തമിഴില്‍ സംസാരിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്ന് അമിത് ഷാ; തമിഴ്‌നാട്ടില്‍ ബിജെപി സര്‍ക്കാരുണ്ടാക്കും
ചെന്നൈ: സമീപകാലത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം മിക്കതും ബിജെപിക്കായിരുന്നു. ഒഡീഷ, ഹരിയാന, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവയ്ക്ക് ശേഷം തമിഴ്‌നാടും പശ്ചിമ ബംഗാളും പിടിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. രണ്ട് സംസ്ഥാനത്തും അടുത്ത വര്‍ഷം ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ മധുരയില്‍ നടന്ന പരിപാടിയില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടി തമിഴ്‌നാട്ടിലെത്തിയതായിരുന്നു അമിത് ഷാ. ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയ അദ്ദേഹം, എഐഎഡിഎംകെയുമായി സഖ്യം കൂടുതല്‍ ദൃഢമായി മുന്നോട്ട് കൊണ്ടുപോകുമെന്നും വ്യക്തമാക്കി. എഐഎഡിഎംകെയുമായുള്ള സഖ്യത്തിനെതിരെ ബിജെപിയില്‍ ഒരു വിഭാഗം അമര്‍ഷത്തിലിരിക്കെയാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

രാവിലെ മീനാക്ഷി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാണ് അമിത് ഷാ പരിപാടികള്‍ക്ക് തുടക്കമിട്ടത്. മധുരയിലെ പരിപാടിയില്‍ സംസാരിക്കുന്ന വേളയില്‍ അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടത് ഡിഎംകെയെ ആയിരുന്നു. നിരവധി അഴിമതി ആരോപണം ഡിഎംകെക്കെതിരെ അദ്ദേഹം ഉന്നയിച്ചു. അഴിമതിയുടെ എല്ലാ സീമയും ലംഘിച്ചാണ് ഡിഎംകെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ കുട്ടികള്‍ക്കുള്ള പോഷകാഹാരത്തിന് അനുവദിച്ച 450 കോടി രൂപ സ്വകാര്യ കമ്പനിക്ക് കൈമാറുകയാണ് ഡിഎംകെ സര്‍ക്കാര്‍ ചെയ്തത്. മണല്‍ ഖനന അഴിമതിയിലൂടെ 4600 കോടി രൂപ ഡിഎംകെ സര്‍ക്കാര്‍ തട്ടി. ഇതുകാരണം സാധാരണക്കാര്‍ വലിയ വില കൊടുത്ത് മണല്‍ വാങ്ങേണ്ട അവസ്ഥയുണ്ടായി എന്നും അമിത് ഷാ ആരോപിച്ചു.
അടുത്ത വര്‍ഷം തമിഴ്‌നാട്ടിലും ബംഗാളിലും ബിജെപി അധികാരം പിടിക്കും. എഐഎഡിഎംകെ-ബിജെപി സഖ്യം തമിഴ്‌നാട് ഭരിക്കും. ജനവികാരം മനസിലാക്കാന്‍ തനിക്ക് സാധിക്കും. തമിഴ് ജനത ഡിഎംകെ സര്‍ക്കാരിലെ അടുത്ത തിരഞ്ഞെടുപ്പില്‍ തൂത്തെറിയും. പ്രകടന പത്രികയില്‍ പറഞ്ഞ 60 ശതമാനം വാഗ്ദാനങ്ങളും സ്റ്റാലിന്‍ സര്‍ക്കാര്‍ പാലിച്ചില്ല. എത്ര പാലിച്ചുവെന്ന് ജനങ്ങളോട് പറയാന്‍ സ്റ്റാലിന് ധൈര്യമുണ്ടോ എന്നും അമിത് ഷാ വെല്ലുവിളിച്ചു.
ബിജെപി പ്രവര്‍ത്തകര്‍ തമിഴ്‌നാടിന്റെ എല്ലാ ഭാഗങ്ങളിലും നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ എത്തിക്കണം. മോദി സര്‍ക്കാര്‍ തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടി ചെയ്ത കാര്യങ്ങള്‍ ബോധിപ്പിച്ചുകൊടുക്കണം. തനിക്ക് തമിഴില്‍ സംസാരിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്. ഇന്ത്യയിലെ പ്രധാനപ്പെട്ട ഒരു ഭാഷയാണ് തമിഴ് എന്നും അമിത് ഷാ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെ പറഞ്ഞു.
തമിഴ്‌നാട്ടില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണ് ഡിഎംകെ. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പല നയങ്ങളും തമിഴ്‌നാട്ടുകാര്‍ക്ക് എതിരാണ് എന്നാണ് ഡിഎംകെയുടെ പ്രചാരണം. ബിജെപിക്ക് വേരോട്ടം വളരെ കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണിത്. എഐഎഡിഎംകെയെ കൂടെ നിര്‍ത്തി ഭരണം പിടിക്കാനാണ് ബിജെപി ആലോചിക്കുന്നത്. എന്നാല്‍, ഈ സംഖ്യം രൂപീകരിക്കുന്നതില്‍ ഇരുപാര്‍ട്ടികളിലും ചില നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. ഇവരെ താക്കീത് ചെയ്തുകൊണ്ടാണ് അമിത് ഷാ ഇന്ന് സംസാരിച്ചത്.












Click it and Unblock the Notifications