ക് എൻഡിടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാള്‍ ഉള്‍പ്പെടേയുള്ള സംസ്ഥാനങ്ങളില്‍ ഞങ്ങള്‍ ലീഡ് നേടുമെന്നാണ് അമിത് ഷായുടെ അവകാശവാദം. പശ്ചിമ ബംഗാളിലെ 42 സീറ്റില്‍ 24 മുതൽ 30 സീറ്റുകളില്‍ വരെ ബി ജെ പി വിജയിച്ചേക്കാം. ഒഡീഷയിൽ ഞങ്ങളുടെ ലക്ഷ്യം 21ല്‍ 17 ലോക്‌സഭാ സീറ്റുകളാണ്. ഒഡീഷ നിയമസഭയിലെ 147 സീറ്റുകളില്‍ 75 ലേറെ സീറ്റുകള്‍ നേടി പാർട്ടി അധികാരം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിെ 21-ൽ 10 സീറ്റുകളും ഞങ്ങൾ നേടും. ആന്ധ്രപ്രദേശിനെ സംബന്ധിച്ചിടത്തോളം, ഞങ്ങളുടെ സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് മാത്രല്ല ലോക്സഭയിലെ ബഹുഭൂരിപക്ഷം സീറ്റുകളും സ്വന്തമാക്കും. വടക്കും പടിഞ്ഞാറും ഇപ്പോൾ തന്നെ പ്രബല ശക്തിയായ ബിജെപി ഇത്തവണ പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന കിഴക്കും തെക്കുമുള്ള മേഖലകളിലും തങ്ങളുടെ പിടി ഉറപ്പിക്കാന്‍ വലിയ നീക്കങ്ങളാണ് നടത്തിയത്. കഴിഞ്ഞ തവണ നേടിയ സീറ്റുകളില്‍ ഏതെങ്കിലും നഷ്ടപ്പെടുകയാണെങ്കില്‍ അത് ഈ സംസ്ഥാനങ്ങളില്‍ അധികമായി നേടുന്ന സീറ്റുകള്‍കൊണ്ട് പരിഹരിക്കാമെന്നുമാണ് ബി ജെ പിയുടെ കണക്ക് കൂട്ടല്‍.
ആന്ധ്രയിലേയും ഒഡീഷയിലേയും നിയമസഭ തിരഞ്ഞെടുപ്പിലും ബി ജെ പിയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണുള്ളത്. ഒഡീഷയിൽ നവീൻ പട്‌നായിക്കിൻ്റെ നേതൃത്വത്തിലുള്ള ബി ജെ ഡിയും. ആന്ധ്രാപ്രദേശില്‍, ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസുമാണ് ബി ജെ പി സഖ്യത്തിന്റെ പ്രധാന എതിരാളികള്‍. ചന്ദ്രബാബു നായിഡുവിൻ്റെ നേതൃത്വത്തിലുള്ള തെലുങ്ക് ദേശം പാർട്ടിയുമായും പവന്‍ കല്യാണിന്റെ ജനസേനയും അടങ്ങുന്ന സഖ്യത്തിന്റെ ഭാഗമായിട്ടാണ് ആന്ധ്രയിലെ ബി ജെ പിയുടെ മത്സരം.
ബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ എന്നിവ ഉൾപ്പെടുന്ന കിഴക്കൻ മേഖലയിൽ ഞങ്ങൾ ഏറ്റവും വലിയ പാർട്ടിയായി ഉയർന്നുവരുമെന്നും അമിത് ഷാ പറയുന്നു. കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, തമിഴ്‌നാട് എന്നീ അഞ്ച് സംസ്ഥാനങ്ങളിലും ബി ജെ പി മുന്നേറ്റമുണ്ടാക്കും. എല്ലാ സംസ്ഥാനങ്ങളിലേയും ഏറ്റവും വലിയ പാർട്ടിയായി ഞങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.
"അബ് കി ബാർ 400 പർ" എന്നത് വെറും മുദ്രാവാക്യമാണോ അതോ വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണോയെന്ന ചോദ്യത്തിന് "2014 ലെ തിരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേവല ഭൂരിപക്ഷം എന്ന മുദ്രാവാക്യം ഞങ്ങള്‍ ഉയർത്തിയപ്പോള്‍, ഡൽഹിയിൽ നിന്നുള്ള നിരവധി രാഷ്ട്രീയ വിശകലന വിദഗ്ധർ അത് സാധ്യമല്ല എന്നായിരുന്നു പറഞ്ഞത്. എന്നാൽ ഞങ്ങൾക്ക് കേവല ഭൂരിപക്ഷം ലഭിച്ചു." എന്നായിരുന്നു അമിത് ഷായുടെ മറുപടി. പിന്നെ, 2019ൽ 300 പ്ലസ് എന്ന മുദ്രാവാക്യം ഉയത്തിയപ്പോളും അതും നടക്കില്ലെന്ന് ആളുകൾ പറഞ്ഞു. ഇത്തവണയും ആളുകൾ അതുതന്നെയാണ് പറയുന്നത്. എന്നാൽ നാനൂറിലേറെ സീറ്റുകള്‍ ബി ജെ പി നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications