പന്‍സാരെ, ദഭോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് കൊലപാതകങ്ങള്‍ തമ്മില്‍ ബന്ധമുണ്ടോ?: സുപ്രീംകോടതി
ന്യൂദല്‍ഹി: ഗോവിന്ദ് പന്‍സാരെ, ഡോ. നരേന്ദ്ര ദാഭോല്‍ക്കര്‍, പ്രൊഫസര്‍ എം എം കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ പരസ്പരബന്ധിതമാണെന്ന് നരേന്ദ്ര ദാഭോല്‍ക്കറുടെ മകള്‍ മുക്ത ദാഭോല്‍ക്കര്‍. നരേന്ദ്ര ദാഭോല്‍ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിരീക്ഷിക്കാന്‍ ബോംബെ ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്ത് മുക്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഹര്‍ജി ഇന്ന് ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചിരുന്നു. മുക്ത ദാഭോല്‍ക്കറിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആനന്ദ് ഗ്രോവറിന് ചില അധിക രേഖകള്‍ പൂരിപ്പിക്കുന്നതിന് ബെഞ്ച് രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിക്ക് ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ഇത് സഹായകമാകുമെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന വിഷയങ്ങള്‍ അതീവ ഗൗരതരമാണെന്ന് മുക്ത ദാഭോല്‍ക്കറിന് വേണ്ടി ഹാജരായ ഗ്രോവര്‍ വാദിച്ചു. കുറ്റമറ്റ ഉത്തരവ് വന്നപ്പോള്‍ സിബിഐ അന്വേഷണം പൂര്‍ത്തിയായില്ലെന്നും പന്‍സാരെ, ദാഭോല്‍ക്കര്‍, കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങള്‍ പരസ്പരബന്ധിതമാണെന്ന് തെളിവുകളില്‍ വ്യക്തമാണ് എന്നും ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
വിചാരണ നടക്കുന്നതിനാലും നിരവധി സാക്ഷികളെ വിസ്തരിച്ചതിനാലും അന്വേഷണം നിരീക്ഷിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതായി ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു. അത്തരമൊരു നിരീക്ഷണത്തില്‍ എന്താണ് തെറ്റ് എന്നും ജഡ്ജി ചോദിച്ചു. എന്നാല്‍ വിചാരണ നടന്നിട്ടും ഒളിവില്‍ പോയവരെ നാളിതുവരെ പിടികൂടാനായിട്ടില്ലെന്ന് ഗ്രോവര്‍ മറുപടി നല്‍കി. കേസില്‍ കൂടുതല്‍ കാര്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാല്‍ ഈ വിഷയത്തില്‍ ബെഞ്ചിന് പരിമിതികളുണ്ടെന്ന് ജസ്റ്റിസ് കൗള്‍ പറഞ്ഞു. അതേസമയം മെയ് 31 ന് എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചെങ്കിലും ചില ഭരണപരമായ ബുദ്ധിമുട്ടുകള്‍ കാരണം ഇത് അംഗീകരിച്ചിട്ടില്ലെന്ന് എഎസ്ജി മറുപടി നല്‍കി. 20 സാക്ഷികളെ വിസ്തരിച്ചുവെന്നും അവര്‍ ബെഞ്ചിനെ അറിയിച്ചു. ഇതോടെ ഗ്രോവര്‍ ആരോപിച്ച വലിയ ഗൂഢാലോചനയെക്കുറിച്ച് ജസ്റ്റിസ് കൗള്‍ ചോദിച്ചു.
അഞ്ച് പ്രതികള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തില്‍ മൂന്ന് പേര്‍ക്കെതിരെ മതിയായ തെളിവുകളില്ലെന്നും മറ്റ് രണ്ടുപേര്‍ക്ക് ബന്ധമില്ലെന്നും എഎസ്ജി മറുപടി നല്‍കി. മറ്റ് അഞ്ച് പ്രതികകളുടെ വിചാരണ നടക്കുകയാണ്. എന്നാല്‍ ഗ്രോവര്‍ ചൂണ്ടിക്കാട്ടിയ നാല് കൊലപാതകങ്ങളും ബന്ധമുള്ളതാണോ എന്നാണ് ബെഞ്ചിന് അറിയേണ്ടതെന്നും ഇക്കാര്യം പരിശോധിക്കാന്‍ എഎസ്ജിയോട് ആവശ്യപ്പെട്ടതായും ജസ്റ്റിസ് കൗള്‍ പറഞ്ഞു.
യുക്തിവാദിയും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദാഭോല്‍ക്കര്‍ 2013-ല്‍ പ്രഭാത നടത്തത്തിനിടെയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. ആക്ടിവിസ്റ്റ് കേതന്‍ തിരോദ്കറും പിന്നീട് മുക്ത ദാഭോല്‍ക്കറും നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് 2014-ല്‍ ഹൈക്കോടതി അന്വേഷണം പൂനെ പൊലീസില്‍ നിന്ന് സിബിഐക്ക് കൈമാറി. അന്നുമുതല്‍ കേസിന്റെ പുരോഗതി കോടതി നിരീക്ഷിച്ചുവരികയായിരുന്നു.
2021-ല്‍ കൊലപാതകത്തിന്റെ സൂത്രധാരന്‍ വീരേന്ദ്ര സിന്‍ താവ്ഡെയ്ക്കെതിരെ പൂനെ പ്രത്യേക കോടതി കുറ്റം ചുമത്തി. യുഎപിഎ പ്രകാരം കൊലപാതകം, ഗൂഢാലോചന, ഭീകരതയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്ക് ഇയാള്‍ക്കും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ കേസെടുത്തു. അഞ്ചാം പ്രതി അഡ്വക്കേറ്റ് സഞ്ജീവ് പുനലേക്കറിനെതിരെ തെളിവ് നശിപ്പിച്ച കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ വലതുപക്ഷ മതസംഘടനയായ സനാതന്‍ സന്‍സ്തയുമായി ബന്ധമുള്ളവരാണ്.












Click it and Unblock the Notifications